തിരുവനന്തപുരം: മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ സി.പി.ഐ നേതൃത്വം സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങിയില്ല. പരിചയസമ്പന്നത പുതുമുഖങ്ങള്‍ക്ക് വഴിമാറിയതോടെ സി. ദിവാകരനും മുല്ലക്കര രത്നാകരനും പട്ടികയില്‍നിന്ന് ഒഴിവായി. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതിയിലും സംസ്ഥാന കൗണ്‍സിലിലും ഇരുവര്‍ക്കും അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും നേതൃത്വത്തിന്‍െറ നിലപാടിനായിരുന്നു അംഗീകാരം. നിര്‍വാഹക സമിതിയില്‍ ദിവാകരനും മുല്ലക്കരയും വികാരവിക്ഷോഭത്തോടെ സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരുപടി കൂടി കടന്ന് മുല്ലക്കര സംസ്ഥാന കൗണ്‍സിലില്‍ പങ്കെടുത്തില്ല. ഒടുവില്‍, കാലിന് സുഖമില്ലാത്തതാണ് മാറിനില്‍ക്കാന്‍ കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു.
രാവിലെ 10ന് ചേര്‍ന്ന നിര്‍വാഹക സമിതിയില്‍ ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍ കുമാര്‍, കെ. രാജു, പി. തിലോത്തമന്‍ എന്നിവര്‍ ഉള്‍പ്പെട്ട പാനലാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിച്ചത്. സര്‍ക്കാറില്‍ പുതുമുഖങ്ങള്‍ പോകട്ടെയെന്ന ആമുഖത്തോടെയായിരുന്നു അവതരണം. പുതിയ ടീം വേണമെന്നും 2006ലും പുതിയ മുഖങ്ങളായിരുന്നു മന്ത്രിമാരെന്നും പറഞ്ഞു. എന്നാല്‍ നിര്‍ദേശം അംഗീകരിക്കാനാവില്ളെന്ന് ദിവാകരന്‍ പറഞ്ഞു. വികാരത്തോടെ സംസാരിച്ച മുല്ലക്കര താന്‍ ഒരു തവണ മാത്രമാണ് മന്ത്രിയായതെന്നും കാര്‍ഷിക രംഗത്ത് ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി. പാര്‍ട്ടിയോട് വിധേയത്വം പുലര്‍ത്തിയിരുന്നു. ഭരണ മികവ് പ്രകടിപ്പിച്ചു. എന്നിട്ടും ഒഴിവാക്കുന്നത് ശരിയല്ല. അങ്ങനെയെങ്കില്‍ നിര്‍വാഹക സമിതി, സംസ്ഥാന കൗണ്‍സില്‍ എന്നിവയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നിലപാട് മാറ്റാന്‍ നേതൃത്വം തയാറായില്ല.
തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍, ഇതുവരെ മന്ത്രിമാരാകാത്തവര്‍ക്ക് അവസരം നല്‍കണമെന്ന നിര്‍ദേശം നിര്‍വാഹക സമിതിക്കുവേണ്ടി കാനം അവതരിപ്പിച്ചു. ഇതിന് കൗണ്‍സില്‍ ഐകകണ്ഠ്യേന അംഗീകാരം നല്‍കി. എന്നാല്‍ യോഗത്തില്‍ സംസാരിച്ചവരില്‍ ഒരു വിഭാഗം പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിവേണം മന്ത്രിമാരെ നിശ്ചയിക്കാനെന്ന് അഭിപ്രായപ്പെട്ടു. സി.പി.ഐക്കാര്‍ കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 2006ലെ സര്‍ക്കാറിലെ സിവില്‍ സപൈ്ളസ് മന്ത്രിയുടെ നേട്ടമാണ് പ്രസംഗിച്ചതെന്ന് യോഗത്തില്‍ സംസാരിച്ച ഒരംഗം ചൂണ്ടിക്കാട്ടി. എന്നിട്ടും ദിവാകരനെ ഒഴിവാക്കിയത് നിരാശാജനകമാണ്. എം.എന്‍. ഗോവിന്ദന്‍ നായര്‍ മുതല്‍ മുല്ലക്കര രത്നാകരന്‍ വരെ കൃഷിമന്ത്രിയായവരാണ്.
കാര്‍ഷിക കടാശ്വാസ കമീഷന്‍ നടപ്പാക്കിയത് മുല്ലക്കരയാണ്. എന്നിട്ടും അദ്ദേഹത്തെ ഒഴിവാക്കി. രണ്ടുപേരെയും ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ജി.ആര്‍. അനില്‍, വി.പി. ഉണ്ണികൃഷ്ണന്‍, ആര്‍. ലതാദേവി, കെ.എസ്. അരുണ്‍ എന്നിവര്‍ ദിവാകരനെ ഒഴിവാക്കിയ നിര്‍വാഹക സമിതി തീരുമാനം അംഗീകരിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. എ. സുജനപ്രിയന്‍, സോളമന്‍ വെട്ടുകാട്, ജെ. വേണുഗോപാലന്‍ നായര്‍ എന്നിവര്‍ ദിവാകരന് അനുകൂലമായും നിലപാടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.