ഡി.സി.സി പ്രസിഡന്‍റ് പട്ടിക ഹൈകമാന്‍ഡ് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസിന്‍െറ ഡി.സി.സി പ്രസിഡന്‍റുമാരെല്ലാം മാറുമെന്ന് ഉറപ്പായി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ കൂടിക്കാഴ്ചയില്‍ ഇതിനുള്ള ചുരുക്കപ്പട്ടികക്ക് രൂപമായി. ഇനി ഡി.സി.സി പ്രസിഡന്‍റുമാരുടെ പട്ടിക കേന്ദ്രം അന്തിമമായി തയാറാക്കും.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ വെവ്വേറെ കൂടിക്കാഴ്ച നടത്തി. എല്ലാ ജില്ല പ്രസിഡന്‍റുമാരുടെയും കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളോട് അഭിപ്രായം ചോദിച്ചിരുന്നു. അവര്‍ പ്രത്യേകം പട്ടിക നല്‍കുകയും ചെയ്തിട്ടുണ്ട്.

പൊതുവായി ഉയര്‍ന്നുവന്ന പേരുകള്‍ സ്വീകരിക്കുകയും മറ്റുള്ള ജില്ലകളുടെ കാര്യത്തില്‍ ഹൈകമാന്‍ഡ് തീരുമാനമെടുക്കുകയുമാണ് ചെയ്യുക. ഹൈകമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിന് കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് കെ. മുരളീധരനും ഡല്‍ഹിയിലുണ്ട്.

സഹകരണ ബാങ്ക് വിഷയത്തിലെ പ്രക്ഷോഭം സംബന്ധിച്ച ഭിന്നതയും രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നുവെന്നാണ് സൂചന. എന്നാല്‍, ഇടതുമുന്നണിയുമായി ചേര്‍ന്ന് സമരത്തിന് പോകുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുമെന്ന കാഴ്ചപ്പാട് സുധീരന്‍ ആവര്‍ത്തിക്കുകയാണ് ഉണ്ടായത്.

എ.ഐ.സി.സി നിര്‍ദേശിച്ച അഖിലേന്ത്യ സമരപരിപാടിയുടെ ഭാഗമായി കോണ്‍ഗ്രസ് ജില്ലതലങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവും സുധീരന്‍ നടത്തി.യു.ഡി.എഫ് എം.എല്‍.എമാര്‍ ഒന്നിച്ച് രാജ്ഭവന്‍ പിക്കറ്റിങ് നടത്തുന്നത് സഖ്യകക്ഷികളെ തൃപ്തിപ്പെടുത്തുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

 

Tags:    
News Summary - Congress-party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.