സി.പി.എം സംസ്ഥാനസമിതി നാളെമുതല്‍; കൊല്‍ക്കത്ത പ്ലീനം പ്രമേയം ചര്‍ച്ചയാകും

തിരുവനന്തപുരം: സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കൊല്‍ക്കത്ത പ്ളീനം പ്രമേയം ചര്‍ച്ചചെയ്യുന്നതിനുള്ള സി.പി.എം സംസ്ഥാനസമിതി വെള്ളിയാഴ്ച മുതല്‍. ഇതിന് മുന്നോടിയായുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് വ്യാഴാഴ്ച ചേരും.

ഞായറാഴ്ച വരെയാണ് സംസ്ഥാനസമിതി. കേന്ദ്രനേതാക്കളുടെ സാന്നിധ്യത്തിലാവും ചര്‍ച്ച. സംഘടന പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള കൊല്‍ക്കത്ത പ്രമേയ നിര്‍ദേശങ്ങളുടെ സംസ്ഥാനത്തിലെ നിര്‍വഹണമാണ് സംസ്ഥാനസമിതിയുടെ അജണ്ട. സി.പി.എം അഖിലേന്ത്യ തലത്തില്‍ സംഘടന പ്ളീനം നടത്തുന്നതിന് മുമ്പുതന്നെ സംസ്ഥാന ഘടകം രണ്ട് ഘട്ടങ്ങളിലായി ആന്തരികശുദ്ധീകരണ പ്രക്രിയ നടത്തിയിരുന്നു.

തെറ്റുതിരുത്തല്‍ പ്രക്രിയയും പാലക്കാട് പ്ളീനവുമാണ് ഇവ. തെറ്റുതിരുത്തല്‍ പ്രക്രിയ മുകള്‍തട്ട് മുതല്‍ കീഴ്തട്ട് വരെ പൂര്‍ത്തീകരിച്ച ഘടകങ്ങളിലൊന്നായാണ് കേരളത്തെ പാര്‍ട്ടി കോണ്‍ഗ്രസ് അടക്കം ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുത്ത ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളെ പങ്കെടുപ്പിച്ച് പാലക്കാട് പ്ളീനവും നടത്തിയതിനാല്‍ കൊല്‍ക്കത്ത പ്ളീനം പ്രമേയം നടപ്പാക്കലിനെ സംഘടന നടപടിക്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാനനേതൃത്വം വിലയിരുത്തുന്നത്. പശ്ചിമബംഗാള്‍ ഘടകം ജില്ല കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ച് പ്ളീനം നടത്തിയിരുന്നു. എന്നാല്‍, സംസ്ഥാനതല പ്ളീനം നടന്ന സാഹചര്യത്തില്‍ സംസ്ഥാന സമിതിക്ക് കൊല്‍ക്കത്ത പ്രമേയം നടപ്പാക്കുന്നതിന് സംസ്ഥാനസമിതി മാത്രം വിളിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

പാര്‍ട്ടിയുടെ പലതലത്തിലുമുള്ള പ്രവര്‍ത്തകരിലും നേതാക്കളിലും ആഡംബരശൈലീജീവിതം, റിയല്‍ എസ്റ്റേറ്റ് ബന്ധം അടക്കമുള്ള തെറ്റുകള്‍ തിരുത്തണമെന്നാണ് പാലക്കാട് പ്ളീനം രേഖ നിര്‍ദേശിച്ചിരുന്നത്. അത് തുടരുന്നതിനുള്ള ചര്‍ച്ചയാവും സംസ്ഥാനസമിതിയിലും ഉരുത്തിരിയുക. മധ്യവര്‍ഗ ജീവനക്കാര്‍ക്കിടയില്‍ സ്വാധീനമുള്ളപ്പോഴും മധ്യവര്‍ഗ, സമ്പന്ന കര്‍ഷകര്‍ക്കിടയിലും മുസ്ലിം, ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ക്കിടയിലും യുവാക്കളുടെയും സ്ത്രീകളുടെയും മേഖലയിലും സ്വാധീനം വര്‍ധിപ്പിക്കുന്നതിനുള്ള സംഘടന നടപടികളും ചര്‍ച്ചയാവും.

 

Tags:    
News Summary - cpm pleenam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.