തിരുവനന്തപുരം: പുതിയ കെ.പി.സി.സി നേതൃത്വം ചുമതലയേറ്റശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരും. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡൻറായി ചുമതലയേറ്റ അന്ന് രാഷ്ട്രീയകാര്യ സമിതി ചേർന്നെങ്കിലും ചർച്ചനടന്നില്ല. ശബരിമല, മദ്യ നിർമാണ ശാലകൾക്കുള്ള അനുമതി, ഇന്ധനനികുതി വിഷയങ്ങൾ മുന്നിലുണ്ടെങ്കിലും കെ.പി.സി.സി ഭാരവാഹികളെ നിയമിക്കുേമ്പാൾ സ്വീകരിക്കേണ്ട മാനദണ്ഡമാകും പ്രധാനമായും ചർച്ചചെയ്യുക. പുനഃസംഘടന ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം മതിയെന്ന വാദം ചിലർ ഉന്നയിക്കുന്നുണ്ടെങ്കിലും കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് നിയമനത്തിൽ പ്രാതിനിധ്യം ലഭിക്കാതെപോയ കത്തോലിക്ക വിഭാഗം നേതാക്കളുടേതടക്കം പരാതി പരിഹരിക്കേണ്ടതുണ്ട്.
സാമുദായിക സന്തുലിതത്വം പാലിച്ച് പുനഃസംഘടനയെന്നതാണ് ഹൈകമാൻഡ് നിർദേശം. ലോക്സഭ തെരെഞ്ഞടുപ്പിന് പുതിയ ടീം എന്നതാണ് ലക്ഷ്യം. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന ചർച്ച നീട്ടാനിടയില്ല. നിലവിലെ ഭാരവാഹികൾ തുടരുന്നതിനുള്ള മാനദണ്ഡവും സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡൻറുമാരുടെ കാര്യവും തീരുമാനിക്കണം. ഡി.സി.സി പ്രസിഡൻറുമാരെ മാറ്റിനിയമിച്ചെങ്കിലും ജംബോ കമ്മിറ്റികൾ തുടരുകയാണ്. നൂറിലേറെ ഭാരവാഹികളാണ് ഡി.സി.സികൾക്ക്. ബൂത്ത്, മണ്ഡലം പുനഃസംഘടന നടന്നുവരികയാണ്. എന്നാൽ, ബ്ലോക്ക് കമ്മിറ്റികൾ പഴയതുപോലെ തുടരുന്നു. അക്കാര്യവും ചർച്ചക്ക് വരും.
ലോക്സഭ തെരഞ്ഞെടുപ്പിന് തയാറെടുപ്പ് ആരംഭിക്കേണ്ടതുള്ളതിനാൽ, ബ്ലോക്ക് കമ്മിറ്റികളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഒന്നിലേറെപേർക്ക് ചുമതലനൽകുന്നതും ആലോചിക്കുന്നുണ്ട്. പാർട്ടി പത്രം, ഗവേഷണവിഭാഗം എന്നിവയുടെ ചുമതല, വർക്കിങ് പ്രസിഡൻറുമാരുടെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിലും തീരമാനമുണ്ടായേക്കും. തിങ്കളാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം ഡിസ്റ്റിലറി-ബ്രൂവറി, ശബരിമല, ഇന്ധനനികുതി വിഷയങ്ങളിൽ പ്രത്യക്ഷസമരം പ്രഖ്യാപിച്ചാൽ കോൺഗ്രസ് സ്വന്തംനിലക്ക് പ്രേക്ഷാഭത്തിലേക്ക് പോകില്ല. പുതിയ കെ.പി.സി.സി പ്രസിഡൻറും ഭാരവാഹികളും ജില്ലകളിൽ പര്യടനം നടത്തുന്നുണ്ട്. ഇതിനുള്ള തീയതിയും സമിതി പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.