കാസർകോട്: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ചയാളെ പാർട്ടിയിൽ തിരിച്ചെടുത്ത തീരുമാനം നേതാക്കളുടെ രാജിഭീഷണിയെ തുടർന്ന് കെ.പി.സി.സി റദ്ദാക്കി. ഇതോടെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് രാജിക്കത്ത് നൽകിയ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെയുള്ള നേതാക്കൾ രാജി പിൻവലിച്ചു.
കോൺഗ്രസ് മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡൻറ് ഡി.എം.കെ. മുഹമ്മദിെൻറ സസ്പെന്ഷന് പിന്‍വലിച്ച നടപടിയാണ് കെ.പി.സി.സി റദ്ദാക്കിയത്. ഇക്കാര്യം കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി തിങ്കളാഴ്ച ഇ-മെയിൽ മുഖേന ജില്ല കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍ എന്നിവർക്കാണ് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. രാജിഭീഷണി മുഴക്കിയ നേതാക്കൾക്കും സന്ദേശം ലഭിച്ചു. പ്രശ്നപരിഹാരത്തിന് കാസര്‍കോട്ടെ ബന്ധപ്പെട്ട നേതാക്കളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും അറിയിപ്പിൽ പറയുന്നു. എ വിഭാഗത്തിൽപെട്ട 11 ഡി.സി.സി ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള നേതാക്കളാണ് കഴിഞ്ഞദിവസം രാജിക്കത്ത് നൽകിയത്. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹർഷാദ് വോർക്കാടിയും സ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോർക്കാടി ഡിവിഷനിൽ ഒൗദ്യോഗിക സ്ഥാനാർഥിയായ ഹർഷാദ് വോർക്കാടിക്കെതിരെയാണ് ഡി.എം.കെ. മുഹമ്മദ് വിമതനായി മത്സരിച്ചത്. സസ്പെൻഷനിലായിരുന്ന ഇയാളെ ഏപ്രിൽ 24നാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.
പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചന നടത്താതെ തിരിച്ചെടുക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് രാജിനീക്കം ഉണ്ടായത്. ഡി.എം.കെ. മുഹമ്മദ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വേണ്ടി പൊതുവേദിയിൽ പ്രസംഗിച്ചിരുന്നു എന്നും ആരോപണമുണ്ട്. രാജിക്കത്ത് നൽകിയവരും അവരെ അനുകൂലിക്കുന്നവരുമായ നേതാക്കൾ കെ.പി.സി.സി നിര്‍വാഹകസമിതി അംഗം പി. ഗംഗാധരൻനായരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ കാസർകോട്ട് യോഗം ചേർന്നിരുന്നു. അതിനിെടയാണ് കെ.പി.സി.സി തീരുമാനം മരവിപ്പിച്ചതായി അറിയിപ്പ് ലഭിച്ചത്. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജിക്കത്ത് നൽകിയത് ഭരണം നഷ്ടമാകാൻ ഇടയാക്കിയേക്കുമെന്ന് ആശങ്കയുയർന്ന സാഹചര്യത്തിൽ യു.ഡി.എഫ് ജില്ല ചെയർമാൻ ചെർക്കളം അബ്ദുല്ല കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനും രാജി പിൻവലിപ്പിക്കാനും കോൺഗ്രസ് നേതൃത്വം ഉടൻ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.