കണ്ണൂർ: തീർത്തും അപ്രതീക്ഷിതമായിരുന്നു പാർട്ടി നടപടി. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനെതിരായ സംസ്ഥാന ഘടകത്തിെൻറ വിമർശനം അമ്പരപ്പോെടയാണ് പാർട്ടി അണികൾ കേട്ടത്. സാമൂഹിക മാധ്യമങ്ങളിൽ നേതൃത്വത്തെ വിമർശിച്ചും ജയരാജനെ പിന്തുണച്ചും കമൻറുകളുടെ പെരുമഴയാണ്. ചിലേടത്ത് ജയരാജന് അനുകൂല പ്രകടനത്തിന് വരെ അണികൾ ഒരുങ്ങി. കണ്ണൂരിൽ അണികൾക്ക് പ്രിയങ്കരനാണ് പി. ജയരാജൻ. പിണറായിയും കോടിയേരിയും ഇ.പി. ജയരാജനുമൊക്കെയുള്ള പൊതുയോഗങ്ങളിൽ കൈയടി കൂടുതൽ പി. ജയരാജനാണ്. അതുതന്നെയാണ് വിനയാകുന്നതെന്നും വിലയിരുത്തലുകളുണ്ട്.
ഇ.എം.എസ് ഇരുന്ന വേദിയിൽ തനിക്ക് കൂടുതൽ കൈയടി കിട്ടിയതിനൊടുവിലാണ് താൻ പാർട്ടിക്ക് പുറത്തായതെന്ന എം.വി. രാഘവെൻറ വെളിപ്പെടുത്തൽ പലരും ഇൗ ഘട്ടത്തിൽ അനുസ്മരിക്കുന്നു. ജയരാജൻ സ്വയം മഹത്ത്വവത്കരിക്കുന്നുവെന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് വിലയിരുത്തിയത് സംസ്ഥാന സമിതിയിൽ റിപ്പോർട്ട്ചെയ്യുകയാണുണ്ടായത്. പുറച്ചേരി ഗ്രാമീണ കലാസമിതി തയാറാക്കിയ വിഡിയോ ആൽബത്തിലെ വാഴ്ത്തുപാട്ട് ശ്രദ്ധയിൽപെട്ടിട്ടും വിലക്കിയില്ലെന്നതാണ് ജയരാജെൻറ വീഴ്ച. വിവാദ ആൽബം വീഴ്ചയാണെന്ന് നേതൃത്വം വിലയിരുത്തുേമ്പാൾ തങ്ങളുടെ സ്നേഹപ്രകടനം മാത്രമായാണ് അണികൾ കാണുന്നത്.
അപ്രതീക്ഷിത അടിയിൽ സംസ്ഥാന സമിതിയിൽ പി. ജയരാജൻ ക്ഷോഭിച്ചുവെങ്കിലും വിമർശനം ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നാണ് ഇപ്പോഴത്തെ നിലപാട്. സമ്മേളനകാലത്തുണ്ടായ നടപടി പി. ജയരാജനെ സംബന്ധിച്ച് കനത്ത പ്രഹരംതന്നെ. കണ്ണൂർ ജില്ല സെക്രട്ടറിയായി രണ്ടുതവണ പൂർത്തിയാക്കിയ പി. ജയരാജന് ഒരിക്കൽകൂടി സെക്രട്ടറിയാകാം. പുതിയ സാഹചര്യത്തിൽ എന്തുസംഭവിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ആർ.എസ്.എസ് വെല്ലുവിളി നെഞ്ചുറപ്പോടെ നേരിടുന്ന പി. ജയരാജൻ അക്രമത്തിെൻറ ജീവിക്കുന്ന രക്തസാക്ഷിയാണ്. കോൺഗ്രസ് കുത്തകയായിരുന്ന കണ്ണൂർ പാർലമെൻറ്, നിയമസഭ സീറ്റുകളും കോർപറേഷനും പിടിച്ചെടുത്ത ജില്ല സെക്രട്ടറിയാണ് അദ്ദേഹം. അരിയിൽ ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകളിൽ അറസ്റ്റിലായത് അണികളുടെ സഹതാപം നേടിക്കൊടുത്തു. ഇരട്ടച്ചങ്കെനന്ന് പിണറായിയെ വിളിച്ചവർ ജയരാജനെ കണ്ണൂരിൻ താരകമെന്നും ചെഞ്ചോര പൊൻകതിരെന്നും വിളിച്ചു. പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നുവെന്ന ഗുരുതര കുറ്റത്തിനുള്ള വിചാരണയാണ് ഏരിയ തലത്തിലേക്ക് കടന്ന പാർട്ടിസമ്മേളനങ്ങളിൽ പി. ജയരാജന് ഇനി നേരിടാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.