ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് ബന്ധം, വി.എസ്. അച്യുതാനന്ദന്‍െറ സ്ഥാനം എന്നീ വിഷയങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്‍െറ വീക്ഷണം പൂര്‍ണമായി അംഗീകരിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കുള്ള വിമുഖത ഉള്‍ക്കൊള്ളാന്‍ പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും നിര്‍ബന്ധിതമായി. ഈ സാഹചര്യത്തില്‍ ബംഗാളിലെ സി.പി.എം-കോണ്‍ഗ്രസ് ബന്ധം അടവുനയമായി മുന്നോട്ടുപോകും.വി.എസിന്‍െറ പാര്‍ട്ടി-ഭരണ പദവികളുടെ കാര്യത്തില്‍ സംസ്ഥാന ഘടകത്തിന് ഉപദേശം നല്‍കുന്നതിനപ്പുറം, കേന്ദ്രനേതൃത്വം വ്യക്തമായ തീരുമാനം മുന്നോട്ടുവെക്കില്ല.മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റി യോഗം തിങ്കളാഴ്ച സമാപിക്കുകയാണ്. കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം പോളിറ്റ് ബ്യൂറോ യോഗവും നടക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍, കഴിഞ്ഞദിവസങ്ങളിലെപ്പോലെ തന്നെ ബംഗാളിലെ കോണ്‍ഗ്രസ് ബന്ധം ചൂടേറിയ തര്‍ക്കവിഷയമായി. ബി.ജെ.പി, കോണ്‍ഗ്രസിതര ബന്ധം മാത്രമെന്ന പാര്‍ട്ടി ലൈനില്‍നിന്നുള്ള വ്യതിയാനത്തെ തള്ളിപ്പറഞ്ഞ മുന്‍ പി.ബി തീരുമാനം പരസ്യപ്പെടുത്തിയതിനെ പ്രതികാര നടപടിയെന്നാണ് പശ്ചിമ ബംഗാളില്‍നിന്നുള്ളവര്‍ വിശേഷിപ്പിച്ചത്.പ്രായോഗിക സമീപനം വേണ്ട ഘട്ടത്തില്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ കടുംപിടിത്തം സ്വീകരിക്കുന്നതില്‍ പ്രകാശ് കാരാട്ടിനും മറ്റുമെതിരെ കടുത്ത വിമര്‍ശം തുടരുകയാണ് ചെയ്തത്.
ബംഗാളിലെ കോണ്‍ഗ്രസ് ബന്ധത്തെ കേരളത്തില്‍നിന്നുള്ള നേതാക്കളും തുറന്നെതിര്‍ത്തു. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ നിരന്തര ആക്രമണം നടക്കുന്നതു നിലനില്‍പു പ്രതിസന്ധിതന്നെ സൃഷ്ടിച്ച കാര്യമാണ് ബംഗാളില്‍നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയത് യാഥാര്‍ഥ്യമാണെങ്കില്‍, നിലവിലെ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ക്കിടയില്‍ അതു തുടരുന്നതിലെന്താണ് തെറ്റെന്നാണ് ബംഗാള്‍ നേതാക്കളുടെ ചോദ്യം.
ധാരണയുണ്ടാക്കുന്ന ഘട്ടത്തില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തിന് നല്‍കുകയും ചെയ്തതാണ്. ഈ സാഹചര്യങ്ങളില്‍ ബംഗാള്‍ ഘടകത്തിന് മറിച്ചൊരു നിര്‍ദേശം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ് കേന്ദ്രനേതൃത്വത്തിന്. വി.എസിന് കാബിനറ്റ് റാങ്കോടെ പദവി നല്‍കാനുള്ള കേന്ദ്രനേതൃത്വത്തിന്‍െറ നിര്‍ദേശം നടപ്പാക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് ധിറുതിയില്ല.പാര്‍ട്ടി കമീഷന്‍െറ പ്രവര്‍ത്തനം അവസാനിപ്പിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തിലുമില്ല തിടുക്കം. സംസ്ഥാന നേതൃത്വത്തിന്‍െറ മെല്ളെപ്പോക്കിന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കള്‍ക്ക് മറുമരുന്നില്ല. കേന്ദ്രനേതൃത്വത്തിന്‍െറ നിര്‍ദേശമായി അടിച്ചേല്‍പിക്കാനും കഴിയില്ല.പി.ബി, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ കഴിയുമ്പോഴും, ഫലത്തില്‍ പന്ത് സംസ്ഥാന ഘടകത്തിന്‍െറ കോര്‍ട്ടില്‍തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.