ന്യൂഡല്‍ഹി: സി.പി.എം കേരള ഘടകത്തിലെ ചേരിപ്പോര് സംബന്ധിച്ച പി.ബി കമീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് വിട്ടു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പി.ബി കമീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുത്തെങ്കിലും തീരുമാനമൊന്നും എടുത്തില്ല. ജനുവരി ആറു മുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം റിപ്പോര്‍ട്ട് പരിഗണിക്കും. ജനുവരി അഞ്ചിന് പോളിറ്റ് ബ്യൂറോ ചേര്‍ന്ന് റിപ്പോര്‍ട്ടില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച ശിപാര്‍ശ തയാറാക്കും.
ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി എം.പി എന്നിവര്‍ക്കെതിരായ പാര്‍ട്ടി നടപടി സംബന്ധിച്ച ചര്‍ച്ചകളും കേന്ദ്ര കമ്മിറ്റി യോഗത്തിലുണ്ടാകും. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍നിന്ന് പിണങ്ങി ഇറങ്ങിപ്പോയത് ഉള്‍പ്പെടെയുള്ള അച്ചടക്ക ലംഘനങ്ങളുടെ പേരില്‍ വി.എസ്. അച്യുതാനന്ദനെതിരെ അച്ചടക്ക നടപടിക്ക് പി.ബി കമീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശയില്ല. സംസ്ഥാന ഘടകത്തില്‍ പിണറായിപക്ഷം പുലര്‍ത്തുന്ന ഏകാധിപത്യശൈലിയും വലതുപക്ഷ വ്യതിയാനവും തിരുത്താന്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന വി.എസിന്‍െറ പരാതിയിലും പി.ബി കമീഷന്‍ നടപടികളൊന്നും നിര്‍ദേശിക്കുന്നില്ല.
പാര്‍ട്ടി ഐക്യം തകര്‍ക്കരുതെന്നും വി.എസും പാര്‍ട്ടിയും ഒരുമിച്ച് പോകണമെന്നുമാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. അതേസമയം, കമീഷന് മുന്നിലത്തെിയ വി.എസിന്‍െറ നടപടികള്‍ പലതും തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന വിലയിരുത്തലും റിപ്പോര്‍ട്ടിലുണ്ട്. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടും പ്രശ്നങ്ങളുണ്ടാകാതിരിക്കാനാണ് വി.എസിനെതിരെ അച്ചടക്ക നടപടി ഒഴിവാക്കുന്നത്.
വി.എസിനെതിരായ നടപടി ഒഴിവാക്കി, ഐക്യത്തിനുള്ള ആഹ്വാനത്തോടെ പി.ബി കമീഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ് ബ്യൂറോ യോഗത്തില്‍ മുന്നോട്ടുവെച്ചത്. നേരത്തെ വി.എസിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന നേതൃത്വം, മാറിയ സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, നടപടി ഒഴിവാക്കുക മാത്രമല്ല, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം എന്ന തന്‍െറ ആവശ്യവും അംഗീകരിക്കണമെന്നാണ് വി.എസ്. യെച്ചൂരിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വി.എസിനെ ഉള്‍പ്പെടുത്തുന്നതിനോട് പിണറായി പക്ഷം ഇപ്പോഴും അനുകൂലമല്ല. നിലവില്‍ കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവ് മാത്രമാണ് വി.എസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.