തിരുവനന്തപുരം: സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഡി.സി.സി പ്രസിഡന്‍റുമാരെ മാറ്റി പകരക്കാരെ കൊണ്ടുവരാനുള്ള നീക്കം പ്രതിസന്ധിയില്‍. അര്‍ഹരായവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ഒറ്റ പട്ടിക സമര്‍പ്പിച്ച് അംഗീകാരം തേടണമെന്ന ഗ്രൂപ്പുകളുടെ നിലപാടാണ് അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്നത്.
പാര്‍ട്ടി പുന$സംഘടനക്കായി 21 അംഗ രാഷ്ട്രീയകാര്യ സമിതിക്ക് ഹൈകമാന്‍ഡ് രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍, പുന$സംഘടനയല്ല സംഘടനാതെരഞ്ഞെടുപ്പാണ് വേണ്ടതെന്നാണ് പ്രബല ഗ്രൂപ്പുകളുടെ നിലപാട്. അതിനോട് ഹൈകമാന്‍ഡ് വിയോജിച്ചതോടെ ഗ്രൂപ്പുകള്‍ പത്തിമടക്കിയെങ്കിലും നീരസം പുകയുന്നുണ്ട്. അതിനിടെയാണ് ഹൈകമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ രാഷ്ട്രീയകാര്യസമിതിയോഗം ചേര്‍ന്ന് ഡി.സി.സി പുന$സംഘടന അടിയന്തരമായി നടത്താന്‍ തീരുമാനിച്ചത്.ഇക്കാര്യത്തില്‍ സമിതിയംഗങ്ങളുടെ നിര്‍ദേശങ്ങള്‍ ഈമാസം അഞ്ചിന് മുമ്പ് ഹൈകമാന്‍ഡിന് കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡി.സി.സി പ്രസിഡന്‍റായി എന്തുകൊണ്ടാണ് ഒരാളുടെ പേര് നിര്‍ദേശിക്കുന്നതെന്നതിന്‍െറ കാരണവും അവരുടെ പ്രവര്‍ത്തനപാരമ്പര്യവും ഉള്‍പ്പെടെ വിശദമായ നിര്‍ദേശങ്ങളാണ് സമര്‍പ്പിക്കേണ്ടത്. എന്നാല്‍, സമിതിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും അതിന് തയാറായിട്ടില്ല. സ്വാശ്രയ സമരം കാരണം ഇക്കാര്യത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ളെന്നും സമയം നീട്ടിച്ചോദിക്കണമെന്നുമാണ് ഗ്രൂപ്പുകളുടെ ആവശ്യം. അതിനോട് ഹൈകമാന്‍ഡ് ഇതേവരെ പ്രതികരിച്ചിട്ടില്ല.
ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനത്തില്‍ ഗ്രൂപ്പിസം ഒഴിവാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പേരുകള്‍ സമിതിയംഗങ്ങള്‍ ഒറ്റക്കൊറ്റക്ക് വ്യക്തിപരമായി നിര്‍ദേശിക്കാന്‍ ഹൈകമാന്‍ഡ് നിര്‍ദേശിച്ചത്. ഡി.സി.സി അധ്യക്ഷന്മാരെ പങ്കിട്ടെടുക്കാന്‍ കഴിയുംവിധം പട്ടിക തയാറാക്കിനല്‍കാന്‍ അവസരം വേണമെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. സാമുദായികസമവാക്യങ്ങള്‍ ഉള്‍പ്പെടെ പാലിച്ച് നിയമനം നടത്താന്‍ പാനലിലൂടെ മാത്രമേ സാധിക്കൂ എന്ന കാരണമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, പ്രവര്‍ത്തനമികവ് നോക്കിയാല്‍ മതിയെന്ന കാഴ്ചപ്പാടാണ് ഹൈകമാന്‍ഡിന്. കെ.പി.സി.സി നേതൃത്വവും ഹൈകമാന്‍ഡ് ഇടപെടലിലൂടെ രാഷ്ട്രീയകാര്യസമിതിയില്‍ അംഗത്വം നേടിയവരും അതിനോട് യോജിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ഹൈകമാന്‍ഡിനുള്ള മുന്നറിയിപ്പായി കാണുന്നവരും പാര്‍ട്ടിയില്‍ ഇല്ലാതില്ല. രാഷ്ട്രീയകാര്യസമിതിയുടെ അടുത്തയോഗം ഈമാസം 27ന് വീണ്ടും ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.