യു.പിയില്‍ കുടുംബകലഹമടങ്ങുന്നില്ല

ലഖ്നോ: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സമാജ്വാദി പാര്‍ട്ടിയില്‍ കലഹമടങ്ങുന്നില്ല. കുടുംബവും പാര്‍ട്ടിയും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് അധ്യക്ഷന്‍ മുലായംസിങ് യാദവ്  പ്രഖ്യാപിച്ച് 24 മണിക്കൂറിനകം വീണ്ടും വെടിപൊട്ടി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറ അടുത്ത അനുയായിയും ജൂനിയര്‍ മന്ത്രിയുമായ തേജ്നാരയ്ന്‍ പാണ്ഡെ എന്ന പവന്‍ പാണ്ഡെയെ  എസ്.പിയുടെ യു.പി  അധ്യക്ഷനായ ശിവപാല്‍ യാദവ് പാര്‍ട്ടിയില്‍നിന്ന് ആറുവര്‍ഷത്തേക്ക് പുറത്താക്കി. ‘അച്ചടക്കരാഹിത്യ’മാണ് കുറ്റം.

പവന്‍ പാണ്ഡെയും പാര്‍ട്ടി നിയമസഭാ കൗണ്‍സില്‍ അംഗം അഷു മാലിക്കുമായി പാര്‍ട്ടി യോഗത്തില്‍ വാക്കേറ്റമുണ്ടായിരുന്നു. പാണ്ഡെ തന്നെ മര്‍ദിച്ചുവെന്ന അഷു മാലിക്കിന്‍െറ പരാതിയിലാണ് നടപടി. പാണ്ഡെയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് അഖിലേഷ് യാദവിന് കത്തയച്ചതായും അച്ചടക്ക നടപടി വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ശിവ്പാല്‍ യാദവ് അറിയിച്ചു. പാര്‍ട്ടിയിലും മുലായം കുടുംബത്തിലും പ്രശ്നങ്ങളൊന്നുമില്ളെന്ന് ശിവ്പാല്‍ യാദവ് പറഞ്ഞു.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവിനെ ഷാജഹാനായും അഖിലേഷ് യാദവിനെ ഒൗറംഗസീബായും ഉപമിച്ച് ഒരു ഇംഗ്ളീഷ് പത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ചാരായാന്‍ അഖിലേഷ് തന്നെ വിളിപ്പിക്കുകയായിരുന്നെന്നും മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ച് പവന്‍ പാണ്ഡെ തന്നെ ആക്രമിക്കുകയായിരുന്നെന്നും സംഭവത്തിനുശേഷം അഷു മാലിക് വിശദീകരിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ അഖിലേഷ് വസതിയിലുണ്ടായിരുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. പാണ്ഡെക്കെതിരെ മാലിക് പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

എന്നാല്‍, തനിക്കെതിരായ ഗൂഢാലോചനയാണെന്നാണ് പാണ്ഡെയുടെ പക്ഷം. ഒരു കടലാസിലെഴുതി തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയാലും മുലായമും അഖിലേഷും തന്‍െറ ഹൃദയത്തില്‍ നിലനില്‍ക്കുമെന്ന് പാണ്ഡെ പറഞ്ഞു.  പാര്‍ട്ടിയും കുടുംബവും ഒറ്റക്കെട്ടാണെന്ന് മുലായം സിങ് യാദവ് പ്രഖ്യാപിച്ചതിനു പിറ്റേന്നാണ് അഖിലേഷിന്‍െറ അടുപ്പക്കാരനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നത്.  

അതിനിടെ, അഖിലേഷ് യാദവ് ഗവര്‍ണര്‍ രാംനായികിനെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതി വിശദീകരിച്ചു. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയില്ളെന്ന്  15 മിനിറ്റ് നേരത്തെ കൂടിക്കാഴ്ചയില്‍ അഖിലേഷ് ഗവര്‍ണറെ ധരിപ്പിച്ചതായാണ് വിവരം. ഉപചാര കൂടിക്കാഴ്ചയായിരുന്നെന്നും ദീപാവലി ദിവസം ഗവര്‍ണര്‍ സംസ്ഥാനത്തിന് പുറത്തുപോകുന്നതിനാല്‍ നേരത്തേ ആശംസ അറിയിക്കാനായിരുന്നു സന്ദര്‍ശനമെന്നും ഒൗദ്യോഗിക വക്താവ് അറിയിച്ചു.

നേരത്തേ അനുമതി ചോദിച്ചുള്ള സന്ദര്‍ശനമായിരുന്നെങ്കിലും രാഷ്ട്രീയ കുഴഞ്ഞുമറിച്ചിലിനിടയില്‍ അഖിലേഷിന്‍െറ കൂടിക്കാഴ്ചയെക്കുറിച്ച് പലതരം അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. പിന്തുണക്കുന്ന എം.എല്‍.എമാരുടെ പട്ടിക ഗവര്‍ണര്‍ ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്. ശിവപാല്‍ യാദവ് അടക്കം നാലുപേരെ പുറത്താക്കിയതിനാല്‍ പകരം മന്ത്രിമാരെക്കുറിച്ച് ചര്‍ച്ചചെയ്യാനായിരുന്നു സന്ദര്‍ശനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. അതിനിടെ, കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ബി.ജെ.പിയും ശ്രമം തുടങ്ങി. അഖിലേഷിന് ഭരണത്തില്‍ തുടരാനുള്ള ഭൂരിപക്ഷമുണ്ടോ എന്നാണ് ബി.ജെ.പിയുടെ ചോദ്യം. അവിശ്വാസപ്രമേയത്തിലൂടെ ഭരണകക്ഷിയെ സമ്മര്‍ദത്തിലാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. 224 എം.എല്‍.എമാരുമായി അധികാരത്തിലേറിയ അഖിലേഷിന് 185 പേരുടെ പിന്തുണ ഇപ്പോഴുമുണ്ട്. അഖിലേഷിനെ പുറത്താക്കാന്‍ സമാജ്വാദി പാര്‍ട്ടി വിപ്പ് കൊടുത്താല്‍  പിളര്‍പ്പുവരെ നേരിടേണ്ടിവരും.

Tags:    
News Summary - burning UP politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.