കൊലപാതകത്തില്‍ ദുരൂഹത: പരസ്പരം പഴിചാരി സി.പി.എമ്മും ബി.ജെ.പിയും

കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം വിജയിപ്പിക്കാന്‍ അണികളെയും പാര്‍ട്ടി ഘടകങ്ങളെയും രംഗത്തിറക്കിയവര്‍ കൊലപാതക വിവാദത്തില്‍. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബി.ജെ.പി  പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സി.പി.എമ്മില്‍ പഴിചാരി സംഘ്പരിവാര്‍ പ്രചാരണം തുടരവേ, സംഭവത്തില്‍ പങ്കില്ളെന്ന സി.പി.എമ്മിന്‍െറ വിശദീകരണം ദുരൂഹതക്ക് ആക്കം കൂട്ടുന്നു. കൊല നടത്തിയവരില്‍ പാര്‍ട്ടിക്കാരുടെ പങ്ക് തെളിഞ്ഞാല്‍ അവരെ സംരക്ഷിക്കില്ളെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ഈ വിശദീകരണം നിലനില്‍ക്കെതന്നെ പൊലീസ് സി.പി.എം പ്രവര്‍ത്തകരുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്.

പ്രതികാര കൊലപാതകങ്ങള്‍ക്ക് സാധാരണ പാര്‍ട്ടി ന്യായീകരണം കണ്ടത്തൊറുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂര്‍ ഇരട്ടക്കൊല അരങ്ങേറിയപ്പോള്‍ ‘വരമ്പത്ത് കൂലി’ പ്രയോഗം നടത്തിയതും പാര്‍ട്ടിയുടെ ഇക്കാര്യത്തിലുള്ള നിലപാടാണ്. എന്നാല്‍, ധര്‍മടം കൊലപാതകത്തില്‍ ആദ്യം ഏരിയ സെക്രട്ടറിയും പിന്നീട് ജില്ല സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഒരുപോലെ നിഷേധ പ്രസ്താവനയുമായി രംഗത്തുവന്നു. എസ്.എഫ്.ഐ നേതാവ് അറില്‍ രവീന്ദ്രന് തലേന്ന് വെട്ടേറ്റിരുന്നു. ഇതിന്‍െറ പ്രതികാരമാണ് കൊലയെന്നാണ് പ്രചാരണമെങ്കിലും സി.പി.എം  അത് നിഷേധിക്കുകയാണ്. കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ക്ക് മരുന്നുപുരട്ടുംവിധം സ്കൂള്‍ കലോത്സവം ജനകീയമാക്കണമെന്നും, സംഘ്പരിവാര്‍ ഇടത് ഭരണത്തിനുകീഴില്‍ കണ്ണൂരില്‍ കുഴപ്പമുണ്ടാക്കുന്നത് തടയാന്‍ പാര്‍ട്ടി എന്ത് വിലയും കൊടുക്കണമെന്നും  സി.പി.എം തീരുമാനിച്ചിരുന്നതാണ്. അതിന് വിരുദ്ധമാണ് ധര്‍മടത്ത് സംഭവിച്ചത്.

കേന്ദ്ര കമ്മിറ്റി യോഗത്തിന്‍െറ റിപ്പോര്‍ട്ടിങ് കീഴ്ഘടകങ്ങളില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കെ പാര്‍ട്ടി അറിയാതെ ഒരു കൊല നടന്നുവെങ്കില്‍ അതിന്‍െറ പിന്നില്‍ ആര് എന്നതാണ് ചോദ്യം. ഇരുവിഭാഗവും പരസ്പരം പഴിചാരുന്നുണ്ട്. കൊലപാതകം ആര്‍.എസ്.എസ് ആസൂത്രണം ചെയ്തതാണെന്നാണ് സി.പി.എം ജില്ല സെക്രട്ടറി പറഞ്ഞത്. കൊല്ലപ്പെട്ട സന്തോഷിന്‍െറ ഭാര്യയും സഹോദരിമാരും തമ്മില്‍ നിലനില്‍ക്കുന്ന സ്വത്തുതര്‍ക്ക കേസില്‍ ജാമ്യത്തിലിറക്കിയത് പാര്‍ട്ടി അനുഭാവിയാണെന്നും ഇതിന്‍െറ പേരില്‍ സന്തോഷിന് ഭീഷണിയുണ്ടായിരുന്നുവെന്നുമാണ് പി. ജയരാജന്‍െറ ആരോപണം. എന്നാല്‍, സന്തോഷ് വെട്ടേറ്റു മരിച്ചതില്‍ സി.പി.എം പങ്കിനു പുറമെ പൊലീസിന്‍െറ പക്ഷപാത സമീപനവും കാരണമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. ഒരുഭാഗത്ത് പൊലീസ് വീടുകയറി റെയ്ഡും മറുഭാഗത്ത് സി.പി.എം ക്രിമിനലുകളെ കയറൂരിവിടുകയുമാണ് പിണറായി ചെയ്യുന്നത്. ഏതു കൊലപാതകം നടന്നാലും അതില്‍ പങ്കില്ളെന്ന് പറയുന്ന സി.പി.എം നിലപാട് തികച്ചും പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് സി.പി.എമ്മിന്‍െറ ശക്തികേന്ദ്രമായ ധര്‍മടം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സംഘ്പരിവാറുമായുള്ള പ്രശ്നം രൂക്ഷമായത്. സംഘ്പരിവാറിന് വലിയ സ്വാധീനമില്ലാത്ത പിണറായി പഞ്ചായത്തില്‍  രാഷ്ട്രീയ സംഘര്‍ഷം തുടര്‍ക്കഥയാവുകയാണ്.

Tags:    
News Summary - Kannur political murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.