സി.പി.എമ്മിനെ അക്രമ പാര്‍ട്ടിയായി ചിത്രീകരിച്ച് മോദിയും ഷായും

കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാക്കാന്‍ ബി.ജെ.പി തയാറെടുക്കുന്നു. ത്രിദിന ദേശീയ സമ്മേളനത്തില്‍ പാകിസ്താന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കടന്നാക്രമണം നടത്തിയതും സി.പി.എമ്മിനെതിരെയാണ്. സി.പി.എമ്മിനെ അക്രമ പാര്‍ട്ടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ചിത്രീകരിച്ചു. കേരളത്തില്‍ മുഖ്യശത്രു സി.പി.എം ആണെന്ന് വിളംബരംചെയ്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് പരാമര്‍ശിക്കപ്പെട്ടതേയില്ല.
 ശനിയാഴ്ച കടപ്പുറത്തു നടന്ന പൊതുസമ്മേളനത്തിലാണ് അമിത് ഷാ സി.പി.എമ്മിനെതിരെ ആദ്യം ആഞ്ഞടിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക അക്രമം നടക്കുകയാണെന്ന് അമിത്ഷാ ആരോപിച്ചു. ഇതു ജനാധിപത്യത്തിന് തീരാകളങ്കമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍െറ നാട്ടിലും ബി.ജെ.പിക്കാര്‍ക്ക് രക്ഷയില്ളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
 ദേശീയ കൗണ്‍സിലില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലും സി.പി.എം ആക്രമണം പ്രധാന വിഷയമായി.  കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യണമെന്ന് മോദി ആവശ്യപ്പെട്ടു. ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. അക്രമത്തിനിരയാകുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം രാജ്യം മുഴുവനും ഉണ്ടാകും. കേരളത്തിലെ പ്രവര്‍ത്തകര്‍ വലിയ ത്യാഗം സഹിച്ചാണ് പാര്‍ട്ടിയെ മുന്നോട്ടുനയിക്കുന്നത്. അവര്‍ എല്ലാവര്‍ക്കും പ്രചോദനമാണ്. അക്രമങ്ങള്‍ കണ്ടില്ളെന്നു നടിക്കുന്നത് അതിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. കേരളത്തിലെ അക്രമങ്ങളെക്കുറിച്ച് ദേശീയസംവാദം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. ദേശീയ കൗണ്‍സിലിന്‍െറ ഭാഗമായി സ്വപ്നനഗരിയില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ സി.പി.എം ആക്രമണത്തിന്‍െറ ചിത്രങ്ങളാണ് കൂടുതല്‍ ഉണ്ടായിരുന്നത്. സി.പി.എം ആക്രമണത്തില്‍ മരിച്ച ബി.ജെ.പി പ്രവര്‍ത്തകരുടെ ചിത്രങ്ങളും വിവരണങ്ങളും അടങ്ങിയ ‘ആഹുതി’ എന്ന പുസ്തകം നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്കെല്ലാം പുസ്തകം വിതരണം ചെയ്തു. അമിത്ഷായും കുമ്മനം രാജശേഖരനും അവതാരിക എഴുതിയ പുസ്തകത്തില്‍ 1969 മുതല്‍ 2016 സെപ്റ്റംബര്‍ മൂന്നുവരെ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ വിവരണമാണുള്ളത്. പുസ്തകം ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ മുഴുവന്‍ പ്രതിനിധികള്‍ക്കും വിതരണം ചെയ്തു. ‘ആഹുതി: കേരളത്തിലെ ത്യാഗികളുടെ പറയപ്പെടാത്ത കഥകള്‍’ എന്ന് പേരിട്ട ഇംഗ്ളീഷ് പുസ്തകം ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രകാശനം ചെയ്തത്. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ  സി.പി.എം നടത്തുന്ന അതിക്രമങ്ങള്‍ ഓര്‍മിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇവിടത്തെ പ്രവര്‍ത്തകരുടെ ത്യാഗം കണ്ട് പഠിക്കണമെന്ന് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ജനസംഘത്തിനും ബി.ജെ.പിക്കും വേണ്ടി കേരളത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചത്. പാര്‍ട്ടി കേന്ദ്രത്തില്‍ ഭരണത്തിലത്തെിയ വേളയില്‍ അവരെ ഓര്‍ക്കാതിരിക്കുന്നത് നന്ദികേടായിരിക്കുമെന്ന് മോദി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിപ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുകയാണെന്ന് പുസ്തകം തയാറാക്കിയവരെ പ്രകാശനച്ചടങ്ങിന് സ്റ്റേജിലേക്ക് ക്ഷണിച്ച് പാര്‍ട്ടി ദേശീയ ഓര്‍ഗനൈസിങ് ജന. സെക്രട്ടറി രാംലാല്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.