ന്യൂഡൽഹി: രാജി ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോട് സി.പി.എം പോളിറ്റ് ബ്യൂറോ. കരട് രാഷ്ട്രീയ പ്രമേയത്തിൽ തീരുമാനമെടുക്കാൻ ചേർന്ന കേന്ദ്ര കമ്മിറ്റി തെൻറ ബദൽ രേഖ തള്ളിയാൽ ജനറൽ സെക്രട്ടറിയായി തുടരാൻ താൽപര്യമില്ലെന്ന യെച്ചൂരിയുടെ വാദം തള്ളിയായിരുന്നു പി.ബിയുടെ നിലപാട്.
പാർട്ടി കോൺഗ്രസിലേക്ക് ഒരൊറ്റ കരട് രാഷ്ട്രീയ പ്രമേയം മാത്രം പോകുമെന്ന് ഉറപ്പുവരുത്തിയ പി.ബിയിലെ ഭൂരിപക്ഷം തങ്ങൾക്ക് മുന്നിൽ താൽക്കാലികമായെങ്കിലും ഉയർത്തിയ വെല്ലുവിളിയെ മറികടന്നിരിക്കുകയാണ്. അതേസമയം, സി.പി.എമ്മിലെ ഏറ്റവും ഉന്നത ഘടകമായ പാർട്ടി കോൺഗ്രസിലേക്ക് പോരാട്ടം കൊണ്ടുപോകാനാണ് വീഴ്ചയിലും പതറൽ പുറത്തുകാണിക്കാതെ യെച്ചൂരി പക്ഷത്തിെൻറ നീക്കം.
രാജിഭീഷണിയിലൂടെ കേന്ദ്ര കമ്മിറ്റിയിലെ വോെട്ടടുപ്പ് ഒഴിവാക്കാനായിരുന്നു കോൺഗ്രസ്ബന്ധ രേഖയിൽ പരാജയം തുറിച്ചുനോക്കിയതോടെ യെച്ചൂരിയുടെ തന്ത്രം. പാർട്ടി കോൺഗ്രസ് നടക്കുന്ന മൂന്നു വർഷത്തിനിടയിൽ പാർട്ടിയിലെ ഉന്നത ഘടകമായ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ രേഖ തള്ളുന്നതിെൻറ രാഷ്ട്രീയ, സംഘടന പ്രത്യാഘാതം ഏറ്റവും നന്നായി ബോധ്യമുള്ളതും അദ്ദേഹത്തിനായിരുന്നു.
ജനറൽ സെക്രട്ടറിക്ക് മേലുള്ള വിശ്വാസമില്ലായ്മയായി അത് വിലയിരുത്തപ്പെടാമെന്ന് തിരിച്ചറിഞ്ഞ ബംഗാളിൽ നിന്നുള്ള പി.ബി അംഗങ്ങൾ വോെട്ടടുപ്പ് ഒഴിവാക്കാനായി വാദിച്ചെങ്കിലും പി.ബിയിൽ ഭൂരിപക്ഷമുള്ള പ്രകാശ് കാരാട്ട് പക്ഷം വഴങ്ങിയില്ല. കോൺഗ്രസുമായി ഒരു തരത്തിലുള്ള സഹകരണവും പാടില്ലെന്ന് വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിലുള്ള കേരള ഘടകത്തിെൻറ വിട്ടുവീഴ്ചയില്ലാത്ത നിലപാടുംകൂടി ആയതോടെ യെച്ചൂരിയുടെ മുന്നിൽ വഴി അടഞ്ഞു. ഒക്ടോബറിൽ ഡൽഹിയിൽ ചേർന്ന സി.സിയിലും യെച്ചൂരിയുടെ നിലപാടിന് ഭൂരിപക്ഷം ലഭിച്ചില്ലായിരുന്നുവെങ്കിലും അന്ന് സമവായത്തിെൻറ പേരിൽ വോെട്ടടുപ്പ് ഒഴിവാക്കുകയായിരുന്നു.
അത്തരമൊരു സാഹചര്യം ഇനിയും അനുവദിക്കുന്നത് കോൺഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള ചർച്ചക്ക് പാർട്ടിക്കുള്ളിൽ ഇനിയും അവസരം ഒരുക്കുമെന്ന് കാരാട്ട്, കേരള ഘടകം ഉൾപ്പെടെ തിരിച്ചറിഞ്ഞു. കേരളത്തിൽ സംഘടന സമ്മേളനങ്ങളിലെ പൊതുസമ്മേളനങ്ങളിൽ കോൺഗ്രസ് ബന്ധത്തിനെതിരെ നേതാക്കൾ കേന്ദ്ര കമ്മിറ്റി തീരുമാനം വരും മുമ്പുതന്നെ നിശിതമായ വിമർശനമാണ് ഉന്നയിക്കുന്നത്. വിഷയത്തിൽ തീർപ്പുകൽപിക്കുന്നില്ലെങ്കിൽ രാഷ്ട്രീയ ശത്രുക്കൾക്ക് ഉൾപ്പെടെ അണികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും അവർ കണക്കുകൂട്ടുന്നു.
യെച്ചൂരിയുടെ നിലപാട് തള്ളിയത് കേരള ഘടകത്തിെൻറയും പിണറായി വിജയെൻറയും കൂടി വിജയമാണ്. വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ കേരള ഘടകത്തിന് താൽപര്യം എസ്. രാമചന്ദ്രൻ പിള്ളയെ ജനറൽ സെക്രട്ടറിയാക്കുകയായിരുന്നു. എന്നാൽ, പാർട്ടി കോൺഗ്രസിലെ ഭൂരിപക്ഷത്തിലാണ് യെച്ചൂരി ആ ലക്ഷ്യത്തെ മറികടന്നത്.
തങ്ങൾക്ക് സ്ഥിരം തലവേദനയായ വി.എസ്. അച്യുതാനന്ദനോട് താൽപര്യമുള്ള നേതാവ് എന്നനിലയിലും യെച്ചൂരിയോട് അത്ര നല്ല ബന്ധമല്ല കേരള നേതൃത്വത്തിന്. എന്നാൽ, അപ്പോഴും തങ്ങളുടെ ഒപ്പമുണ്ടായിരുന്ന തോമസ് െഎസക്കിെൻറ നിലപാടുമാറ്റം കേരള ഘടകത്തിന് തിരിച്ചടിയാണ്.
കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാന നേതൃത്വത്തിെൻറ പല നിലപാടുകളോടും വിയോജിപ്പുള്ള െഎസക് കഴിഞ്ഞ സി.സിയിലും യെച്ചൂരി ലൈനിനോട് അനുകൂലമായാണ് പ്രതികരിച്ചത്.
ഞായറാഴ്ച സി.സി വോട്ടിങ്ങിൽ പെങ്കടുക്കാതെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. ബജറ്റ് തയാറാക്കുന്നതിലെ തിരക്കാണ് കാരണമായി പറഞ്ഞതെങ്കിലും അതൃപ്തി പ്രവൃത്തിയിൽ വ്യക്തമാണെന്ന് നേതാക്കൾതന്നെ പറയുന്നു. തിരിച്ചടി ലഭിച്ചപ്പോഴും പാർട്ടി കോൺഗ്രസിൽ തങ്ങളുടെ വാദം ഉന്നയിക്കാനുള്ള അവസരം ലഭിച്ചത് പരമാവധി ഉപയോഗിക്കുകയാണ് യെച്ചൂരി, ബംഗാൾ ഘടകങ്ങൾക്ക് ഇനി മുന്നിലുള്ള അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.