പ്രചാരണത്തിന്‍െറ പൊടിയടങ്ങി; വോട്ടെണ്ണാന്‍ ഇനി മൂന്നുനാള്‍ മാത്രം

ന്യൂഡല്‍ഹി: രണ്ടു മാസമായി തുടരുന്ന നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണ കോലാഹലങ്ങളുടെ പൊടിയടങ്ങി. യു.പിയിലെ 40 മണ്ഡലങ്ങളിലേക്ക് ബുധനാഴ്ച നടക്കുന്ന വോട്ടെടുപ്പിന്‍െറ പ്രചാരണ കൊട്ടിക്കലാശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം വിവിധ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളെല്ലാം തിങ്കളാഴ്ച വാരാണസിയില്‍ പറന്നിറങ്ങി. മണിപ്പൂര്‍ രണ്ടാംഘട്ട പ്രചാരണവും സമാപിച്ചു.

ജനുവരി ആദ്യവാരം പ്രഖ്യാപിച്ച അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പു പ്രക്രിയയാണ് നിര്‍ണായകഘട്ടം പിന്നിടുന്നത്. യു.പിയില്‍ ഏഴു ഘട്ടമായി നടന്ന പ്രചാരണത്തിനാണ് തിങ്കളാഴ്ച കൊടിയിറങ്ങിയത്. മണിപ്പൂരില്‍ വോട്ടെടുപ്പ് രണ്ടു ഘട്ടമായാണ് നടന്നത്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് നേരത്തേ കഴിഞ്ഞിരുന്നു. എല്ലായിടത്തും 11നാണ് വോട്ടെണ്ണല്‍.

രാജ്യത്തിന്‍െറ രാഷ്ട്രീയഗതി നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കാണ് യു.പി നിയമസഭ തെരഞ്ഞെടുപ്പിന് കല്‍പിക്കപ്പെടുന്നത്. ശക്തമായ ത്രികോണ മത്സരത്തില്‍ ബി.ജെ.പിക്ക് നേരിയ മുന്‍തൂക്കമുണ്ടെന്ന പ്രതീതിയോടെയാണ് പ്രചാരണരംഗം കൊട്ടിക്കലാശത്തിലേക്ക് നീങ്ങിയത്. ത്രിശങ്കു സഭക്ക് ഏറെ സാധ്യതയുള്ള യു.പിയില്‍ മായാവതി സര്‍ക്കാറുണ്ടാക്കാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നു.

ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യം മുന്നേറുമെന്ന ആദ്യഘട്ടങ്ങളിലെ പ്രതീതിക്ക് അവസാനമത്തെിയപ്പോള്‍ മങ്ങലേറ്റു. വര്‍ഗീയധ്രുവീകരണത്തിനുള്ള ശ്രമങ്ങളിലേക്ക് ബി.ജെ.പിയുടെ പ്രചാരണഗതി മാറിയതോടെയാണ് ചിത്രം മാറിയത്. ഇതിനിടയിലും വാരാണസിയില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടേക്കുമെന്ന സൂചനകള്‍ വന്നതോടെ കഴിഞ്ഞ ഏതാനും ദിവസമായി ബി.ജെ.പി നേതൃനിരയൊന്നാകെ അവിടെ തമ്പടിക്കുകയായിരുന്നു.

കാശി വിശ്വനാഥ ക്ഷേത്രദര്‍ശനം, റോഡ്ഷോ, പ്രചാരണയോഗങ്ങള്‍ എന്നിവയോടെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വലിയ കൊട്ടിഘോഷമാണ് നരേന്ദ്ര മോദി വാരാണസിയില്‍ നടത്തിയത്. രണ്ടുഡസന്‍ കേന്ദ്രമന്ത്രിമാരെയാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഒരാഴ്ചയായി രംഗത്തിറക്കിയത്.
എസ്.പി -കോണ്‍ഗ്രസ് സഖ്യത്തിനുവേണ്ടി മുഖ്യമന്ത്രി അഖിലേഷ് യാദവ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ റോഡ്ഷോ അടക്കമുള്ള പരിപാടികളുമായി പ്രചാരണത്തിനിറങ്ങി. ബി.എസ്.പി നേതാവ് മായാവതിയും വിവിധ വേദികളില്‍ പ്രസംഗിച്ചു.

വാരാണസിയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ രൊഹാനിയയിലാണ് നരേന്ദ്ര മോദിയുടെ അവസാനത്തെ പ്രചാരണ പൊതുസമ്മേളനം നടന്നത്. ഇതുകൂടി ചേര്‍ത്താല്‍ യു.പി തെരഞ്ഞെടുപ്പില്‍ 23 യോഗങ്ങളിലാണ് മോദി പ്രസംഗിച്ചത്. റോഡ് ഷോയും മറ്റും പുറമെ. ഇതിനകം ജയിച്ചുകഴിഞ്ഞെന്ന് പ്രസംഗിക്കുന്ന മോദി അവസാനഘട്ടത്തില്‍ പരിഭ്രാന്തനായി മൂന്നുദിവസം വാരാണസിയില്‍ പറന്നുനടന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രചാരണയോഗങ്ങളില്‍ ചോദിച്ചു.

ഉത്തരാഖണ്ഡിലെയും യു.പിയിലെയും ഓരോ പ്രമുഖ സ്ഥാനാര്‍ഥികള്‍ മരണപ്പെട്ടതിനെതുടര്‍ന്ന് മാറ്റിവെച്ച രണ്ടു മണ്ഡലങ്ങളിലെ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. അന്നു വൈകീട്ട് അഞ്ചര മുതല്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ ടി.വി ചാനലുകള്‍ക്കും മറ്റും അനുവാദം നല്‍കിട്ടുണ്ട്. ബുധനാഴ്ച എക്സിറ്റ് പോള്‍ ഫലം പ്രസിദ്ധപ്പെടുത്താനായിരുന്നു ആദ്യത്തെ അനുമതി.

Tags:    
News Summary - up election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.