വെള്ളാപ്പള്ളിയുടെ എന്‍.ഡി.എ. പ്രവേശം നിരുപാധികം –ബി.ജെ.പി

ന്യൂഡല്‍ഹി: കേരളത്തില്‍ ദേശീയ ജനാധിപത്യസഖ്യത്തിന്‍െറ ഘടകകക്ഷിയായി വെള്ളാപ്പള്ളി നടേശന്‍െറ ഭാരതീയ ധര്‍മ ജന സേന (ബി.ഡി.ജെ.എസ്) വന്നത് നിരുപാധികമായാണെന്ന് കേരളത്തിന്‍െറ ചുമതലയുള്ള ബി.ജെ.പി നേതാവും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നദ്ദ. തങ്ങളുടെ ഉപാധികളെല്ലാം ബി.ജെ.പി ദേശീയനേതൃത്വം അംഗീകരിച്ചെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയതിന് പിറകെയാണ് ജെ.പി. നദ്ദ ഇക്കാര്യമറിയിച്ചത്.
 വെള്ളാപ്പള്ളി-ബി.ജെ.പി സഖ്യം ഒൗദ്യോഗികമായി പ്രഖ്യാപിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. കേരള ബി.ജെ.പിയെ മുഖവിലക്കെടുക്കാതെയാണ് സഖ്യമെന്ന ആരോപണം ഇരുവരും തള്ളി.

തങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികളെല്ലാം അംഗീകരിച്ചശേഷമാണ് എന്‍.ഡി.എയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ഇതിലൊന്നും വ്യക്തിപരമായിരുന്നില്ല. കേരളത്തിന്‍െറ വികസനവുമായി ബന്ധപ്പെട്ടതായിരുന്നു. കേന്ദ്ര സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്‍െറ പേരിടുക, അയ്യങ്കാളി സ്മാരകം തുടങ്ങിയവയായിരുന്നു ആവശ്യങ്ങളെന്നും അദ്ദേഹം തുടര്‍ന്നു. ബി.ജെ.പിയുമായി സഖ്യത്തിലാകുംമുമ്പ് ഇടതുമുന്നണിയുമായും ഐക്യമുന്നണിയുമായും ചര്‍ച്ച നടത്തിയതിനെ അദ്ദേഹം ന്യായീകരിച്ചു.

ബുധനാഴ്ച രാത്രി ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയിലാണ് ബി.ജെ.പിയുമായി ചേര്‍ന്ന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ഡി.ജെ.എസ് തീരുമാനിച്ചതെന്ന് ജെ.പി. നദ്ദ പറഞ്ഞു.

ദേശീയതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള നിരുപാധിക സഖ്യമാണിത്. ദേശവിരുദ്ധ ശക്തികള്‍ക്കെതിരായ ബി.ജെ.പിയുടെ പോരാട്ടത്തിന് ശക്തിപകരുന്ന ഇത്തരം സംഘടനകളെ ചേര്‍ത്ത് കേരളത്തില്‍ എന്‍.ഡി.എയുടെ അടിത്തറ ഭദ്രമാക്കുമെന്നും നദ്ദ പറഞ്ഞു. ഉപാധികളെല്ലാം അംഗീകരിച്ചെന്ന് താങ്കളുടെ മുന്നില്‍ തുഷാര്‍ മലയാളത്തില്‍ പറഞ്ഞല്ളോയെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു ഉപാധിയുമില്ലാതെയാണ് വന്നതെന്ന് നദ്ദ ആവര്‍ത്തിച്ചു വ്യക്തമാക്കി. അതോടെ നിരുപാധികമാണെന്ന് തുഷാറിനും അംഗീകരിക്കേണ്ടിവന്നു. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ മറികടന്നുകൊണ്ടുള്ള സഖ്യതീരുമാനമല്ല ഇതെന്ന് നദ്ദ ചോദ്യത്തിന് മറുപടിനല്‍കി.

ഏതാനും ദിവസംമുമ്പ് കേരള നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ നടപടി മാത്രമാണ് സഖ്യപ്രഖ്യാപനം. അതുകൊണ്ടാണ് പ്രഖ്യാപനവേദിയില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ ഇല്ലാത്തതെന്നും നദ്ദ പറഞ്ഞു.

കേരളത്തില്‍ പാര്‍ട്ടി വന്‍വിജയം നേടുമെന്ന് അവകാശപ്പെട്ട അദ്ദേഹം എത്ര സീറ്റുകള്‍ നേടുമെന്ന് ഇപ്പോള്‍ പറയാനാവില്ളെന്ന് വ്യക്തമാക്കി.
സീറ്റുകള്‍ വീതംവെക്കല്‍ അടക്കമുള്ള ചര്‍ച്ചകള്‍ കേരളത്തിലായിരിക്കും നടത്തുകയെന്നും അതിനായി കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, രാജീവ് പ്രതാപ് റൂഡി എന്നിവര്‍ ഉടന്‍ പോകുമെന്നും കേരളത്തിന്‍െറ ചുമതലയുള്ള സഹപ്രഭാരി നളിന്‍ കുമാര്‍ കടീല്‍ ‘മാധ്യമ’ത്തോടു പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.