നിയമന വിവാദം: നോക്കുകുത്തിയായത് മന്ത്രിമാര്‍ക്കുള്ള മാര്‍ഗനിര്‍ദേശക ചട്ടം

തിരുവനന്തപുരം: ബന്ധുനിയമന വിവാദങ്ങളോടെ നോക്കുകുത്തിയായത് മന്ത്രിമാര്‍ക്ക് വേണ്ടി സി.പി.എം സംസ്ഥാന നേതൃത്വം തയാറാക്കിയ മാര്‍ഗ നിര്‍ദേശക ചട്ടം. ജൂണില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയാണ് സര്‍ക്കാറിന്‍െറ ചിട്ടയായ പ്രവര്‍ത്തനം മുന്‍നിര്‍ത്തിയുള്ള ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. നയപരമായ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയശേഷമേ മന്ത്രിമാര്‍ നിലപാട് പ്രഖ്യാപിക്കാവൂ, സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണം എന്നത് അടക്കമായിരുന്നു ചട്ടം.

‘സങ്കുചിത രാഷ്ട്രീയത്തിന്‍െറ അടിസ്ഥാനത്തില്‍ മന്ത്രിമാര്‍ തീരുമാനം എടുക്കരുത്. ഭരണരംഗത്ത് പലരും ഇടപെടും. തെറ്റായി ഇടപെടുന്നെങ്കില്‍ കര്‍ശനമായി തടയണം. മന്ത്രിസ്ഥാനത്ത് വരുമ്പോള്‍ ചില അവകാശങ്ങള്‍ ലഭിക്കും. ഓരോ പ്രവൃത്തിയും ജനങ്ങളുടെ പൊതു ഓഡിറ്റിന് വിധേയമാണെന്ന തിരിച്ചറിവുണ്ടാവണം’ ഇവയൊക്കെയായിരുന്നു ഇവയില്‍ പ്രധാനം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭാര്യാ സഹോദരിയും കേന്ദ്ര കമ്മിറ്റി അംഗവും എം.പിയുമായ നേതാവിന്‍െറ മകനെ നിയമിച്ചതിലൂടെ ഇവ പാടെ ലംഘിച്ചുവെന്നാണ് തെളിയുന്നത്.

കൂടാതെ, ‘മന്ത്രിമാര്‍ എല്‍.ഡി.എഫ് പ്രകടന പത്രികക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം, സര്‍ക്കാര്‍ നയപരമായി വ്യക്തത വരുത്തേണ്ട മറ്റു വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയേ മന്ത്രിമാര്‍ തീരുമാനം എടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്യാവൂ.  ഒരു പരിപാടിയില്‍ ഒന്നില്‍ക്കൂടുതല്‍ മന്ത്രിമാര്‍ ഒരുമിച്ച് പങ്കെടുക്കുന്നത് ഒഴിവാക്കണം. ആവശ്യമെങ്കില്‍ മാത്രമേ അത് ആകാവൂ. സ്വകാര്യ വ്യക്തികളുടെ പരിപാടികളില്‍നിന്ന് മന്ത്രിമാര്‍ ഒഴിഞ്ഞ് നില്‍ക്കണം. അത്യാവശ്യം പങ്കെടുക്കേണ്ട പരിപാടിയാണെങ്കില്‍ ജില്ലാ കമ്മിറ്റിയുടെ അനുമതി വാങ്ങണം. ആഴ്ചയില്‍ അഞ്ചു ദിവസം തിരുവനന്തപുരത്ത് ഓഫിസില്‍ ഉണ്ടാവണം. മന്ത്രി ഓഫിസില്‍ വരുന്നവരോട് മാന്യമായി സഹകരിക്കണം. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ട് സംഘടന ജനങ്ങളില്‍നിന്ന് അകലരുത്. ഇവയടക്കമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.