തലശ്ശേരി: പിണറായിവഴിയുള്ള ജനരക്ഷായാത്രക്ക് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ എത്തിയില്ല. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പിറന്ന മണ്ണിൽ, മുഖ്യമന്ത്രി പിണറായി വിജയെൻറ നാട്ടിൽ സി.പി.എമ്മിനെ വെല്ലുവിളിച്ചുള്ള അമിത് ഷായുടെ വരവ് ആകാംക്ഷയോടെയാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കിയത്. അമിത് ഷായുടെ അസാന്നിധ്യം പാർട്ടിക്കാരെ നിരാശരാക്കി. എന്നാൽ, ആവേശംചോർന്നില്ല.
കുമ്മനം രാജശേഖരൻ നയിച്ച പദയാത്ര രാവിലെ 11ന് മമ്പറത്തുനിന്നാരംഭിച്ച് പിണറായിവഴി കമ്യൂണിസ്റ്റ് കോട്ടകളിലൂടെ നടന്ന് വൈകീട്ട് അഞ്ചിന് തലശ്ശേരിയിൽ സമാപിച്ചു. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്, ദേശീയവക്താവ് വിജയ് ശങ്കർ ശാസ്ത്രി എന്നിവരാണ് മൂന്നാംദിനം പദയാത്രയിൽ അണിനിരന്ന പ്രമുഖർ. പദയാത്ര എത്തുേമ്പാൾ പിണറായി ടൗണിൽ ഹർത്താൽ പ്രതീതിയായിരുന്നു.
കടകളെല്ലാം അടഞ്ഞുകിടന്നു. സി.പി.എം ഒാഫിസും ഏതാനും സൊസൈറ്റി ഒാഫിസുകളും മാത്രമാണ് തുറന്നത്. കടകളടച്ചത് സി.പി.എം നിർദേശിച്ചിട്ടാണെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. എന്നാൽ, തങ്ങൾ പറഞ്ഞിട്ടില്ലെന്നും പുറത്തുനിന്നുള്ളവർ പെങ്കടുക്കുന്ന ജാഥയിൽ അക്രമംഭയന്ന് വ്യാപാരികൾ സ്വമേധയാ അടച്ചതാണെന്നുമാണ് സി.പി.എം വിശദീകരിക്കുന്നത്.
ബി.ജെ.പി-ആർ.എസ്.എസ് അക്രമത്തിൽ മരിച്ച സി.പി.എമ്മുകാരുടെ ഫോേട്ടാ സഹിതമുള്ള പോസ്റ്ററുകൾ പിണറായി ടൗണിലും പരിസരങ്ങളിലും സ്ഥാപിച്ചാണ് ജനരക്ഷായാത്രയെ സി.പി.എം വരവേറ്റത്. ജാഥയിലെ ബി.ജെ.പി ദേശീയ നേതാക്കൾക്കായി ഇംഗ്ലീഷിലായിരുന്നു പോസ്റ്ററുകൾ. ‘‘ജനരക്ഷായാത്ര നിർത്തി, േഗാരഖ്പൂരിലേക്ക് പോകൂ... വർഗീയത വേണ്ട, വിദ്വേഷരാഷ്ട്രീയം വേണ്ട...’’ എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.
പദയാത്ര പിണറായിയിലെത്തിയതോടെ ബി.ജെ.പി പ്രവർത്തകരുടെ ആവേശം വർധിച്ചു. അതോടെ മുദ്രാവാക്യംവിളി ഉച്ചത്തിലായി. പദയാത്ര കാണാൻ പിണറായി ടൗണിൽ ആളുകൾ തടിച്ചുകൂടി. പിണറായിയിലെ സി.പി.എം ഒാഫിസിലും നിറയെ ആളുകളുണ്ടായി. പ്രശ്നസാധ്യത കണക്കിലെടുത്ത് കനത്തസുരക്ഷ ഒരുക്കിയിരുന്നു. പിണറായി ടൗണിന് സമീപം റോഡരികിലാണ് സി.പി.എമ്മുകാരാൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകരായ ഉത്തമൻ, മകൻ രമിത്ത് എന്നിവരുടെ വീട്. യാത്ര വീടിന് മുന്നിലെത്തിയപ്പോൾ കുമ്മനവും മറ്റും അവിടെ കയറി രമിത്തിെൻറ അമ്മ നാരായണിയെ കണ്ട് അനുഗ്രഹംതേടി.
മമ്പറം മുതൽ തലശ്ശേരിവരെയുള്ള 11 കി.മീ ദൂരം ഏറെയും സി.പി.എം ശക്തികേന്ദ്രങ്ങളാണ്. ഇടയിൽ ബി.ജെ.പിക്ക് സാന്നിധ്യമുള്ള കേന്ദ്രങ്ങളിൽ പദയാത്രക്ക് അഭിവാദ്യവുമായി പ്രവർത്തകർ എത്തി. ഉച്ചഭക്ഷണത്തിനുശേഷം നാലുമണിയോടെ യാത്ര പുനരാരംഭിച്ചു. അഞ്ചരയോടെ പദയാത്ര തലശ്ശേരിയിലെത്തി. യാത്ര പ്രമാണിച്ച് നഗരത്തിലെ സ്കൂളുകൾക്ക് ഉച്ചക്കുശേഷം അവധി നൽകി. പ്രശ്നസാധ്യത ഭയന്ന് തലശ്ശേരി നഗരത്തിൽ ആളുകൾ കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.