സി.പി.എം പി.ബി ഇന്ന്; പി.ബി കമീഷനും അജണ്ടയില്‍

ന്യൂഡല്‍ഹി: വി.എസിന്‍െറ പദവിയെ ചൊല്ലി സംസ്ഥാന ഘടകത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയ സാഹചര്യത്തില്‍ സി.പി.എം പോളിറ്റ് ബ്യുറോ ചൊവ്വാഴ്​ച ഡല്‍ഹിയില്‍ ചേരും. വി.എസുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുന്ന പി.ബി കമീഷന്‍െറ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്ന കാര്യം പി.ബിയുടെ അജണ്ടയിലുണ്ട്.

ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാനായി വി.എസ് ചുമതലയേറ്റുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍െറ  പ്രസ്താവന തള്ളി വി.എസ് രംഗത്തുവന്നത് ഈ പശ്ചാത്തലത്തിലാണ്. പി.ബി കമീഷനും വി.എസിന്‍െറ പദവിയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പി.ബി ചര്‍ച്ചചെയ്യുമെന്ന് മുതിര്‍ന്ന പി.ബി അംഗം ‘മാധ്യമ’ത്തോട് പറഞ്ഞു.   ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം തിരിച്ചുകിട്ടുകയും വേണമെന്നാണ് വി.എസിന്‍െറ നിലപാട്.

ഇക്കാര്യം വി.എസ് പലകുറി സംസ്ഥാന നേതൃത്വത്തിനും കേന്ദ്രത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും മുമ്പാകെ വെച്ചതാണ്. തെരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടിക്ക് വിധേയനായി പ്രചാരണം നയിക്കുകയും  പാര്‍ട്ടി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദത്തില്‍നിന്ന് പിന്മാറുകയും ചെയ്ത തന്‍െറ ആവശ്യം തീര്‍ത്തും ന്യായമാണെന്ന് വി.എസ് കരുതുന്നു.   എന്നാല്‍,  യെച്ചൂരിയുടെ  ഇടപെടലിനുശേഷമാണ് വി.എസിനു വേണ്ടി ഭരണപരിഷ്കാര കമീഷന്‍ രൂപവത്കരിക്കാന്‍ പിണറായി വിജയന്‍  തയാറായത്.  വി.എസ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ തിരിച്ചത്തെുന്നതിനോട് പിണറായി പക്ഷം അനുകൂലമല്ല.  

ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ജനറല്‍ സെക്രട്ടറി വിളിച്ചിട്ടും തിരിച്ചുവരാതിരിക്കുകയും ചെയ്തത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് വി.എസിനെതിരെ പി.ബി കമീഷന് മുന്നിലുള്ളത്.  വി.എസിനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ എടുക്കുന്നതിന് മുമ്പ് പ്രസ്തുത പരാതികളില്‍ പി.ബി കമീഷന്‍  തീര്‍പ്പുകല്‍പിക്കേണ്ടതുണ്ട്.  പി.ബി കമീഷന്‍ പ്രവര്‍ത്തനമാകട്ടെ,  ഏറെ നാളായി മുടങ്ങിക്കിടക്കുകയാണ്. കമീഷന്‍ നടപടികള്‍ നീട്ടിക്കൊണ്ടുപോയി വി.എസിന്‍െറ  സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശത്തിന് തടയിടുകയെന്ന തന്ത്രമാണ് സംസ്ഥാന ഘടകത്തിന്‍േറത്. ഇക്കാര്യം അറിഞ്ഞുതന്നെയാണ് പി.ബി ചേരുന്നതിന് തലേന്നുതന്നെ വി.എസ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എടുക്കുന്നില്ളെങ്കില്‍ ഭരണപരിഷ്കാര ചെയര്‍മാന്‍  സ്ഥാനം വേണ്ടെന്നുവെക്കാനും മടിക്കില്ളെന്ന സൂചന നല്‍കുന്ന വി.എസ്  ചൊവ്വാഴ്​ചത്തെ പി.ബി യോഗത്തില്‍ പി.ബി കമീഷന്‍െറ നടപടികള്‍ വേഗത്തിലാക്കാനുള്ള  തീരുമാനം ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.