കോഴിക്കോട്: മുസ്ലിം ലീഗിനെ പിന്തുണച്ച പ്രദേശങ്ങളില്‍ പാര്‍ട്ടിക്ക് ബലക്ഷയം സംഭവിക്കുന്നതായി ലീഗ് മാര്‍ഗരേഖ. മെംബര്‍ഷിപ് കാമ്പയിന്‍െറ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ സംഘടനാ പ്രവര്‍ത്തനത്തിനുള്ള കൈപ്പുസ്തകത്തിലാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ സംഘടനക്ക് ബലക്ഷയം സംഭവിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നത്.
ഗുരുതരമായ ഈ വിഷയം പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പ് സഗൗരവം വിലയിരുത്തിയിട്ടുണ്ടെന്നും ഇത് പരിഹരിച്ച് ലീഗിന്‍െറ ബഹുജനാടിത്തറ വിപുലപ്പെടുത്താനുള്ള തീവ്രപരിശ്രമത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും മാര്‍ഗരേഖ ആഹ്വാനംചെയ്യുന്നുണ്ട്. അതേപോലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണിയുടെ വോട്ടിങ് ശതമാനം കുത്തനെ ഉയര്‍ന്നത് യു.ഡി.എഫ് ചേരിയുടെ ബലക്ഷയംമൂലമാണെന്നും മാര്‍ഗരേഖയില്‍ കുറ്റസമ്മതം നടത്തുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗിന് 18 സീറ്റാണ് ലഭിച്ചത്. നേരത്തേയുണ്ടായിരുന്ന 20ല്‍ മൂന്ന് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടപ്പോള്‍ കുറ്റ്യാടി മണ്ഡലം പുതുതായി ലഭിച്ചു. യു.ഡി.എഫിലെ മറ്റു കക്ഷികള്‍ക്ക് നേരിട്ട പരാജയവുമായി താരതമ്യം ചെയ്യുമ്പോള്‍ ലീഗിനേറ്റ തിരിച്ചടി അത്ര കനത്തതല്ല. പക്ഷേ, വിജയിച്ച സീറ്റുകളില്‍ ഒട്ടുമിക്കതിലും ഭൂരിപക്ഷം ഗണ്യമായി ഇടിഞ്ഞു.
പാര്‍ട്ടി ഭൂരിപക്ഷ പ്രദേശങ്ങളില്‍ സംഘടനക്കുണ്ടായ ബലക്ഷയമാണിത് വ്യക്തമാക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ മെംബര്‍ഷിപ് കാമ്പയിനില്‍ തീവ്രമായി യത്നിക്കണം. നാട്ടിന്‍പുറങ്ങളിലെ അഭ്യസ്തവിദ്യരെയും പൊതുകാര്യ പ്രസക്തരെയും വിദേശരാജ്യങ്ങളില്‍നിന്ന് തിരിച്ചത്തെിയവരെയും ദീനീ പ്രവര്‍ത്തകരെയും വീടുകളില്‍ ചെന്നു കണ്ട് മെംബര്‍ഷിപ് നല്‍കണമെന്നും മാര്‍ഗരേഖ പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുന്നു. വികസന നേട്ടങ്ങളുമായി ഭരണത്തുടര്‍ച്ചക്കു വേണ്ടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സമ്മതിദായകരെ സമീപിച്ചതെങ്കിലും മുന്നണി തെരഞ്ഞെടുപ്പില്‍ തോറ്റു.
ഇലക്ഷന്‍ മാനേജ്മെന്‍റ് തന്ത്രങ്ങള്‍ പയറ്റിയ എല്‍.ഡി.എഫ് വ്യക്തമായ മേല്‍ക്കൈ നേടി ഭരണം പിടിച്ചെടുത്തു. ബി.ജെ.പി നയിക്കുന്ന മുന്നണി ഇത്തവണ നിയമസഭയില്‍ ആദ്യമായൊരു സീറ്റും 15 ശതമാനം വോട്ടും നേടി കരുത്ത് വര്‍ധിപ്പിച്ചു. 2011ല്‍ ആറു ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട്. ബി.ജെ.പി വോട്ടിലുണ്ടായ ഗണ്യമായ വര്‍ധന ക്ഷീണിപ്പിച്ചത് യു.ഡി.എഫിനെയാണ്. 2011ല്‍ 45 ശതമാനം വോട്ട് നേടിയ യു.ഡി.എഫിന് ഇത്തവണ 38 ശതമാനമായാണ് കുറഞ്ഞത്. ബി.ജെ.പി മുന്നണിയുടെ സാന്നിധ്യമാണ് യു.ഡി.എഫ് ചേരിയിലെ വോട്ടുകള്‍ കുറച്ചതെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.