തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെതുടര്‍ന്ന് രാജിവെച്ച മുന്‍മന്ത്രി ഇ.പി. ജയരാജനെതിരെ വിജിലന്‍സ് കേസെടുത്തേക്കുമെന്ന് സൂചന. തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് രണ്ട് എസ്.പിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇ.പി അധികാര ദുര്‍വിനിയോഗം നടത്തിയതിന് തെളിവുകള്‍ ലഭ്യമായെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഇ.പിക്കെതിരെ എഫ്.ഐ.ആറിട്ട് തുടരന്വേഷണം നടത്താനാണ് വിജിലന്‍സ് നീക്കമെന്നറിയുന്നു.
അതേസമയം, ഇതിനെക്കുറിച്ച് ഒൗദ്യോഗിക സ്ഥിരീകരണം നടത്താന്‍ വിജിലന്‍സ് വൃത്തങ്ങള്‍ തയാറായില്ല. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ഇ.പിക്കെതിരെ പരാതി കൊടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവരില്‍നിന്ന് വിജിലന്‍സ് സംഘം മൊഴിയെടുത്തിരുന്നു. നിര്‍ണായക തെളിവുകളൊന്നും കൈമാറാന്‍ ഇവര്‍ക്ക് സാധിച്ചില്ല. അതേസമയം, വിവാദ നിയമനങ്ങളുമായി ബന്ധപ്പെട്ടിറങ്ങിയ സര്‍ക്കാര്‍ ഉത്തരവുകള്‍ ഇ.പിയുടെ അനുമതിയോടെയും അറിവോടെയുമാണെന്ന നിലപാടിലുറച്ചുനിന്ന പരാതിക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
വ്യവസായ വകുപ്പ് നിയമനങ്ങളുമായി ബന്ധപ്പെട്ട് പബ്ളിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്‍േറണല്‍ ഓഡിറ്റ് ബോര്‍ഡിന്‍െറ (റിയാബ്) മാനദണ്ഡങ്ങള്‍ ഇ.പി. ജയരാജന്‍ മറികടന്നതായും വിജിലന്‍സ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് വിശദ പരിശോധനക്ക് വിജിലന്‍സ് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കഴിഞ്ഞദിവസം വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചതായി സൂചനയുണ്ട്. ഇ.പി മടങ്ങിവരാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഒഴിവാക്കി എം.എം. മണിയെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്നതെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.