ഇ.പി. ജയരാജന് സെക്രട്ടേറിയറ്റില്‍ അന്ത്യശാസനം

കണ്ണൂര്‍:  ഉത്തരവാദിത്തമുള്ള നേതാവെന്ന നിലയില്‍ സംഭവിക്കാന്‍ പാടില്ലാത്ത ചില നാടകീയത സൃഷ്ടിച്ചതിന് ഇ.പി. ജയരാജനെതിരെ  സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശം. അദ്ദേഹത്തിന്‍െറ സാന്നിധ്യത്തിലാണ്  സെക്രട്ടേറിയറ്റ് ഇനി ഇത്തരം നീക്കങ്ങളുണ്ടാവരുതെന്ന് അന്ത്യശാസനം നല്‍കിയത്.

പുതിയ മന്ത്രിയെ തീരുമാനിച്ച സെക്രട്ടേറിയറ്റ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി എന്ന ധ്വനിയുളവാക്കുന്നതാണ് ജയരാജന്‍െറ നീക്കങ്ങളെന്നാണ് വിമര്‍ശം. വ്യക്തിപരമായി എന്തു കാര്യമുണ്ടായാലും, തുടര്‍ന്ന് നടന്ന സംസ്ഥാന കമ്മിറ്റിയിലും നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലും സത്യപ്രതിജ്ഞയിലും പങ്കെടുക്കണമായിരുന്നുവെന്നും ജയരാജനെ നേതൃത്വം ഉണര്‍ത്തി. കണ്ണൂരിലുണ്ടായിട്ടും മട്ടന്നൂരിലെ എം.എല്‍.എ ഓഫിസില്‍ പോകാതിരുന്നത്  മുതിര്‍ന്ന നേതാവിന് യോജിച്ചതായില്ളെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

എന്നാല്‍, തന്‍െറ ഭാഗം കേള്‍ക്കാതെയാണ് പാര്‍ട്ടി തീരുമാനങ്ങളെടുത്തതെന്നായിരുന്നു ജയരാജന്‍െറ വിശദീകരണം. പ്രധാനമായും ദേശാഭിമാനിക്കെതിരായിരുന്നു അദ്ദേഹത്തിന്‍െറ പരാതി. ചില പത്രങ്ങള്‍ തനിക്കെതിരെ വ്യാജവാര്‍ത്ത സൃഷ്ടിച്ചപ്പോള്‍ ദേശാഭിമാനി അതിന് മറുവാദം നിരത്തിയില്ല. ഇരിണാവിലെ ക്ഷേത്രത്തിന് താന്‍ അനധികൃതമായി തേക്കുമരം നല്‍കാന്‍ സ്വാധീനമുപയോഗിച്ചുവെന്ന വാര്‍ത്തയെ ഖണ്ഡിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. താന്‍ എം.എല്‍.എയായിരിക്കുമ്പോള്‍ അന്നത്തെ മന്ത്രി തിരുവഞ്ചൂരിനെ കണ്ട് സമ്മര്‍ദം  ചെലുത്തിയാണ് മട്ടന്നൂര്‍ മുനിസിപ്പാലിറ്റിക്ക് പഴശ്ശിരാജയുടെ പ്രതിമക്കുള്ള തേക്കുമരം നേടിക്കൊടുത്തത്. പൊതുവികസന കാര്യങ്ങളില്‍ താന്‍ അങ്ങനെ ഇടപെടാറുണ്ടെന്നോ  വനംവകുപ്പിന്‍െറ തേക്കുമരം ഇത്തരം ഘട്ടത്തില്‍ സൗജന്യം നല്‍കാറുണ്ടെന്നോ പാര്‍ട്ടിപത്രം വിവരിച്ചില്ല.  തനിക്കെതിരെ പാര്‍ട്ടിയില്‍തന്നെ ചിലര്‍ ഒറ്റുകാരായതിന്‍െറ സൂചനയായാണ് ജയരാജന്‍ ഇവ യോഗത്തില്‍ വിവരിച്ചത്. ഡിസംബര്‍ ഒന്നിന്‍െറ പ്രതിമ അനാച്ഛാദന പരിപാടിയില്‍ സ്ഥലം എം.എല്‍.എ  എന്ന നിലയില്‍ തനിക്ക് പങ്കെടുക്കാന്‍ പ്രയാസമുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

അതിനിടെ ഇന്ന് നടക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടികളില്‍ ജില്ലയില്‍ എവിടെയും ജയരാജന് പ്രധാന പങ്ക്  പാര്‍ട്ടി നല്‍കിയിട്ടില്ല. കൂത്തുപറമ്പിലെ പരിപാടിയില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പങ്കെടുക്കുന്നത്. അതേസമയം, കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് 22 വര്‍ഷമായി ശരീരത്തില്‍ വെടിയുണ്ടയുമായി കിടപ്പിലായ പുഷ്പന് പ്രതിമാസ പെന്‍ഷനും അഞ്ച് ലക്ഷം സഹായവും നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തപ്പോഴും താന്‍ അതിലിടപെട്ട കാര്യം വിസ്മരിക്കുകയായിരുന്നുവെന്ന് ജയരാജന് പരാതിയുണ്ട്. ഇന്നലെ മന്ത്രിസഭ ഇതുസംബന്ധിച്ച് തീരുമാനമെടുത്ത ഉടന്‍  ജയരാജന്‍ ഫേസ്ബുക്കില്‍ ഇതേക്കുറിച്ച് ഇങ്ങനെയാണ് എഴുതിയത്:

‘...സഖാവ് പുഷ്പനെ ഞാന്‍ വ്യവസായമന്ത്രിയായിരിക്കെ സന്ദര്‍ശിക്കുകയുണ്ടായി... ഭരണകൂട ഭീകരതയുടെ ഭാഗമായ പുഷ്പന് പരമാവധി ധനസഹായം നല്‍കണമെന്നും പ്രതിമാസ പെന്‍ഷന്‍ നല്‍കാന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്നും അഭ്യര്‍ഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് 03.08.2016ന് നിവേദനം നല്‍കി. പ്രസ്തുത നിവേദനം പരിഗണിച്ചാണ് മന്ത്രിസഭ സഹായവും പെന്‍ഷനും അനുവദിച്ചത്...’

Tags:    
News Summary - e p jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.