നേതാക്കള്‍ ഒന്നില്‍ക്കൂടുതല്‍ ചുമതല വഹിക്കുന്നതില്‍ സി.പി.ഐയില്‍ വിമര്‍ശം

തിരുവനന്തപുരം: സംഘടനാപരമായ ചുമതല വഹിക്കുന്നവര്‍ ഒന്നില്‍ക്കൂടുതല്‍ പദവികള്‍ കൈവശം വെക്കുന്നതിനെതിരെ സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ വിമര്‍ശം. ഈ മാസം ആദ്യം ചേര്‍ന്ന യോഗത്തിലായിരുന്നു ദേശീയ നിര്‍വാഹക സമിതിയംഗം കെ.ഇ. ഇസ്മാഈല്‍ വിമര്‍ശം ഉയര്‍ത്തിയത്.

അതേസമയം, ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച തീരുമാനം ഒക്ടോബര്‍ നാലിന് ചേരുന്ന നിര്‍വാഹക സമിതിയില്‍ കൈക്കൊള്ളാന്‍ തിങ്കളാഴ്ചത്തെ നേതൃയോഗം ധാരണയിലത്തെി. നെല്‍വയല്‍ സംരക്ഷണനിയമം ശക്തമാക്കല്‍, വീടില്ലാത്തവര്‍ക്ക് ഭൂമി നല്‍കല്‍ തുടങ്ങിയവയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ, കൃഷി മന്ത്രിമാരോട് നിര്‍ദേശിച്ചു.

കിസാന്‍ സഭ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറിയുമായ സത്യന്‍ മൊകേരി നടത്തിയ പരാമര്‍ശമാണ് കഴിഞ്ഞ നിര്‍വാഹക സമിതിയില്‍ വിമര്‍ശങ്ങള്‍ക്ക് വാതില്‍ തുറന്നത്. ഒന്നിലധികം  ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നതു മൂലം താന്‍ ചുമതലകള്‍ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഒരിടത്ത് ശ്രദ്ധിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് ശ്രദ്ധ കുറയുന്നു. എന്നാല്‍, ഇക്കാര്യം അതത് സംഘടനകളില്‍ പറയാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍ദേശിച്ചു. ചര്‍ച്ചയില്‍ ഇടപെട്ട കെ.ഇ. ഇസ്മാഈല്‍ സംഘടനാപരമായി ചുമതലയുള്ളവര്‍ മറ്റു ചുമതലകളില്‍നിന്ന് പിന്മാറണമെന്ന് അഭിപ്രായപ്പെട്ടു. സംഘടനക്കുള്ളില്‍ വേണ്ടത്ര ചര്‍ച്ച നടക്കുന്നില്ല. പി.എസ്.സിയിലേക്കുള്ള പാര്‍ട്ടി നോമിനിയെക്കുറിച്ചുപോലും ചര്‍ച്ച ചെയ്തില്ളെന്നും അദ്ദേഹം പരാതിപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിപദം ഏറ്റെടുത്തിട്ടും എ.ഐ.ടി.യു.സി പ്രസിഡന്‍റായി തുടരുന്ന കാനത്തെ ഉദ്ദേശിച്ചായിരുന്നു ഇസ്മാഈലിന്‍െറ ഒളിയമ്പ്.

സി.പി.ഐയുടെ ബോര്‍ഡ്, കോര്‍പറേഷന്‍ എന്നിവയില്‍ ചൊവ്വാഴ്ചത്തെ എല്‍.ഡി.എഫ് യോഗശേഷം സി.പി.എമ്മുമായി ചര്‍ച്ച നടത്തും. 18 സ്ഥാപനങ്ങളാണ് സി.പി.ഐക്ക് ലഭിച്ചത്. എന്നാല്‍, മുന്നണിക്ക് പുറത്തുള്ള കക്ഷിക്ക് ഒരെണ്ണം വിട്ടുനല്‍കണമെന്നാണ് സി.പി.എമ്മിന്‍െറ ആവശ്യം. പക്ഷേ, രണ്ടെണ്ണംകൂടി വേണമെന്നതാണ് സി.പി.ഐ നിലപാട്.

നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി റദ്ദാക്കുക, നിയമം ശക്തിപ്പെടുത്തുക, വീടുവെക്കാന്‍ ഭൂമിയില്ലാത്തവര്‍ക്ക് ലഭ്യമാക്കുക എന്നിവയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിമാരായ ഇ. ചന്ദ്രശേഖരനോടും വി.എസ്. സുനില്‍ കുമാറിനോടും നിര്‍ദേശിച്ചത്. തിങ്കളാഴ്ച റവന്യൂ മന്ത്രി ഇല്ലാതിരുന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചയുണ്ടായില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.