‘‘കോൺഗ്രസ്​ നൽകുന്ന പണം വാങ്ങണം​; മുഖ്യമന്ത്രി ദുരഭിമാനം വെടിയണം’’

ആലപ്പുഴ: അന്തർ സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാൻ തയാറാണെന്നുള്ള കോൺഗ്രസ് നിലപാടിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കെ.സി. വേണുഗോപാൽ.

മുഖ്യമന്ത്രിയുടെ വാക്കുകൾ അത്ഭുതത്തോടെയാണ്​ കേട്ടത്​.  അതിഥിതൊഴിലാളികളുടെ യാത്രാചെലവ്‌ അവർക്കു നേരിട്ടും അല്ലെങ്കിൽ സർക്കാറിനും നൽകാൻ തയ്യാറാണെന്ന് കെ.പി.സി.സി കേരള ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതിൽ മുഖ്യമന്ത്രി എന്തിനാണ്  നീരസം പ്രകടിപ്പിക്കുന്നത്?. ഈ പരിഹാസം കൊണ്ട് കോൺഗ്രസിന്​ യാതൊരു കോട്ടവും സംഭവിക്കില്ലെന്നും, മറിച്ച് ഇത്തരം സമീപനം മുഖ്യമന്ത്രി പദവിയുടെ മഹത്വം ഇല്ലാതാക്കാനേ ഉപകരിക്കുവെന്നും കെ.സി വേണുഗോപാൽ ഫേസ്​ബുക്കിൽ കുറിച്ചു.

കെ.സി വേണുഗോപാൽ ഫേസ്​ബുക്കിൽ പങ്കുവെച്ച പോസ്​റ്റി​​​െൻറ പൂർണരൂപം: 

ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ യാത്രാച്ചിലവ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ ആഹ്വാനത്തെ പരിഹസിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾ വല്ലാത്തൊരു  അത്ഭുതത്തോടെയാണ് കേട്ടത്.
അടച്ചിടലിനെ തുടർന്ന് തൊഴിലും, കൂലിയുമില്ലാതെ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ തയ്യാറാവാതെ കേന്ദ്രസർക്കാർ കയ്യൊഴിഞ്ഞതിനെത്തുടർന്നാണ് ബഹുമാന്യയായ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം, അവരുടെ യാത്ര ചിലവുകൾ പ്രദേശ് കോൺഗ്രസ്കമ്മിറ്റികൾ ഏറ്റെടുത്തത്. അധികാര രാഷ്ട്രീയത്തിന്റെ തിമിരം ബാധിക്കാത്ത മുഴുവൻ മനുഷ്യസ്നേഹികളും, മാധ്യമങ്ങളും ഈ ഉദ്യമത്തെ വാഴ്ത്തുകയുണ്ടായി. 

രാജ്യത്തിൻറെ നിർമ്മാണ പുരോഗതിയിൽ നിശബ്ദമായി കഠിനാധ്വാനം ചെയ്യുന്ന ഈ ലക്ഷക്കണക്കിന് തൊഴിലാളികൾ തൊഴിൽ നഷ്ടപ്പെട്ടു പട്ടിണിയിൽ കഴിയുമ്പോഴും, അവരിൽ നിന്ന് യാത്രക്കൂലി ഈടാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം മനുഷ്യത്വരഹിതമാണെന്ന കാര്യത്തിൽ  മുഖ്യമന്ത്രിക്ക് സംശയമുണ്ടാവാൻ സാധ്യതയില്ല. നാട്ടിൽ തിരിച്ചെത്തിയാലും തൊഴിലില്ലാതെ മുഴുപ്പട്ടിണിയിൽ കഴിയാൻ വിധിക്കപ്പെട്ടവരുടെ അവസാനത്തെ സമ്പാദ്യവും കയ്യിട്ട് വാരിയാണ് കേന്ദ്ര സർക്കാർ അവർക്കു യാത്രാസൗകര്യം ഒരുക്കിയത്. കേന്ദ്രസർക്കാരിൻറെ ഈ കൊടിയ നീതിനിഷേധത്തിനെതിരെ നെഞ്ചുവിരിച്ചു ശബ്ദമുയർത്തുന്നതിനു പകരം, അവർക്ക് സഹായഹസ്തവുമായി മുന്നോട്ടു വന്ന കോൺഗ്രസ് പാർട്ടിയെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ഈ അനീതിക്കെതിരെ മൗനമായിരിക്കാൻ കഴിയില്ലെന്നുള്ളത് കൊണ്ടാണ് കോൺഗ്രസ് പാർട്ടി ഈ ഉദ്യമം ഏറ്റെടുത്തത്. അതിഥിതൊഴിലാളികളുടെ യാത്രാചെലവ്‌ അവർക്കു നേരിട്ടും അല്ലെങ്കിൽ സർക്കാറിനും നല്കാൻ തയ്യാറാണെന്ന് കെ പി സി സി, കേരള ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതിൽ മുഖ്യമന്ത്രി എന്തിനാണ്  നീരസം പ്രകടിപ്പിക്കുന്നത്. മാത്രമല്ല ആലപ്പുഴ ഡിസിസി പത്തു ലക്ഷം രൂപയുടെ ചെക്ക് കൈമാറാൻ ചെന്നപ്പോൾ സർക്കാർ നിർദ്ദേശമില്ലാത്തതിനാൽ സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് കളക്ടർ അതു നിരസിക്കുകയുമുണ്ടായി. 

രാജ്യത്തുടനീളം വെറുമൊരു ആഹ്വാനം നടത്തി പിരിഞ്ഞുപോവുകയായിരുന്നില്ല കോൺഗ്രസ് നേതൃത്വം. കർണാടക കോൺഗ്രസ് കമ്മിറ്റി യാത്രാ ഇനത്തിൽ കർണാടക ട്രാൻസ്‌പോർട് കോർപറേഷന് ഒരു കോടി രൂപ നൽകിക്കഴിഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർ അതിഥിതൊഴിലാളികളുടെ മുഴുവൻ യാത്രാചിലവും വഹിക്കാൻ സന്നദ്ധമാണെന്ന് മുഖ്യമന്ത്രിമാർ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

ഈ മാതൃകാപരമായ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളെ തൊഴിലാളിവർഗ പാർട്ടി എന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യമന്ത്രി പരിഹസിക്കുന്നത് അന്ധമായ കോൺഗ്രസ് വിദ്വേഷം ഒന്ന്  കൊണ്ട് മാത്രമാണ്. കോൺഗ്രസ് അധ്യക്ഷ ദേശീയതലത്തിൽ നടത്തിയ ഈ പ്രഖ്യാപനത്തെ പരിഹസിക്കുന്നത് കൊണ്ട് കോൺഗ്രസ് പാർട്ടിക്ക് യാതൊരു കോട്ടവും സംഭവിക്കില്ലെന്നും, മറിച്ച് ഇത്തരമൊരു സമീപനം മുഖ്യമന്ത്രി വഹിക്കുന്ന പദവിയുടെ മഹത്വം ഇല്ലാതാക്കാനേ ഉപകരിക്കുവെന്നും  മുഖ്യമന്ത്രി മനസിലാക്കിയാൽ നന്ന്. സംസ്ഥാന സർക്കാരിന് തൊഴിലാളികളുടെ യാത്രാക്കൂലി വഹിക്കാനാകില്ലെങ്കിൽ കോൺഗ്രസ് നൽകുന്ന പണം വാങ്ങിയെങ്കിലും അവരുടെ കണ്ണീരൊപ്പാൻ ദുരഭിമാനം വെടിഞ്ഞു മുഖ്യമന്ത്രി തയ്യാറാവണം.

ഇതോടൊപ്പം തന്നെ പാവപ്പെട്ട കുടിയേറ്റ തൊഴിലാളിയുടെ പോക്കറ്റടിക്കുന്ന കേന്ദ്രസർക്കാരും റെയിൽവേയും ഇക്കാര്യത്തിൽ കാട്ടുന്ന ഇരട്ടത്താപ്പും ജനം തിരിച്ചറിയണം. തൊഴിലാളികളുടെ സൗജന്യ യാത്രക്ക് പണമില്ലെന്നു പറഞ്ഞ റെയിൽവേ കഴിഞ്ഞ ദിവസം 150 കോടിയാണ് പ്രധാന മന്ത്രിയുടെ പി.എം. കെയർ ഫണ്ടിലേക്ക് നൽകിയത്. ട്രംപിന്റെ ഗുജറാത്ത് സന്ദർശനത്തിന് ആർഭാടമൊരുക്കാൻ കോടികൾ ഒഴുക്കിയ മോദി സർക്കാരിന് ദരിദ്രരായ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിൽ സാഡിസ്റ്റ് മനോഭാവമാണുള്ളത്.

Tags:    
News Summary - kc venugopal against pinarayi vijayan malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.