കോണ്‍ഗ്രസോ..?  ആം ആദ്മിയോ..?  പഞ്ചാബില്‍ ഇഞ്ചോടിഞ്ച്

പ്രചാരണത്തിന്‍െറ കൊട്ടിക്കലാശത്തില്‍ ഇക്കുറി പഞ്ചാബ് ഇളകിമറിഞ്ഞു. സംസ്ഥാനം ഇതാദ്യമായി കാണുന്ന ത്രികോണ മത്സരത്തിന്  മുമ്പില്ലാത്തവിധം വീറും വാശിയുമാണ്. ആകെയുള്ള 117 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി ശനിയാഴ്ചയാണ് പോളിങ്. പരസ്യപ്രചാരണം വ്യാഴാഴ്ച അവസാനിക്കുമ്പോള്‍  ഒരു കാര്യം ഉറപ്പായി. ഭരണകക്ഷിയായ അകാലിദള്‍ - ബി.ജെ.പി സഖ്യത്തിന് അത്ര പന്തിയല്ല കാര്യങ്ങള്‍. ഭരണവിരുദ്ധ വികാരം പ്രകടമാണ്. അകാലിദള്‍ -ബി.ജെ.പി സഖ്യത്തിന്‍െറ ഭരണത്തുടര്‍ച്ചക്ക് വോട്ടു ചോദിച്ചത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികളില്‍പോലും കസേരകള്‍ ഒഴിഞ്ഞുകിടന്നു.

മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്‍െറയും മകന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന്‍െറയും റാലികളില്‍ ആളുകളെ നിറക്കുന്നുണ്ടെങ്കിലും ആവേശം ഒട്ടുമില്ല. അഞ്ചു വര്‍ഷത്തില്‍ സര്‍ക്കാറിനെ മാറ്റുന്ന പതിവ് കേരളത്തെപോലെ പഞ്ചാബിന്‍െറയും ശീലമാണ്. അത് തിരുത്തി ചരിത്രത്തിലാദ്യമായി 2012ല്‍  അധികാരം നിലനിര്‍ത്തിയ ബാദല്‍  ഇക്കുറി വീഴും. പ്രചാരണ റാലികളിലെ തണുപ്പന്‍ പ്രതികരണവും മുഖ്യമന്ത്രിക്കുനേരെ ആവര്‍ത്തിക്കുന്ന ചെരിപ്പേറും നല്‍കുന്ന സൂചന മറ്റൊന്നല്ല. അകാലി സഖ്യത്തിന്‍െറ ജൂനിയര്‍ പാര്‍ട്ണര്‍ മാത്രമായ ബി.ജെ.പിയാകട്ടെ,  നോട്ടു നിരോധനത്തില്‍ പ്രതിരോധത്തിലുമാണ്.  

കോണ്‍ഗ്രസിന് നല്ല സ്വാധീനമുള്ള  സംസ്ഥാനമാണ് കോണ്‍ഗ്രസ്.  2012ല്‍ കോണ്‍ഗ്രസിന്‍െറ സീറ്റുകളുടെ എണ്ണം 46ഉം അകാലിദളിന്‍േറത് 56ഉം ആയിരുന്നു. എന്നാല്‍, വോട്ട് വിഹിതത്തില്‍ അകാലിദളിനെക്കാള്‍ നാലു ശതമാനം മുന്നിലായിരുന്നു കോണ്‍ഗ്രസ്. അമരീന്ദറിന്‍െറ നേതൃത്വവും ബി.ജെ.പി വിട്ട നവജ്യോത് സിങ് സിദ്ദുവിന്‍െറ സാന്നിധ്യവും ഇക്കുറി കോണ്‍ഗ്രസിന് വലിയ ഊര്‍ജം നല്‍കുന്നുണ്ട്. എന്നാല്‍, കെജ്രിവാളിന്‍െറ സാന്നിധ്യമാണ് കോണ്‍ഗ്രസിനും അകാലി-ബി.ജെ.പി സഖ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നത്.  ഭരണവിരുദ്ധ വോട്ടുകള്‍ വലിയ അളവില്‍ ആകര്‍ഷിക്കുന്നത് ആം ആദ്മിയാണ്. ബാദലിന്‍െറ തട്ടകമായ മാള്‍വ മേഖലയിലും ആപിന് പിന്തുണയുണ്ട്. 

ആം ആദ്മി പിടിക്കാന്‍ പോകുന്നത് അകാലിദളിന്‍െറ വോട്ടുകളായിരിക്കുമെന്നാണ്  കോണ്‍ഗ്രസിന്‍െറ കണക്കുകൂട്ടല്‍.  എന്നാല്‍, 2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കെടുത്താല്‍ ആം ആദ്മി കോണ്‍ഗ്രസിന്‍െറയും അകാലിദളിന്‍െറയും വോട്ട് ഒരുപോലെ ചോര്‍ത്തുന്നതായാണ് മനസ്സിലാവുക. 

2014ല്‍ കെജ്രിവാളിന്‍െറ പാര്‍ട്ടിയുടെ പഞ്ചാബിലെ വോട്ടുവിഹിതം 24 ശതമാനമാണ്. കോണ്‍ഗ്രസിന്‍െറയും അകാലിദള്‍ - ബി.ജെ.പി സഖ്യത്തിന്‍െറയും ഏഴു ശതമാനം വീതം വോട്ടുകളാണ് ചോര്‍ന്ന് ആം ആദ്മിയിലേക്ക് പോയത്. രാഹുലും അമരീന്ദറും സിദ്ദുവും നയിക്കുന്ന കോണ്‍ഗ്രസ് റാലികളിലെന്നപോലെ കെജ്രിവാളും ഭഗവന്ത് മാനും നയിക്കുന്ന റാലികളിലും നല്ല ആള്‍ക്കൂട്ടമുണ്ട്. ബാദല്‍ വീഴുമ്പോള്‍ ബദല്‍ ആരെന്ന ചോദ്യത്തിന് പക്ഷേ ഉത്തരം ഉറപ്പിച്ച് പറയാനാകില്ല. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസാണ് വരേണ്ടത്.

പക്ഷേ, മൂന്നാം ബദലായി ഉയര്‍ന്ന ആം ആദ്മി ഉയര്‍ത്തുന്ന വെല്ലുവിളി ചില്ലറയല്ല. കോണ്‍ഗ്രസിനും ആം ആദ്മിക്കുമിടയില്‍ ഇഞ്ചോടിഞ്ചാണ് പോരാട്ടം. അമരീന്ദറും സിദ്ദുവും നയിക്കുന്ന കോണ്‍ഗ്രസിന് പകരംവെക്കാന്‍ ഒരു പഞ്ചാബി നേതൃമുഖം ആം ആദ്മിക്കില്ല. അതിന്‍െറ മുന്‍തൂക്കം കോണ്‍ഗ്രസിനുണ്ട്.  ആം ആദ്മിയെക്കാള്‍ സീറ്റ് കോണ്‍ഗ്രസ് നേടിയേക്കും. എങ്കിലും  കേവല ഭൂരിപക്ഷത്തിനുള്ള 59 സീറ്റ് ഉറപ്പില്ല. അങ്ങനെയാകുമ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭക്കുള്ള സാധ്യതയുമുണ്ട്. ഭരണവിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിനും ആപ്പിനുമിടയില്‍ ഭിന്നിച്ചുപോകുമ്പോള്‍ കഷ്ടിച്ച് കടന്നുകൂടാമെന്ന പ്രതീക്ഷ അകാലിദള്‍ ഇപ്പോഴും പങ്കുവെക്കുന്നുണ്ട്. പക്ഷേ, അത് പുലരാനുള്ള സാധ്യത ഒട്ടുമില്ല. 

Tags:    
News Summary - congress or aam admi? punjab has tight strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.