ഇടവേളക്കുശേഷം ഡി.സി.സി തലപ്പത്തേക്ക് വനിതാ പ്രാതിനിധ്യം; ഷാനിമോള്‍ സജീവ പരിഗണനയില്‍

തിരുവനന്തപുരം: ഡി.സി.സി പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ ഡല്‍ഹിയിലും കേരളത്തിലുമായി പുരോഗമിക്കവെ നിരവധി പ്രമുഖരുടെ പേരുകള്‍ സജീവ പരിഗണനയില്‍. പതിറ്റാണ്ടുകള്‍ക്കുശേഷം ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിതയെങ്കിലും ഇത്തവണ നിയമിതയാകും. പട്ടിക വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പ്. സിറ്റിങ് എം.എല്‍.എമാരില്‍ വയനാട്ടിലേക്ക് ഐ.സി. ബാലകൃഷ്ണന്‍െറ പേര് മാത്രമാണ് പട്ടികയിലുള്ളത്. യുവാക്കള്‍ക്കൊപ്പം ചില മുന്‍ എം.എല്‍.എമാരുടെയും പേരുകളുണ്ട്.

ഡി.സി.സി പ്രസിഡന്‍റു സ്ഥാനത്തേക്കുള്ള 21 രാഷ്ട്രീയകാര്യസമിതിയംഗങ്ങളുടെ നിര്‍ദേശങ്ങള്‍ ഈ മാസം അഞ്ചിനു മുമ്പ് നല്‍കാനാണ് നിര്‍ദേശിച്ചിരുന്നത്. ചിലര്‍ ഇതു നല്‍കിയെങ്കിലും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍  സമര്‍പ്പിച്ചിട്ടില്ല. പാനല്‍ നല്‍കാന്‍ അവസരം വേണമെന്ന ഗ്രൂപ്പുകളുടെ ആവശ്യം ഹൈകമാന്‍ഡ് നിഷേധിച്ചിരിക്കുകയുമാണ്. ഗ്രൂപ് യാഥാര്‍ഥ്യമാണെന്നതിനാല്‍  ഗ്രൂപ് പ്രാതിനിധ്യം പൂര്‍ണമായി തള്ളിക്കളയരുതെന്ന ആവശ്യം ഐ ഗ്രൂപ് നേതാവായ  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിട്ടുണ്ട്.

ചെന്നിത്തലയുടെ ഡല്‍ഹി സന്ദര്‍ശനത്തിനു പിന്നാലെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും അവിടെയത്തെി നേതാക്കളെക്കണ്ടു. നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം ഡല്‍ഹിക്ക് പോയാല്‍ മതിയെന്നാണ് എ ഗ്രൂപ്പിനെ നയിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍തൂക്കം നല്‍കണമെന്ന നിലപാടിലായതിനാല്‍ പുന$സംഘടനയില്‍ അവര്‍ ആവേശം കാട്ടുന്നില്ല. നവംബര്‍ ആദ്യത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഒട്ടേറെ പേരുകള്‍ കേള്‍ക്കുന്നുണ്ട്. ഗ്രൂപ് മാനദണ്ഡമാക്കാന്‍ ഹൈകമാന്‍ഡ് തയാറല്ലാത്തതിനാല്‍ പുന:സംഘടനയോടെ പലസമവാക്യങ്ങളും മാറിമറിയാം. പത്മജാ വേണുഗോപാല്‍ (തൃശൂര്‍), ഷാനിമോള്‍ ഉസ്മാന്‍ (ആലപ്പുഴ), ലതികാ സുഭാഷ് (കോട്ടയം), ബിന്ദുകൃഷ്ണ (കൊല്ലം) എന്നിവരാണ് വനികളുടെ കൂട്ടത്തിലുള്ളത്. ഇവരില്‍ ഷാനിമോളാണ് മുന്‍നിരയില്‍. മുന്‍ എം.എല്‍.എമാരില്‍ ജോസഫ് വാഴക്കന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, ടി.എന്‍. പ്രതാപന്‍, പി.എ. മാധവന്‍, പി.സി. വിഷ്ണുനാഥ്, കെ. ശിവദാസന്‍ നായര്‍, ശരത് ചന്ദ്രപ്രസാദ്, പാലോട് രവി എന്നിവരും പട്ടികയിലുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍  കുര്യാക്കോസാണ് ഇടുക്കിയിലേക്ക് ചര്‍ച്ചചെയ്യപ്പെടുന്നത്. സേനാപതി വേണു, സിറിയക് തോമസ് എന്നിവരുമുണ്ട്. ബിന്ദുകൃഷ്ണക്കൊപ്പം പി.സി. വിഷ്ണുനാഥിന്‍െറയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍. മഹേഷിന്‍െറയും പേരുകള്‍ കൊല്ലത്തേക്ക് കേള്‍ക്കുന്നു. എം. ലിജുവിന്‍െറ പേരും  ആലപ്പുഴയിലേക്കുണ്ട്. തലസ്ഥാന ജില്ലയില്‍ ടി. ശരത് ചന്ദ്രപ്രസാദ്, പാലോട് രവി എന്നിവരും പത്തനംതിട്ടയില്‍ മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായര്‍, ബാബുജോര്‍ജ്, പഴകുളം മധു, കോട്ടയത്ത് ലതികാ സുഭാഷിനൊപ്പം ജോസഫ് വാഴക്കന്‍, അഡ്വ. പി.എ. സലിം എറണാകുളത്ത് ഡൊമിനിക് പ്രസന്‍േറഷന്‍, ടി.ജെ. വിനോദ് പാലക്കാട്ടേക്ക് വി.കെ. ശ്രീകണ്ഠന്‍, രാമസ്വാമി, സി. ചന്ദ്രന്‍ എന്നിവരുമുണ്ട്.

തൃശൂരില്‍ ടി.എന്‍. പ്രതാപനാണ് മുന്‍തൂക്കം. പത്മജാ വേണുഗോപാലിനു പുറമേ തൃശൂരില്‍ പി.എ. മാധവനുമുണ്ട്. മലപ്പുറത്ത് വി.വി. പ്രകാശ്, വി.എ. കരീം, കോഴിക്കോട് എന്‍. സുബ്രഹ്മണ്യന്‍, ടി. സിദ്ദീഖ്, അഡ്വ.എ. പ്രവീണ്‍ കുമാര്‍ കണ്ണൂരില്‍ വി.എ. നാരായണന്‍, സതീശന്‍ പാച്ചേനി, സജീവ് ജോസഫ്, കാസര്‍കോട്ട് നീലകണ്ഠന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് പരിഗണനയില്‍.

Tags:    
News Summary - DCC ELECTION SHANIMOL USMAN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.