കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി ആദ്യയോഗം 24ന്

തിരുവനന്തപുരം: പാര്‍ട്ടി പുന$സംഘടനക്കും നയരൂപവത്കരണത്തിനുമായി സംസ്ഥാന കോണ്‍ഗ്രസില്‍ രൂപവത്കരിച്ച 21 അംഗ രാഷ്ട്രീയകാര്യസമിതിയുടെ ആദ്യയോഗം സെപ്റ്റംബര്‍ 24ന് ചേരും. രാവിലെ 10.30ന് കെ.പി.സി.സി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ കേരളത്തിന്‍െറ സംഘടനാചുമതലയുള്ള എ.ഐ.സി.സി ജന. സെക്രട്ടറി മുകുള്‍ വാസ്നിക് സംബന്ധിക്കും. സമിതിയുടെ ആദ്യയോഗം ഓണത്തിനുമുമ്പ് ചേരാനാണ് ആദ്യം ആലോചിച്ചിരുന്നതെങ്കിലും മുതിര്‍ന്ന നേതാക്കളുടെ സൗകര്യംകൂടി കണക്കിലെടുത്ത് മാറ്റുകയായിരുന്നു. യോഗത്തില്‍ ഏതെങ്കിലും വിഷയത്തില്‍ നയതീരുമാനമുണ്ടാകുമെന്ന് കരുതുന്നില്ല. അതേസമയം, സമിതിയുടെ ദൗത്യങ്ങളും സമിതിയുമായി ബന്ധപ്പെട്ട ഹൈകമാന്‍ഡിന്‍െറ നിര്‍ദേശങ്ങളും എ.ഐ.സി.സി ജന.സെക്രട്ടറി യോഗത്തില്‍ വിശദീകരിക്കും. അടുത്ത യോഗതീയതി സംബന്ധിച്ചും തീരുമാനമെടുത്തേക്കും.

കേരളത്തില്‍ ആറുമാസത്തിനകം പുന$സംഘടന പൂര്‍ത്തീകരിക്കുക, പാര്‍ട്ടിനയം രൂപവത്കരിക്കുക എന്നീ കാര്യങ്ങള്‍ക്കായാണ് പ്രമുഖ നേതാക്കളെ ഉള്‍പ്പെടുത്തി രാഷ്ട്രീയകാര്യസമിതിക്ക് ഹൈകമാന്‍ഡ് രൂപംനല്‍കിയത്. കെ.പി.സി.സി പ്രസിഡന്‍റ് ഉള്‍പ്പെടെ 21 അംഗങ്ങളാണ് സമിതിയിലുള്ളത്. സംസ്ഥാന കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍ മുന്നോട്ടുവെച്ച പേരുകള്‍ പൂര്‍ണമായി അംഗീകരിക്കാതെയും സംസ്ഥാനത്തുനിന്നുള്ള എം.പിമാര്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ പരിഗണന നല്‍കിയുമാണ് രാഷ്ട്രീയകാര്യസമിതി രൂപവത്കരിച്ചത്. കേരളത്തിലെ സംഘടനാവിഷയങ്ങളില്‍ ഹൈകമാന്‍ഡ് നേരിട്ട് ഇടപെടുന്നതിന്‍െറ വ്യക്തമായ സൂചന നല്‍കുന്നതാണ് സമിതിയുടെ ഘടനയും പ്രഖ്യാപനവും. അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മികച്ചവിജയം മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കണമെന്ന നിര്‍ദേശവും ഹൈകമാന്‍ഡില്‍നിന്ന് ഉണ്ടാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.