ബംഗാളിലെ കോണ്‍ഗ്രസ്, സി.പി.എം പാര്‍ട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍

കൊല്‍ക്കത്ത: നേതൃത്വത്തിന്‍െറ പിടിപ്പുകേട് കാരണം എം.എല്‍.എമാരുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള കൂറുമാറ്റം വ്യാപകമായതോടെ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്, സി.പി.എം പാര്‍ട്ടികളുടെ ഭാവി തുലാസില്‍. തങ്ങളുടെ പാര്‍ട്ടികളില്‍നിന്ന് സാമാജികരെ അടര്‍ത്തിയെടുത്ത് കൊണ്ടുപോകുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ നടപടിക്കെതിരെ ഇരുപ്രതിപക്ഷ പാര്‍ട്ടികളും ശക്തമായി രംഗത്തത്തെി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത ഭൂരിപക്ഷം നേടിയതിനുപിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും കൗണ്‍സിലര്‍മാരെ കൂട്ടത്തോടെ പാര്‍ട്ടിയിലത്തെിച്ച്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഭരണംപിടിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം തുനിഞ്ഞിറങ്ങിയിരിക്കയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസില്‍നിന്ന് മുന്‍ പി.സി.സി അധ്യക്ഷന്‍ മനാസ് ഭുനിയ ഉള്‍പ്പെടെ അഞ്ചുപേരും സി.പി.എമ്മിലെ ഒരംഗവും തൃണമൂലിലേക്ക് ചേക്കേറിയതോടെ 294 അംഗ നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം 76ല്‍നിന്ന് 70 ആയി ചുരുങ്ങി. 211 എം.എല്‍.എമാരുമായി ഭരണത്തിലേറിയ തൃണമൂലിന് ഇതോടെ കൂറുമാറിയ ആറു എം.എല്‍.എമാരുടെ പിന്തുണകൂടിയായി. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികളില്‍നിന്ന് നിരവധി എം.എല്‍.എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനും മമതാബാനര്‍ജിയുടെ വികസനത്തോടൊപ്പം നില്‍ക്കാനുമായി സമീപിച്ചുകൊണ്ടിരിക്കുന്നതെന്ന് ടി.എം.സി ഉപാധ്യക്ഷന്‍ മുകുള്‍ റോയ് പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്നത് പൊലീസിനെ കൂട്ടുപിടിച്ച് പണവും കായികശേഷിയും ഉപയോഗപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ് തടയുകയാണെന്ന് കോണ്‍ഗ്രസും സി.പി.എമ്മും ആരോപിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് കൊഴിഞ്ഞുപോക്ക് നേരിടുന്നത്. 1977 മുതല്‍ പ്രതിപക്ഷസ്ഥാനത്തിരുന്ന കോണ്‍ഗ്രസില്‍നിന്ന് എം.എല്‍.എമാരെയും കൗണ്‍സിലര്‍മാരെയും അടര്‍ത്തിയെടുക്കാന്‍ സി.പി.എം ഇതുവരെ ശ്രമിച്ചിട്ടില്ല.

2011ല്‍ അധികാരത്തിലത്തെിയതു മുതല്‍ പുതിയ തന്ത്രമാണ് സംസ്ഥാനത്ത് തൃണമൂല്‍ പയറ്റുന്നത് -മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇതുവരെ കാണാത്ത സംഭവങ്ങളാണിതെന്നും മൂന്ന് എം.എല്‍.എമാരും കുറച്ച് പഞ്ചായത്ത് അംഗങ്ങളുമുള്ള ബി.ജെ.പിക്ക് ഈ പുതിയ തന്ത്രത്തില്‍ ഒരു കോട്ടവും തട്ടിയിട്ടില്ളെന്നത് വിരോധാഭാസമാണെന്നും സി.പി.എം സെക്രട്ടറിയേറ്റംഗം രബിന്‍ ദേബ് പറഞ്ഞു. പ്രമാദമായ ശാരദ ചിട്ടി കേസ്, നാരദ സ്റ്റിങ് ഓപറേഷന്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിയുമായി തൃണമൂല്‍ രഹസ്യധാരണയുണ്ടാക്കിയതിനാലാണ് ബി.ജെ.പിയില്‍നിന്നുള്ള കൂറുമാറ്റം പ്രോത്സാഹിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് മടിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

എന്നാല്‍, ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്-ഇടതുസഖ്യം അവിശുദ്ധ ബന്ധമായതിനാല്‍ ജനം തള്ളിയതാണെന്നും ഈ വര്‍ഷം കഴിയുന്നതോടെ പ്രതിപക്ഷ പാര്‍ട്ടികളുടെ പൊടി പോലും ബംഗാളില്‍ അവശേഷിക്കില്ളെന്നുമായിരുന്നു മുതിര്‍ന്ന തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി പ്രതികരിച്ചത്.

Tags:    
News Summary - bengal cpm congress trinamool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.