ഗോവിന്ദച്ചാമിയുടെ ശിക്ഷ: പാര്‍ട്ടിയും സര്‍ക്കാറും രണ്ടു തട്ടില്‍

ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നല്‍കാന്‍ ചര്‍ച്ചകള്‍ തുടങ്ങിയതിനിടെ പ്രതിക്ക് നല്‍കുന്ന ശിക്ഷയെ ചൊല്ലി പാര്‍ട്ടിയും സര്‍ക്കാറും രണ്ടു തട്ടില്‍. ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കേണ്ടതില്ളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി അഭിപ്രായപ്പെട്ടപ്പോള്‍ ഗോവിന്ദച്ചാമിക്കു വധശിക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നാണ് നിയമമന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കിയത്.

വധശിക്ഷ പാടില്ളെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുകയാണെന്ന് എം.എ. ബേബി പറഞ്ഞു. ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്താനാണ് പുനഃപരിശോധനാ ഹരജി നല്‍കേണ്ടത്. പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. ലോകത്ത് 85ലധികം രാജ്യങ്ങള്‍ വധശിക്ഷ നിരോധിച്ചിട്ടുണ്ട്. അവയെല്ലാം പരിഗണിച്ച് സി.പി.എം പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും നടത്തിയ ചര്‍ച്ചയില്‍ കൈക്കൊണ്ട തീരുമാനമാണിത്.  ആധുനിക സമൂഹത്തില്‍ സംസ്കാര രഹിതമായ ശിക്ഷയാണ് വധശിക്ഷയെന്നും ബേബി പറഞ്ഞു. ബേബിയുടെ അതേ നിലപാടാണ് വി.എസ്. അച്യൂതാനന്ദനും. സി.പി.എം വധശിക്ഷക്ക് എതിരാണെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. നീചകൃത്യങ്ങളില്‍ വധശിക്ഷക്കുവേണ്ടി ജനങ്ങള്‍ നിലപാടെടുക്കുന്നത് സ്വാഭാവികമാണ്. സൗമ്യ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന് വീഴ്ച വന്നിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ബേബിയെ ഖണ്ഡിച്ച സംസ്ഥാന നിയമമന്ത്രി എ.കെ. ബാലന്‍ വധശിക്ഷക്കെതിരായ സി.പി.എം നിലപാട് സൗമ്യവധക്കേസിനെ ബാധിക്കില്ളെന്നും വധശിക്ഷയുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടുകളുമായി ഇതിനെ കൂട്ടിക്കുഴക്കേണ്ടതില്ളെന്നും വ്യക്തമാക്കി. ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. പ്രതിക്ക് വധശിക്ഷ ലഭിക്കാന്‍ ഇടതുസര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും കേസിലെ തുടര്‍ നടപടിക്കായുള്ള ചര്‍ച്ചക്കായി ഡല്‍ഹിയിലത്തെിയ ബാലന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റു കേസുകളെ സൗമ്യവധക്കേസുമായി കൂട്ടിക്കലര്‍ത്തേണ്ടതില്ല. ഗോവിന്ദച്ചാമിക്ക് നൂറുവട്ടം വധശിക്ഷ നല്‍കിയാല്‍ മതിയാകില്ളെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കുമേല്‍ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കി സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ കേരളം സമര്‍പ്പിക്കുന്ന പുനഃപരിശോധനാ ഹരജിക്കായി ചര്‍ച്ചകള്‍ തുടങ്ങിയപ്പോഴാണ് സി.പി.എമ്മും സര്‍ക്കാറും രണ്ടു നിലപാട് കൈക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലത്തെിയ സംസ്ഥാന നിയമമന്ത്രി എ.കെ. ബാലന്‍ സുപ്രീംകോടതിയിലെ മൂന്നു സ്റ്റാന്‍ഡിങ് കോണ്‍സല്‍മാരുമായും സൗമ്യ കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജോസഫ് പി. തോമസുമായും കേരള ഹൗസില്‍ കൂടിയാലോചന നടത്തി.

സുപ്രീംകോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍മാരായ അഡ്വ. ജി. പ്രകാശ്, അഡ്വ. നിഷെ രാജന്‍ ശങ്കര്‍, അഡ്വ. സി.കെ. ശശി എന്നിവരുമായി ചര്‍ച്ച കഴിഞ്ഞാണ് ബാലന്‍ മുന്‍ ഹൈകോടതി ജഡ്ജി കൂടിയായ തോമസ് പി. ജോസഫിനെ കണ്ടത്.  അടുത്ത നടപടിയെന്ന നിലയില്‍ പുനഃപരിശോധന ഹരജി നല്‍കുകയാണ് സര്‍ക്കാറിന്‍െറ മുന്നിലുള്ള വഴിയെന്നും അതിനുള്ള കൂടിയാലോചനയാണ് നടത്തുന്നതെന്നും ബാലന്‍ ‘മാധ്യമ’ത്തോടു പറഞ്ഞു.

പുനഃപരിശോധനാ ഹരജിയാണ് സ്വാഭാവിക നടപടിക്രമം. അത് നല്‍കാതെ തിരുത്തല്‍ ഹരജിയിലേക്ക് പോകാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിച്ചിട്ടില്ളെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള നിയമോപദേശം തേടും. മാര്‍ക്കണ്ഡേയ കട്ജുവിന്‍െറ നിയമസഹായ വാഗ്ദാനം സംബന്ധിച്ച് കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ബാലന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.