‘മന്നാര്‍ഗുഡി മാഫിയ’ നിയന്ത്രണമേറ്റെടുത്തേക്കും

കോയമ്പത്തൂര്‍: പുരട്ച്ചി തലൈവര്‍ എം.ജി.ആര്‍ 43 വര്‍ഷം മുമ്പ് രൂപവത്കരിച്ച ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍െറ ഭാവി അനിശ്ചിതത്വത്തിലേക്ക്. ജയലളിതയുടെ നിര്യാണത്തോടെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാനും ജനങ്ങളെ പിടിച്ചുനിര്‍ത്താനുമുള്ള ‘കരിഷ്മ’യുള്ള നേതാവ് പാര്‍ട്ടിയില്‍ ഇല്ലാത്തതാണ് വിനയാവുന്നത്. എം.ജി.ആര്‍ ഒരിക്കലും തന്‍െറ പിന്‍ഗാമിയെ പ്രഖ്യാപിച്ചിരുന്നില്ല. ജയലളിതയും എം.ജി.ആറിന്‍െറ പാതയാണ് പിന്തുടര്‍ന്നത്. പാര്‍ട്ടിയിലെ ‘രണ്ടാമന്‍’ എന്ന നിലയിലേക്ക് ആരെയും വളര്‍ത്തിക്കൊണ്ടുവരാന്‍ ജയലളിത മുതിര്‍ന്നില്ല. സംഘടനയില്‍ മേധാവിത്വം പുലര്‍ത്താന്‍ ശ്രമിച്ചവരെയെല്ലാം അതാത് സമയത്ത് അകറ്റിനിര്‍ത്താന്‍ ജയലളിത പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിനീതനും വിധേയനുമായ ഒ. പന്നീര്‍ശെല്‍വം വെറുമൊരു പകരക്കാരന്‍ മാത്രമായിരുന്നു. 

ജയലളിതയുടെ ‘ഉയിര്‍ തോഴി’ എന്ന പേരിലറിയപ്പെടുന്ന വി.കെ. ശശികല നടരാജന്‍ പാര്‍ട്ടിയുടെ നിയന്ത്രണമേറ്റെടുത്തേക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. വിവിധ കേസുകളില്‍ ജയലളിതയോടൊപ്പം ശശികലയും ജയില്‍വാസമനുഭവിച്ചിരുന്നു. തഞ്ചാവൂര്‍ മന്നാര്‍ഗുഡിയിലെ തേവര്‍ കുടുംബാംഗമായ ശശികല-ജയലളിത സൗഹൃദം മൂന്ന് ദശാബ്ദക്കാലം നീണ്ടുനിന്നു. എം.ജി.ആറിന്‍െറ കാലത്ത് പാര്‍ട്ടിയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായിരിക്കവെ അന്നത്തെ കടലൂര്‍ ജില്ല കലക്ടറായിരുന്ന വി.എസ്. ചന്ദ്രലേഖയാണ് ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തിയത്. വിഡിയോ കാസറ്റ് വില്‍പന കേന്ദ്രം നടത്തിയിരുന്ന ശശികല വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളും മറ്റും വിഡിയോ എടുത്തു നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ജയലളിതയുടെ മുഴുവന്‍ പരിപാടികളുടെ വിഡിയോ ഷൂട്ടിങ് ചുമതല ശശികലക്കായിരുന്നു. തുടര്‍ന്നാണ് ശശികല-ജയലളിത ബന്ധം ശക്തിപ്പെട്ടത്. 

തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ ഭരണ-സംഘടനാതലങ്ങളിലും അധികാര കേന്ദ്രങ്ങളിലും ശശികല തന്‍െറ കുടുംബാംഗങ്ങളെ പ്രതിഷ്ഠിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശശികലയുടെ നേതൃത്വത്തിലുള്ള ടി.ടി.വി. ദിനകരന്‍, വി.എന്‍. സുധാകരന്‍, വി. ഭാസ്കരന്‍ തുടങ്ങിയവരുള്‍പ്പെട്ട ഈ സംഘമാണ് പിന്നീട് ‘മന്നാര്‍ഗുഡി മാഫിയ’ എന്ന പേരിലറിയപ്പെട്ടത്. ഒ. പന്നീര്‍ശെല്‍വം പോലും ശശികലയുടെ നോമിനിയായിരുന്നു. 2011 ഡിസംബറില്‍ ശശികല, ടി.ടി.വി. ദിനകരന്‍ ഉള്‍പ്പെടെ 13 പേരെ സംഘടനയില്‍നിന്നും അധികാര കേന്ദ്രങ്ങളില്‍നിന്നും ജയലളിത പുറത്താക്കിയത് ഏറെ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. 

ഭരണത്തിലും സംഘടനയിലും ഇവര്‍ പിടിമുറുക്കുന്നതായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു നടപടി. പിന്നീട് 2012 മാര്‍ച്ചില്‍ ശശികല വീണ്ടും ഗാര്‍ഡനില്‍ തിരിച്ചത്തെി. പുതിയ സാഹചര്യത്തില്‍ മന്നാര്‍ഗുഡി സംഘം വീണ്ടും പാര്‍ട്ടിയെ കൈയടക്കുമെന്നാണ് കരുതപ്പെടുന്നത്. പാര്‍ട്ടിയിലെ ജയലളിതയുടെ നേതൃപാടവവും അച്ചടക്കവും നിലനിര്‍ത്താന്‍തക്ക ശേഷി നിലവിലുള്ള നേതാക്കളില്‍ ആര്‍ക്കുമില്ളെന്നതാണ് യാഥാര്‍ഥ്യം. 

Tags:    
News Summary - jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.