ഉത്തരാഖണ്ഡ്​ തിളച്ചുമറിയും

പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ ബലപരീക്ഷണം ഉത്തരാഖണ്ഡിലാണ്. അഞ്ചു ലോക്സഭാ സീറ്റുകള്‍ മാത്രമുള്ള ഹിമാലയന്‍ മലനിരകളിലെ ഈ കൊച്ചു സംസ്ഥാനത്തെ  തെരഞ്ഞെടുപ്പ്  ദേശീയശ്രദ്ധ നേടുന്നതും അതുകൊണ്ടുതന്നെ. അഞ്ചു വര്‍ഷമായി കോണ്‍ഗ്രസാണ് ഇവിടെ ഭരണപക്ഷം. മുഖ്യ പ്രതിപക്ഷം ബി.ജെ.പിയും.  കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തില്‍ ഇടപെട്ട് കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാനൊരുങ്ങിയ അമിത് ഷാ-മോദി കൂട്ടുകെട്ടിന്‍െറ സര്‍ക്കാര്‍ അട്ടിമറിശ്രമം സുപ്രീംകോടതിയില്‍ തട്ടിത്തകര്‍ന്നതോടെ 2016ല്‍ ഉത്തരാഖണ്ഡ് നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചു.

അട്ടിമറി ശ്രമം സെല്‍ഫ് ഗോളായി മാറിയതിന്‍െറ നീറ്റല്‍ മാറാന്‍ ബി.ജെ.പിക്ക് ജയം അനിവാര്യം. കൊച്ചു സംസ്ഥാനമാണെങ്കിലും മോദിയെ തടഞ്ഞുനിര്‍ത്താന്‍ പറ്റിയാല്‍, അത് കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ നല്‍കുന്ന ആത്്മവിശ്വാസം ചില്ലറയല്ല. ഇവിടെ ഇക്കുറി തെരഞ്ഞെടുപ്പ് മുമ്പില്ലാത്തവിധം തിളച്ചുമറിയുകയാണ്.  ഫെബ്രുവരി 15നാണ് പോളിങ്.

വാജ്പേയി ഭരണകാലത്ത് 2000ലാണ് ഉത്തര്‍പ്രദേശിന്‍െറ  മലനിര ഭാഗങ്ങള്‍ മുറിച്ചെടുത്ത് പുതിയ സംസ്ഥാനം രൂപം  കൊണ്ടത്. ആദ്യം ഉത്തരാഞ്ചല്‍ എന്നായിരുന്ന പേര് പിന്നീട് ഉത്തരാഖണ്ഡ് ആയി മാറി.  2000 മുതല്‍ 2007 വരെ ബി.ജെ.പി ഭരണമായിരുന്നു. 2002-07 കാലത്ത് കോണ്‍ഗ്രസും പിന്നീടുള്ള അഞ്ചു വര്‍ഷം ബി.ജെ.പിയും  ഭരിച്ചു.  2012ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 32 സീറ്റ്. ബി.ജെ.പിക്ക് 31ഉം. 70 അംഗ നിയമസഭയില്‍ സ്വതന്ത്രരുടെയും ബി.എസ്.പിയുടെയും സഹായത്തോടെ കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കി. വിജയ് ബഹുഗുണ മുഖ്യമന്ത്രിയായി.

കോണ്‍ഗ്രസിലെ പടലപിണക്കത്തില്‍ ബഹുഗുണക്ക് അടിതെറ്റി. 2013ല്‍ കേദാര്‍നാഥ്, ബദരീനാഥ് പുണ്യപ്രദേശങ്ങളെയടക്കം മുക്കിയ  നൂറ്റാണ്ടിന്‍െറ പ്രളയത്തില്‍ 5000ലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രളയക്കെടുതി  കൈകാര്യം ചെയ്യുന്നതില്‍ വിജയ് ബഹുഗുണക്ക് പിഴച്ചതോടെ ഹൈകമാന്‍ഡ് നേതൃമാറ്റം നടപ്പാക്കി. മന്‍മോഹന്‍  മന്ത്രിസഭയില്‍നിന്ന് ഹരീഷ് റാവത്തിനെ രാജിവെപ്പിച്ച് ഉത്തരാഖണ്ഡിലേക്ക് അയച്ചു.  മന്ത്രിപ്പണി പോയ വിജയ് ബഹുഗുണ വിമതനായി.    2016ലെ ബജറ്റ് അവതരണ വേളയായിരുന്നു അതിന്‍െറ കൈ്ളമാക്സ്. ബജറ്റ് പാസാക്കാനൊരുങ്ങവെ, ബഹുഗുണ അടക്കമുള്ള  11 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മറുകണ്ടം ചാടി.

ബജറ്റ് പാസായില്ളെന്നും പാസായെന്നുമുള്ള തര്‍ക്കത്തിനൊടുവില്‍  കേന്ദ്രം മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. കോണ്‍ഗ്രസ് വിമതരുടെ സഹായത്തോടെ ബി.ജെ.പി സര്‍ക്കാര്‍ എന്നതായിരുന്നു മോദിയുടെ ലക്ഷ്യം. രാഷ്ട്രപതി ഭരണം റദ്ദാക്കി ഹരീഷ് റാവത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീംകോടതി അവസരം നല്‍കിയത് മോദി സര്‍ക്കാറിനേറ്റ മുഖത്തടിയുമായി. ഒടുവില്‍ ബഹുഗുണ അടക്കമുള്ള ഒമ്പത് വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലത്തെി. 

ഇവര്‍ക്കെല്ലാം ടിക്കറ്റ് നല്‍കിയ ബി.ജെ.പിയുടെ പ്രചാരണം മോദിയുടെ പ്രതിച്ഛായയില്‍ ഊന്നിയാണ്. ഹരീഷ് റാവത്തിന്‍െറ ജനകീയ മുഖമാണ് അതിന് ബദലായി കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. കാരണം,  മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതി സ്വാധീനം ഉത്തരാഖണ്ഡില്‍ അത്രമേല്‍ പ്രകടമല്ല. റാവത്തിനെതിരായ അഴിമതി ആരോപണങ്ങളും കോണ്‍ഗ്രസ് പാളയത്തിലെ പടയും ബി.ജെ.പിക്ക് മികച്ച ആയുധമാണ്. 

അട്ടിമറി ശ്രമം അതിജീവിച്ചതിന്‍െറ തിളക്കത്തില്‍ നില്‍ക്കുന്ന ഹരീഷ് റാവത്തിനോടുള്ള സഹതാപത്തില്‍  ഭരണവിരുദ്ധ വികാരം മറികടക്കാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിന്. കോണ്‍ഗ്രസില്‍ പാളയത്തില്‍ പട അടങ്ങിയിട്ടില്ല.

പി.സി.സി അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായയും  സ്ഥാനാര്‍ഥിനിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉടക്കിലാണ്. ബി.ജെ.പി പക്ഷത്ത് നാലു മുന്‍മുഖ്യമന്ത്രിരാണുള്ളത്. ഭഗത്സിങ് കൊശിയാരി, ബി.സി ഖണ്ഡൂരി, രമേശ് പൊക്രിയാല്‍ പിന്നെ, കോണ്‍ഗ്രസില്‍നിന്നു വന്ന വിജയ് ബഹുഗുണയും. 

കോണ്‍ഗ്രസില്‍നിന്ന് വന്ന രാജ്യസഭാംഗം സത്പാല്‍ മഹാരാജും മുഖ്യമന്ത്രിപദം കൊതിച്ചിരിക്കുമ്പോള്‍  ആരെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പിക്ക് കഴിയാത്ത സാഹചര്യമുണ്ട്.  കോണ്‍ഗ്രസും ബി.ജെ.പിയും കഴിഞ്ഞാല്‍ ബി.എസ്.പിയാണ് ഉത്തരാഖണ്ഡില്‍ സാന്നിധ്യമുള്ള പാര്‍ട്ടി. താഴ്വാരത്ത് ചില കേന്ദ്രങ്ങളില്‍ മാത്രമുള്ള ബി.എസ്.പിക്ക് 2012ല്‍ മൂന്ന് എം.എല്‍.എമാരുണ്ടായിരുന്നു. ഇവരില്‍ ഒരാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മറ്റൊരാള്‍ മരിച്ചതോടെ അയാളുടെ ഭാര്യ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രംഗത്തുവന്നു. പുതിയ സാഹചര്യത്തില്‍ ബി.എസ്.പിക്ക് പഴയ നേട്ടം ആവര്‍ത്തിക്കാനാകില്ല. 

പിന്നെയുള്ള മൂന്ന് സ്വതന്ത്രരും ബി.എസ്.പിയും ചേര്‍ന്നുണ്ടാക്കിയ പ്രോഗ്രസീവ് ഡമോക്രാറ്റിക് ഫ്രണ്ട് (പി.ഡി.എഫ്) ആണ്  നിര്‍ണായക ഘട്ടത്തില്‍ ഹരീഷ് റാവത്തിനെ 2016ല്‍ വിശ്വാസ വോട്ട് നേടാന്‍ സഹായിച്ചത്. ഇവരില്‍ മൂന്നുപേരെ ഹരീഷ് റാവത്ത് മന്ത്രിയാക്കുകയും ചെയ്തു. മൂവരും ഇക്കുറി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനാണ് സാധ്യത. 

കോണ്‍ഗ്രസും ബി.ജെ.പിയൂം നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന,  ഹരീഷ് റാവത്തിന്‍െറ ജനകീയതയും മോദിയുടെ പ്രതിച്ഛായയും മറ്റുരക്കപ്പെടുന്ന  ഉത്തരാഖണ്ഡില്‍  ആദ്യ റൗണ്ടില്‍ ആര്‍ക്കും മുന്‍തൂക്കമില്ല.

Tags:    
News Summary - five state polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.