‘റവന്യു വിഷയങ്ങള്‍ മന്ത്രിയുടെ തറവാട്ടു സ്വത്തല്ല’: എ.ജിക്കെതിരെ സി.പി.ഐ മുഖപ​ത്രം

അഡ്വക്കേറ്റ്​ ജനറലിനെയും സ്റ്റേറ്റ് അറ്റോര്‍ണിയേയും വിമർശിച്ച്​ സി.പി.​െഎ മുഖപത്രമായ ജനയുഗം. ‘റവന്യൂ വിഷയങ്ങള്‍ റവന്യു മന്ത്രിയുടെ തറവാട്ടുസ്വത്തല്ല’ എന്ന അഡ്വക്കേറ്റ്​ ജനറലിന്‍റെ പരാമർശങ്ങളും മന്ത്രി തോമസ്​ ചാണ്ടിയുടെ കായൽ കൈയേറ്റകേസ്​ നടത്തിപ്പ്​ അഡീഷണൽ അഡ്വക്കേറ്റ്​ ജനറലിന്​ പകരം സ്​റ്റേറ്റ്​ അറ്റോർണിയെ ഏൽപ്പിക്കാനുമുള്ള ഏ.ജിയുടെ തീരുമാനമാണ്​ സി.പി.​െഎയെ പ്രകോപിച്ചിട്ടുള്ളത്​. ഭരണഘടനാദത്തമായ പദവികളില്‍ പുലര്‍ത്തേണ്ട മാന്യതയും മിതത്വവും എന്ന പേരിലാണ്​ കെ. ദിലീപ്​ ലേഖനം എഴതിയിട്ടുള്ളത്​. കെ.പി. രാജേന്ദ്രൻ റവന്യു മന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ അഡീഷണൽ പ്രൈവറ്റ്​ സെക്രട്ടറിയായിരുന്നു നിയമ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്​ഥനായിരുന്ന ദിലീപ്​. 

സംസ്ഥാന സര്‍ക്കാരിന് നിയമപാഠങ്ങള്‍ പറഞ്ഞു കൊടുക്കേണ്ട, സംസ്ഥാന നിയമസഭയില്‍ ഇരിപ്പിടത്തിന് അര്‍ഹതയുള്ള ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാള്‍ തികച്ചും ഔദ്യോഗികമായി ഒരു സംസ്ഥാനമന്ത്രി അയച്ച കത്തിന് മറുപടികത്ത് അയക്കുന്നതിനു പകരം ചാനലുകള്‍ക്ക് മുന്നില്‍ നിന്ന് അന്തസില്ലാതെ സംസാരിക്കാന്‍ മാത്രം അധഃപതിക്കരുത് എന്ന് മനസിലാക്കാന്‍പോലും വിവരമില്ലാത്തയാളാണോയെന്ന്​ ലേഖനത്തിൽ പറയുന്നു. ഒരു ഔദ്യോഗിക കത്തിന് എങ്ങനെയാണ് മറുപടി നല്‍കേണ്ടതെന്ന് സ്വന്തം ഓഫീസിലെ അസിസ്റ്റന്‍റിനോടെങ്കിലും ചോദിക്കുക. അയാള്‍ പറഞ്ഞുതരും. ഭരണഘടനാദത്തമായ പദവികളിലേക്ക് നിയോഗിക്കപ്പെടുന്നവര്‍ അതര്‍ഹിക്കുന്ന സാംസ്‌കാരികവും വൈജ്ഞാനികവുമായ ഔന്നത്യമുള്ളവരാണോ എന്ന് ജനങ്ങളില്‍ സംശയം വളര്‍ത്താനേ ഇത്തരം സംഭവങ്ങള്‍ ഉപകരിക്കൂ.

ഭരണഘടനാദത്തമായ പദവികള്‍ അലങ്കരിക്കുന്നവര്‍ വിനയത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും നിറകുടങ്ങളാവണം. അവയില്‍ നിന്ന് ഒരിക്കലും അവിവേകം തുളുമ്പില്ല. 1994ലെ ജോഗിന്ദര്‍സിങ്/സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസില്‍ സുപ്രിംകോടതി അര്‍ഥശങ്കക്കിടയില്ലാത്തവിധം സംസ്ഥാന സര്‍ക്കാരും അഡ്വക്കേറ്റ് ജനറലും തമ്മിലുള്ള ബന്ധം വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത വിധിയില്‍ ഇങ്ങനെ പറയുന്നു: ”അഡ്വക്കേറ്റ് ജനറലും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധം അടിസ്ഥാനപരമായി ഒരു വക്കീലും അയാളുടെ കക്ഷിയും തമ്മില്‍ അയാള്‍ കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് സ്റ്റേറ്റിനു വേണ്ടി ഹാജരാവുകയും വാദിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.”

അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെപ്പോലെ ഹൈകോടതിയിലെ സര്‍ക്കാര്‍ കേസുകള്‍ നടത്തുവാന്‍ പ്രാവീണ്യമുള്ള ഒരാളായിരിക്കില്ല പഴയ ‘ലെയ്‌സണ്‍ ഓഫീസര്‍’ പുനര്‍നാമകരണം ചെയ്യപ്പെട്ട ‘സ്റ്റേറ്റ് അറ്റോര്‍ണി.’ അദ്ദേഹം സര്‍ക്കാറിന്‍റെ ഹൈകോടതിയിലെ ദൈനംദിന കേസു കാര്യങ്ങള്‍ക്കായി കോടതികളിലും ഓഫീസുകളിലും ഓടിത്തളരുന്ന ഒരു അഭിഭാഷകനാണ്. അതിലും പ്രധാനപ്പെട്ട കാര്യം അദ്ദേഹം അഡ്വക്കേറ്റ് ജനറലിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമല്ലതാനും. ഈ സാഹചര്യത്തില്‍ റവന്യു വകുപ്പ് മന്ത്രി തികഞ്ഞ ആത്മാര്‍ഥതയോടെ റവന്യുവകുപ്പ് കസ്റ്റോഡിയനായ സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്ന ഒരു പ്രമാദമായ കേസില്‍ താന്‍കൂടി ഉള്‍പ്പെട്ട മന്ത്രിസഭയുടെ തീരുമാന പ്രകാരം നിയമിതനായ അഡ്വക്കേറ്റ് ജനറലിനോട് അഡ്വക്കേറ്റ് ജനറലിന്‍റെ തുല്യപ്രാധാന്യമുള്ള, റവന്യൂ കേസുകള്‍ നടത്തി പരിചയ സമ്പന്നനായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ ഏല്‍പ്പിക്കണം എന്ന് കത്തിലൂടെ അറിയിച്ചതില്‍ എന്താണ് അസാംഗ്യത്യമെന്ന് ഇന്ത്യന്‍ ഭരണഘടന ആകെ പരിശോധിച്ചാലും കാണാന്‍ സാധിക്കുകയില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ കേസുകള്‍ ഹൈകോടതിയില്‍ ഏറ്റവും ഫലപ്രദമായി നടത്തുക എന്നതാണ് അഡ്വക്കേറ്റ് ജനറലിന്‍റെ പ്രഥമവും പ്രാഥമികവുമായ കര്‍ത്തവ്യം എന്ന് മനസിലാക്കാന്‍ പ്രയാസമുണ്ടാവുകയില്ല. ഭരണഘടനയില്‍ ഈ പദവി വ്യവസ്ഥ ചെയ്തതും മറ്റൊരു കാരണത്താലല്ല. എന്നാല്‍, ഈയടുത്ത ദിവസങ്ങളിലെ പത്രവാര്‍ത്തകളില്‍ നിന്നും ഉരുത്തിരിയുന്ന ഒരു ചോദ്യം, സംസ്ഥാന സര്‍ക്കാര്‍ ഒരു അഭിഭാഷകനെന്ന നിലയില്‍ അഡ്വക്കേറ്റ് ജനറലിനെ ഏല്‍പ്പിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ആവശ്യമായ ശുഷ്‌കാന്തി പുലര്‍ത്തുന്നുണ്ടോ എന്നതാണ്. 

റവന്യൂവകുപ്പ് മന്ത്രി, സംസ്ഥാനത്തെ മറ്റൊരു മന്ത്രി തന്നെ ഉള്‍പ്പെട്ട, സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയത് സംബന്ധിച്ച വളരെയധികം വാര്‍ത്താ പ്രാധാന്യമുള്ള ഒരു കേസ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ തന്നെ കോടതിയില്‍ വാദിക്കാന്‍ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കത്തു നല്‍കുന്നു. അത്തരമൊരു കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ആ മന്ത്രിക്ക് റവന്യൂവകുപ്പിന്‍റെ ചുമതലക്കാരനെന്ന നിലയില്‍ ഉള്ള ആത്മാര്‍ഥതയുടെയും നിയമം നടപ്പിലാക്കുവാനുള്ള ആര്‍ജ്ജവത്തിന്‍റെയും ഉദാഹരണമാണത്. എന്നാല്‍, അഡ്വക്കേറ്റ് ജനറലാവട്ടെ ആ കേസ് നടത്തുവാനായി ഏല്‍പ്പിക്കുന്നത് സ്റ്റേറ്റ് അറ്റോര്‍ണിയെയാണ്. 

കേരള സര്‍ക്കാര്‍ ഗവണ്‍മെന്‍റ് ലോ ഓഫീസേഴ്‌സ് (അപ്പോയിന്‍റ്മെന്‍റ് ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആന്‍റ് കണ്ടക്ട് ഓഫ് കേസസ് റൂള്‍സ് 1978-ല്‍ ഖണ്ഡിക 20-ല്‍ ‘സ്റ്റേറ്റ് അറ്റോര്‍ണി’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ‘ലെയ്‌സണ്‍ ഓഫീസറുടെ’ ഉത്തരവാദിത്വങ്ങള്‍ വിവരിക്കുന്നുണ്ട്. മറ്റൊരു പ്രധാന കാര്യം 2016 ഡിസംബര്‍ 28ലെ സര്‍ക്കാര്‍ ഉത്തരവ് പി നം. 18/2016/നിയമ വകുപ്പ് പ്രകാരം സര്‍ക്കാര്‍ ലാ ഓഫീസേഴ്‌സ് ചട്ടങ്ങളില്‍, ചട്ടം 20ല്‍ ‘അഡ്വക്കേറ്റ് ജനറലിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും സ്റ്റേറ്റ് അറ്റോര്‍ണി ചുമതലകള്‍ നിര്‍വഹിക്കുക എന്നതിന് പകരം’ താഴെ പറയുന്നവയായിരിക്കും സ്റ്റേറ്റ് അറ്റോര്‍ണിയുടെ ഹൈകോടതിയിലെ ചുമതലകള്‍ എന്ന് ഭേദഗതി വരുത്തിയതിലൂടെ അഡ്വക്കേറ്റ് ജനറലിന് സ്റ്റേറ്റ് അറ്റോര്‍ണിയിലുള്ള ഭരണപരമായ നിയന്ത്രണം അവസാനിക്കുകയും ചെയ്തുവെന്നും ലേഖനത്തിൽ പറയുന്നു.

Tags:    
News Summary - CPI Mouth Piece Janayugam Attack to Advocate General CP Sudhakara Prasad -Politic's News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.