ന്യൂഡൽഹി: ഗവർണർ പി. സദാശിവത്തിനുനേരെ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനും സംഘവും വിരട്ടൽ ഭാഷ പ്രയോഗിച്ചതിനെ മുതിർന്ന നേതാവ് ഒ. രാജഗോപാലിനു പിന്നാലെ കേന്ദ്രനേതാക്കളും തള്ളിപ്പറഞ്ഞു. എന്നാൽ, നിലപാട് ശോഭ സുരേന്ദ്രൻ ആവർത്തിച്ചു. ഗവർണർ ചട്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളോട് എല്ലാവർക്കും ബഹുമാനം വേണം. എത്ര തന്നെ െവല്ലുവിളി നിറഞ്ഞ സാഹചര്യമായാലും വികാരം ഉണ്ടായാലും, ഭരണഘടനാ പദവികളെ മാനിക്കേണ്ടതും ബഹുമാനിക്കേണ്ടതും ജനാധിപത്യ- സംവിധാനത്തിൽ ആവശ്യമാണ്.
എന്നാൽ, മന്ത്രിയുടെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും നേരത്തേ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയെന ഭയമുണ്ടെങ്കിൽ കസേര ഒഴിയണമെന്നു തന്നെയാണ് തെൻറ നിലപാട്. താൻ പറഞ്ഞതിൽ മാന്യതക്കുറവൊന്നുമില്ല. ഇരിക്കുന്ന കസേരയോടു ഗവർണർ നീതി പുലർത്തണം. ഗവർണർക്കു മുന്നിൽ പല മാർഗങ്ങളുണ്ട്. അദ്ദേഹത്തിന് കണ്ണൂർ എന്തുകൊണ്ട് സന്ദർശിച്ചു കൂടാ? ജില്ല കലക്ടറോട് റിപ്പോർട്ട് തേടിക്കൂടാ? ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ചോദിക്കാനും ഗവർണർക്കു കഴിയും. കേന്ദ്രത്തിന് റിപ്പോർട്ട് നൽകാം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വിവരം ധരിപ്പിക്കാം. മുഖ്യമന്ത്രിയോട് കാര്യങ്ങൾ തിരക്കാം. എന്നാൽ, ഗവർണർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്.
സുപ്രീംകോടതി നിർദേശം അനുസരിച്ച് ഡി.ജി.പിയായി നിയമനം നൽകേണ്ടി വന്ന സെൻകുമാറിനെ ഒതുക്കാൻ ഭരണകൂട ഒത്താശയോടെ ആസൂത്രണം ചെയ്തതാണ് ബിജുവിെൻറ കൊലപാതകമെന്നും ശോഭ പറഞ്ഞു. ഒ. രാജഗോപാൽ നിയമസഭയിൽ പറഞ്ഞ അഭിപ്രായത്തിൽ തനിക്കൊന്നും പറയാനില്ല. അദ്ദേഹം ഗുരുവാണ്. ഗുരുക്കന്മാരെ മാതാപിതാക്കളേക്കാൾ ബഹുമാനിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ നിർദേശപ്രകാരം ബുധനാഴ്ച ബിജുവിെൻറ വീട് സന്ദർശിക്കുമെന്നും നേതാക്കളുമായി സ്ഥിതി ചർച്ച ചെയ്യുമെന്നും രാജീവ് പ്രതാപ് റൂഡി വ്യക്തമാക്കി. ബിജുവിനുള്ള സുരക്ഷ ദിവസങ്ങൾക്കു മുമ്പ് പൊലീസ് പിൻവലിച്ചതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.