ബന്ധുനിയമനത്തിൽ ജയരാജനെതിരെ നടപടിക്ക്​ സാധ്യത

ന്യൂഡൽഹി: ബന്ധുനിയമന വിവാദത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ മുൻമന്ത്രി ഇ.പി. ജയരാജനും പി.കെ. ശ്രീമതി എം.പിക്കുമെതിരായ പാർട്ടി നടപടിയിൽ  തീരുമാനം ഉടൻ. ഇരുവരെയും പാർട്ടി ശാസിക്കുമെന്നാണ് സൂചന. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഡൽഹിയിൽ നടക്കുന്ന പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമാകും. ബന്ധു നിയമനത്തിൽ ജയരാജന് തെറ്റുപറ്റിയെന്ന റിപ്പോർട്ട് പാർട്ടി സംസ്ഥാനഘടകം കേന്ദ്ര നേതൃത്വത്തിന് നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇരുവർക്കുമെതിരെ നടപടിസ്വീകരിക്കാനുള്ള അധികാരം കേന്ദ്രകമ്മിറ്റിക്കാണ്.

ശാസനയെന്ന ചെറിയ ശിക്ഷ പ്രഖ്യാപിച്ച് പ്രശ്നം അവസാനിപ്പിക്കാനാണ്  നേതൃതലത്തിലെ ധാരണ. ബന്ധുനിയമനത്തിൽ ജയരാജ​െൻറ നടപടി ശരിയായില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെയുള്ളവർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിൽ നടപടിയുണ്ടാകുമെന്നും ഉറപ്പായിരുന്നു. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനാലും പ്രതിപക്ഷം ആയുധമാക്കുമെന്നതിനാലും പാർട്ടി നടപടി നീട്ടിവെക്കുകയായിരുന്നു. തിരുവനന്തപുരത്ത് ചേർന്ന കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം വിഷയം പരിഗണിച്ചില്ല. അടുത്ത യോഗത്തിലേക്ക് മാറ്റുകയായിരുന്നു.

കേരളത്തിലെ സി.പി.െഎ-സി.പി.എം പോരാണ് പി.ബി, കേന്ദ്ര കമ്മിറ്റി യോഗത്തിലെ മറ്റൊരു വിഷയം. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് സി.പി.െഎ സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞതും തർക്കത്തിലിടപെട്ട  സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, പിണറായി സർക്കാറിനെതിരെ ആഞ്ഞടിച്ചതും സി.പി.എമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. എങ്കിലും നിലവിലെ പ്രതികൂല സാഹചര്യത്തിൽ  മുന്നണിയെ ശിഥിലമാക്കാതെ നോക്കണമെന്നും പ്രശ്നം വഷളാക്കരുതെന്നുമുള്ള ചിന്തയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. അത്തരമൊരു നിർദേശം കേന്ദ്ര കമ്മിറ്റി, സംസ്ഥാന ഘടകത്തിന് നൽകിയേക്കും.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട്,  2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള  വിശാലസഖ്യം എന്നീ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. രാഷ്ട്രപതി  തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം നിർത്തുന്ന പൊതുസ്ഥാനാർഥിയെ പിന്തുണക്കാമെന്ന ധാരണയാണ് സി.പി.എമ്മിനുള്ളത്. മോദിക്കെതിരെ വിശാലസഖ്യമെന്ന ആശയം മുന്നോട്ടുവെച്ച കോൺഗ്രസ് ഇതുസംബന്ധിച്ച് സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികളുടെ  നേതൃത്വവുമായി ആശയവിനിമയം അനൗദ്യോഗിക തലത്തിൽ നടത്തിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യത്തിൽ ചേരുന്നത് സംബന്ധിച്ച് പാർട്ടിയിൽ ഭിന്നാഭിപ്രായമുണ്ട്. പ്രായോഗിക സമീപനമെന്ന നിലക്ക് സഖ്യമാകാമെന്ന നിലപാടാണ് ജനറൽ സെക്രട്ടറി െയച്ചൂരിക്ക്. എന്നാൽ, കോൺഗ്രസുമായും ബി.ജെ.പിയുമായും തുല്യ അകലമെന്ന പാർട്ടി കോൺഗ്രസ് പ്രമേയത്തിന് എതിരാകുന്ന സഖ്യം വേണ്ടെന്നാണ് കാരാട്ട് പക്ഷത്തി​െൻറ നിലപാട്.

Tags:    
News Summary - action against jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.