അണ്ണാ ഡി.എം.കെയുടെ കടിഞ്ഞാണ്‍ കൈയിലൊതുക്കാന്‍ ശശികല

ചെന്നൈ: ജയലളിത ഒഴിച്ചിട്ട പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ അണ്ണാ ഡി.എം.കെ അണികളുടെ ‘ചിന്നമ്മ ’ ശശികല വാസം തുടങ്ങി. ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായ പോയസ് ഗാര്‍ഡനിലേക്കുള്ള ശശികലയുടെ മടക്കം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈയിലൊതുക്കുന്നതിന്‍െറ സൂചനയാണ്. ജയലളിതയുടെ സംസ്കാരശേഷം ശശികല മടങ്ങിയത് പോയസ് ഗാര്‍ഡനിലേക്കാണ്. ഇവരോടൊപ്പം ഭര്‍ത്താവ് നടരാജനും കുടുംബാംഗങ്ങളുമുണ്ട്.  

24,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ബംഗ്ളാവുമായി പ്രവര്‍ത്തകര്‍ക്ക് വൈകാരിക അടുപ്പമുണ്ട്. പോയസ് ഗാര്‍ഡന്‍ സ്ട്രീറ്റിലെ വേദനിലയം വീട്ടില്‍ താമസിക്കുന്നവരായിക്കും പാര്‍ട്ടിയുടെ അടുത്ത പരാമാധികാരിയെന്ന് അണ്ണാ ഡി.എം.കെക്കാര്‍ക്കിടയില്‍ പ്രചാരണമുണ്ട്. ജയലളിതയുടെ ഉറ്റതോഴിയും മനസ്സാക്ഷി സൂക്ഷിപ്പുകാരിയുമായ ശശികലക്കാണ് അടുത്ത ജനറല്‍ സെക്രട്ടറിയാകാന്‍ യോഗ്യതയെന്നും ഒരു വിഭാഗം എം.എല്‍.എമാര്‍ പ്രചാരണം നടത്തുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ ശശികലക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. നിലവിലെ എം.എല്‍.എമാരില്‍ ഭൂരിഭാഗവും ശശികലയുടെ പിന്തുണയാല്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളായവരാണ്. ഈ സാഹചര്യത്തില്‍ ശശികലയുടെ അനുയായികളാണ് ഭൂരിഭാഗം എം.എല്‍.എമാരും. പൊലീസ് രഹസ്യാന്വേഷണ വിഭാഗവുമായും ശശികലക്ക് ബന്ധമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശശികല അടുപ്പം സ്ഥാപിച്ചിട്ടുണ്ട്. ജയക്ക് ആദരാഞ്ജലി അര്‍പ്പിക്കാനത്തെിയ മോദി,  ശശികലയുടെ തലയില്‍ കൈവെച്ച് ആശ്വസിപ്പിച്ചിരുന്നു. പാര്‍ട്ടിയില്‍ ഭാവിയിലുണ്ടാകാനിടയുള്ള അഭിപ്രായവ്യത്യാസം പരിഹരിച്ച് എല്ലാവരെയും ഒപ്പം നിര്‍ത്തുകയെന്നതാണ് ബി.ജെ.പി തന്ത്രം. ജയക്കുശേഷം ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തില്‍ ഭിന്നത ഒഴിവാക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍െറ ഇടപെടലുണ്ടായിരുന്നു.  

ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ, ഒ. പന്നീര്‍സെല്‍വം, ശശികല എന്നിവര്‍ക്കായി എം.എല്‍.എമാര്‍ സംഘടിച്ചിരുന്നു. എന്നാല്‍, തമ്പിദുരൈയെയും ശശികലയെയും തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിച്ച് പന്നീര്‍സെല്‍വത്തിന് വഴിയൊരുക്കുകയായിരുന്നു. ശശികലക്ക് പാര്‍ട്ടി ജനറല്‍സെക്രട്ടറി സ്ഥാനവും  തമ്പിദുരൈക്ക് കാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രി പദവിയുമാണത്രേ വാഗ്ദാനം. മറ്റ് ചില എം.പിമാര്‍ക്കും കേന്ദ്രഭരണത്തില്‍ വ്യക്തമായ സ്ഥാനം നല്‍കുമെന്നും ബി.ജെ.പി നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ടത്രേ.  മൂന്ന് ഗ്രൂപ്പുകള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി അണ്ണാ ഡി.എംകെയെ എന്‍.ഡി.എ സഖ്യകക്ഷിയാക്കുക എന്നതാണ് ബി.ജെ.പി തന്ത്രം.

നിലവില്‍ ശശികല പാര്‍ട്ടി നിര്‍വാഹക സമിതി അംഗമാണ്. 2011ല്‍ ശശികല, ഭര്‍ത്താവ് എം. നടരാജന്‍ എന്നിവരുള്‍പ്പെടെ 12 കുടുംബാംഗങ്ങളെ ജയലളിത പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ശശികലയെമാത്രം തിരിച്ചെടുത്തു. എന്നാല്‍, ജയലളിതയുടെ മരണത്തോടെ ശശികലയുടെ കുടുംബാംഗങ്ങളും പൂര്‍വാധികം ശക്തിയോടെ തിരിച്ചത്തെുകയാണ്. ജയലളിതയെ പുതപ്പിച്ചിരുന്ന ദേശീയ പതാക പൊലീസ് കൈമാറിയത് ശശികലക്കാണ്. ഈ സമയം  തടിച്ചുകൂടിയ അണ്ണാ ഡി.എം.കെ അണികളില്‍നിന്ന് കൈയടികള്‍ ഉയര്‍ന്നത് അവര്‍ മനസ്സാ ശശികലയെ നേതാവായി അംഗീകരിച്ചതിന്‍െറ സൂചനയാണ്.

Tags:    
News Summary - jayalalitha's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.