ന്യൂഡൽഹി: കർണാടകയിൽ കാലിടറിവീണതോടെ തെക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ താമരമോഹങ്ങൾക്ക് ദ്രുതവാട്ടം. ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വന്തംനിലക്ക് നേട്ടമുണ്ടാക്കാൻ കഴിയാത്ത തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ സഖ്യസാധ്യതകളും മങ്ങി. ഏറെ പ്രതീക്ഷവെച്ച കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം വന്നതോടെ ആശങ്ക വർധിച്ചു. കർണാടകയിൽ അധികാരത്തിൽ വരുന്നതിനൊപ്പം എല്ലാ സംസ്ഥാനങ്ങളിലും സഖ്യകക്ഷി സാധ്യതകൾ ബി.ജെ.പി പ്രതീക്ഷിച്ചതാണ്. ആന്ധ്രപ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസ്, തെലങ്കാനയിൽ ടി.ആർ.എസ്, തമിഴ്നാട്ടിൽ എ.െഎ.എ.ഡി.എം.കെ എന്നിവയുമായി സഖ്യം സ്വപ്നംകണ്ടതാണ്. എന്നാൽ, പ്രതീക്ഷകൾ കൈവിടുകയാണ്.
ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവിയോടെ കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ ബി.ജെ.പി തയാറാവുന്നില്ലെന്ന കാരണം പറഞ്ഞാണ് ചന്ദ്രബാബു നായിഡു നയിക്കുന്ന ടി.ഡി.പി ബി.ജെ.പി സഖ്യം അവസാനിപ്പിച്ചത്. പുതിയ സംസ്ഥാനത്തിെൻറ വികസനപ്രശ്നങ്ങളിൽ ജനരോഷം വർധിച്ച പശ്ചാത്തലത്തിൽകൂടിയാണ് ടി.ഡി.പി മുന്നണി വിടാൻ തീരുമാനിച്ചത്. ടി.ഡി.പിയെ കൂസാതിരുന്ന ബി.ജെ.പി, ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിനെ ഉന്നംവെച്ചാണ് നിന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ജഗനാണ് കൂടുതൽ സാധ്യത. എന്നാൽ, മോദി സർക്കാറിനെ പഴിചാരി ടി.ഡി.പി പ്രചാരണം ശക്തമാക്കിയതിനാൽ, ബി.ജെ.പിക്കൊപ്പം പോയാൽ തിരിച്ചടി കിട്ടുമെന്ന പരുവത്തിലാണ് ജഗൻ.
ഫെഡറൽ മുന്നണിയുമായി ഇറങ്ങിയ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ബി.ജെ.പിക്കുവേണ്ടിയുള്ള കളിയാണ് നടത്തുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഇപ്പോഴാകെട്ട, ഫെഡറൽ മുന്നണിയുടെ നേതൃത്വം ഏറ്റെടുത്ത് ബി.ജെ.പിയോട് യുദ്ധം പ്രഖ്യാപിച്ചുനിൽക്കുകയാണ് മമത. തെരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യങ്ങൾ നോക്കിയല്ലാതെ ടി.ആർ.എസ് ഇനി തീരുമാനമെടുക്കില്ല.
കർണാടക ഫലം വന്നതോടെ തമിഴ്നാട്ടിൽ രജനീകാന്ത് ബി.ജെ.പിയെ തള്ളിപ്പറഞ്ഞു. ജയലളിത ഇല്ലാത്ത തമിഴക രാഷ്ട്രീയത്തിൽ എ.െഎ.എ.ഡി.എം.കെയെ സ്വാധീനിക്കാനുള്ള നീക്കങ്ങൾക്കും തിരിച്ചടിയാണ് കർണാടക ഫലം. കർണാടകയിലാകെട്ട, കോൺഗ്രസും ജെ.ഡി.എസും ഒന്നിച്ചുനിൽക്കുന്ന കാലത്തോളം നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിയില്ല. കേരളത്തിലാകെട്ട, ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കാൻ അനിശ്ചിതമായി കാത്തിരിക്കണം. കോൺഗ്രസിനും മൂന്നാംചേരി പാർട്ടികൾക്കും അനുകൂലമായ കാലാവസ്ഥയാണ് അഞ്ചു സംസ്ഥാനങ്ങളിലും ഇപ്പോൾ. കർണാടകയിൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യമാണെങ്കിൽ തമിഴ്നാട്ടിൽ ഇനി നേട്ടമുണ്ടാക്കാൻ പോകുന്നത് യു.പി.എ സഖ്യകക്ഷിയായ ഡി.എം.കെയാണ്.
ആന്ധ്രയിൽ കൂടുതൽ നേട്ടമുണ്ടാക്കുമെന്നു കരുതുന്ന ജഗൻ ബി.ജെ.പിയോട് അകലംപാലിക്കുകയും ചന്ദ്രബാബു നായിഡു മൂന്നാംചേരിയോട് അടുക്കുകയുമാണ്. ചന്ദ്രശേഖര റാവു തെരഞ്ഞെടുപ്പു കഴിഞ്ഞ് മനസ്സു തുറക്കാനാണ് സാധ്യത. കേരളത്തിലെ 20 സീറ്റും പതിവുപോലെ ബി.ജെ.പി വിരുദ്ധ ചേരി സ്വന്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.