പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ജയരാജന്‍

കോഴിക്കോട്: പാര്‍ട്ടി യോഗത്തില്‍ കുറ്റം ഏറ്റുപറഞ്ഞു മന്ത്രിസ്ഥാനം രാജിവെച്ച ഇ.പി. ജയരാജന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന സി.പി.എമ്മിന് തലവേദനയായി. നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളില്‍നിന്ന് സംസ്ഥാനത്തെയും വ്യവസായത്തെയും രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്നും തന്നെ രാജിവെപ്പിച്ചതിന്‍െറ പിന്നില്‍ മാഫിയ ആണെന്നുമാണ് സഭയില്‍ പ്രത്യേക അനുമതി വാങ്ങി നടത്തിയ പ്രസ്താവനയില്‍ ജയരാജന്‍ വിശദീകരിച്ചത്.

മാഫിയക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മാധ്യമങ്ങള്‍ ആണെന്നും അവര്‍ പണം വാങ്ങിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു . ജയരാജന്‍െറ  പ്രസ്താവന മുഖവിലക്കെടുക്കുകയാണെങ്കില്‍ അദ്ദേഹത്തെ  രാജിവെപ്പിച്ച പാര്‍ട്ടി, മാഫിയക്ക് വഴങ്ങി എന്നാണ് പരോക്ഷമായി ആരോപിച്ചിരിക്കുന്നത്.  ബന്ധു നിയമനങ്ങളില്‍ ചട്ടലംഘനം നടന്നിട്ടില്ളെന്നു അവകാശപ്പെട്ട ജയരാജന്‍ വ്യവസായ മേഖല മാഫിയ കൈയടക്കി വെച്ചിരിക്കുകയാണെന്നാണ് പറഞ്ഞത്. ജയരാജന്‍ തെറ്റ് സമ്മതിച്ചു രാജിവെച്ചു എന്നു പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതിന്‍െറ തൊട്ടുപുറകെ ജയരാജന്‍ പുറത്തിറക്കിയ പ്രസ്താവനയിലും ഇതേ വാദഗതിയാണ് ഉയര്‍ത്തിയത്. സംസ്ഥാനത്തിന്‍െറ ചരിത്രത്തില്‍ ഇതുപോലെ രാജിവെക്കേണ്ടി വന്ന മറ്റൊരു മന്ത്രിയെ ചൂണ്ടിക്കാണിക്കാനില്ല.

ഒരു ദിവസം കൊണ്ട് രാജിവെച്ച മന്ത്രി  സംസ്ഥാനത്തു ഉണ്ടെങ്കിലും അതൊന്നും അഴിമതിയുടെ പേരിലായിരുന്നില്ല. സി.പി.എമ്മിന്‍െറ കേന്ദ്ര കമ്മിറ്റി അംഗമായ ഒരാള്‍ക്ക് ഇത്തരത്തില്‍ പുറത്തു പോകേണ്ടിവരുക അത്യപൂര്‍വമായ ഒന്നാണ്. പാര്‍ട്ടിയില്‍ ഉന്നതസ്ഥാനത്തുള്ള ആളും മന്ത്രിസഭയില്‍ രണ്ടാമനുമായിരുന്നു ജയരാജന്‍. മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ആള്‍ എന്നു പൊതുവില്‍ പാര്‍ട്ടിക്കാരും ജനങ്ങളും കരുതുന്ന വ്യക്തി.
അങ്ങനെയൊരാളെ മന്ത്രിസഭയില്‍നിന്ന് രാജിവെപ്പിക്കണമെങ്കില്‍ അത്  ബന്ധുക്കളെ  നിയമിച്ചതിന്‍െറ പേരില്‍ മാത്രമാണെന്ന് കരുതുക വയ്യ. കാരണം ബന്ധു നിയമനം സി.പി.എമ്മില്‍ ഇതാദ്യമൊന്നുമല്ല. വി.എസ.് അച്യുതാനന്ദന്‍ അടക്കം അതില്‍ ആരോപണവിധേയനാണ്.

പാര്‍ട്ടിയെയും സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും ഒരു പോലെ നാണം കെടുത്തുന്ന പ്രവൃത്തികള്‍ ജയരാജന്‍െറ ഭാഗത്തുനിന്നോ അദ്ദേഹത്തിന്‍െറ വകുപ്പില്‍നിന്നോ ഉണ്ടായി എന്ന് കരുതേണ്ടിവരും. പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ച കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ചുമട്ടു തൊഴിലാളി പ്രസ്ഥാനമാണെന്നാണ് ജയരാജന്‍ സഭയില്‍ പറഞ്ഞത്. സംസ്ഥാനത്തു ലാഭത്തില്‍ നടക്കുന്ന അപൂര്‍വം സ്ഥാപനങ്ങളില്‍ ഒന്നാണ് കെ.എസ്.ഐ.ഇ.  തിരുവനന്തപുരം എയര്‍ കാര്‍ഗോ ടെര്‍മിനല്‍, കോഴിക്കോട്ടെ എയര്‍ കാര്‍ഗോ കോംപ്ളക്സ്, കൊച്ചിയിലെ കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ എന്നിവ കൈകാര്യം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനമാണിത്. കേരള സോപ്സ് ആന്‍ഡ് ഓയില്‍സും കെ.എസ്.ഐ.ഇക്കു കീഴിലാണ്. കണ്ണൂര്‍ വിമാനത്താവളം വരുമ്പോള്‍ അവിടുത്തെ കാര്‍ഗോയുടെ ചുമതലയും ഈ സ്ഥാപനത്തിനു ലഭിക്കും.

Tags:    
News Summary - ep jayarajan cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.