തലമാറില്ലെന്ന് ഉറപ്പായി; രണ്ടാംനിരക്കാര്‍ പരസ്യ പ്രതിഷേധത്തിലേക്ക്

കൊച്ചി: സംസ്ഥാന കോണ്‍ഗ്രസില്‍ തലമാറില്ളെന്ന് ഉറപ്പായതോടെ രണ്ടാംനിര നേതാക്കള്‍ പൊട്ടിത്തെറിയിലേക്ക്. പരാജയ കാരണം ന്യൂനപക്ഷ വോട്ടുചോര്‍ച്ചയെന്ന് മാത്രം വിലയിരുത്തി നടപടികള്‍ അവസാനിപ്പിക്കുന്നതിന് പകരം സമൂല നേതൃമാറ്റമാണ് ഇക്കൂട്ടരുടെ ആവശ്യം. വി.എം. സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്നതാണ് മുഖ്യ ആവശ്യം. ഒപ്പം ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും പരാജയത്തിന്‍െറ ഉത്തരവാദിത്തം ഏല്‍ക്കണം. ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസിലെ രണ്ടാംനിര നേതാക്കള്‍ വരിവരിയായി ഡല്‍ഹിക്ക് വണ്ടികയറുകയാണ്. ‘എല്ലാം ശുഭം’ എന്ന നിലപാടില്‍ അതൃപ്തി അറിയിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സുധാകരന്‍, എം.എം. ഹസന്‍ എന്നിവര്‍ക്ക് പിന്നാലെ ജോസഫ് വാഴക്കന്‍, കെ. ബാബു തുടങ്ങിയവരും ഇതേ ആവശ്യമുന്നയിച്ച് കേന്ദ്ര നേതാക്കളെ കാണുകയാണ്.

ജോസഫ് വാഴക്കന്‍ അടുത്തയാഴ്ച സോണിയാ ഗാന്ധിയെ കാണുന്നതിന് സമയം ചോദിച്ചിരിക്കുകയാണ്. വി.എം. സുധീരന്‍ മുന്നോട്ടുവെച്ച മദ്യനയം പാളിയതാണ് യഥാര്‍ഥ കാരണമെന്നും ഈ നയം അംഗീകരിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് കെ. ബാബുവും വിശദീകരിക്കുന്നു. അതേസമയം, ഏറ്റവുമധികം വികസനം കൊണ്ടുവന്ന സര്‍ക്കാര്‍ എന്നതിനൊപ്പം ഏറ്റവുമധികം അഴിമതി നടന്ന ഭരണവുമെന്ന പ്രതിഛായയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായതെന്നും ഇതാണ് യഥാര്‍ഥത്തില്‍ പരാജയ കാരണമെന്ന വിലയിരുത്തലിലാണ് രണ്ടാം നിര നേതാക്കളില്‍ അധികവും. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് എതിരായ അഴിമതി ആരോപണങ്ങള്‍ ഒന്നൊന്നായി ഉയര്‍ന്നപ്പോള്‍ അത് ന്യായീകരിക്കാന്‍ വാര്‍ത്താ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടവരെല്ലാം കൂട്ടമായി തോറ്റതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

അഴിമതി ആരോപണങ്ങള്‍ക്കെതിരെ ന്യായീകരണവുമായി ചാനല്‍ കാമറകള്‍ക്ക് മുന്നില്‍ എത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍, ശൂരനാട് രാജശേഖരന്‍, ലാലി വിന്‍സന്‍റ്, ഡൊമിനിക് പ്രസന്‍േറഷന്‍, ജോസഫ് വാഴക്കന്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരെല്ലാം ഈ തെരഞ്ഞെടുപ്പില്‍ തോറ്റു. അഴിമതിയെ മാത്രമല്ല, അത് ന്യായീകരിക്കുന്നതും ജനം അംഗീകരിക്കുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയയാളെ മൊത്തം പരാജയം അന്വേഷിക്കാനുള്ള കമീഷന്‍ ആയി നിശ്ചയിച്ചതിനെയും രണ്ടാംനിര നേതാക്കള്‍ വിമര്‍ശിക്കുന്നു. സ്വകാര്യ സംഭാഷണത്തില്‍ ഇവരുടെ വിമാര്‍ശം വി.എം. സുധീരനെയും കടന്ന് രാഹുല്‍ ഗാന്ധിയിലേക്ക് നീങ്ങുന്നുവെന്നതാണ് കൗതുകകരം.

പരാജയം വിലയിരുത്തുന്നതിനൊപ്പം യുവജന-വിദ്യാര്‍ഥി സംഘടനകളുടെ നിഷ്ക്രിയത്വവും ചര്‍ച്ചാ വിഷയമാക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഈ രംഗത്ത് രാഹുല്‍ ഗാന്ധി നടത്തിയ പരീക്ഷണങ്ങളാണ് പാളിയത്. ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളെ ഏര്‍പ്പെടുത്തി കണ്ടത്തെിയ ഭാരവാഹികളാരും പ്രവര്‍ത്തന രംഗത്തില്ല. ഒപ്പം, ജില്ലാ ഘടകങ്ങളെ മാറ്റി പാര്‍ലമെന്‍റ് മണ്ഡലം ഘടകങ്ങള്‍ എന്നാക്കിയതോടെ ജില്ലാ തലത്തില്‍ പ്രതിഷേധ പരിപാടികളും ഇല്ലാതായി. ഇത്തവണ താഴേതട്ടില്‍ നിന്നുള്ള വിമര്‍ശത്തിന് ഗ്രൂപ് വ്യത്യാസമില്ല എന്നതാണ് കൗതുകകരം. ‘ത്രിമൂര്‍ത്തികള്‍’ ഒന്നാകെ പരാജയത്തിന് ഉത്തരവാദികളാണ് എന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. ശനിയാഴ്ച എറണാകുളത്ത് ചേര്‍ന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ രണ്ടാംനിര നേതാക്കളുടെ രോഷത്തിന് മുന്നില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ വിയര്‍ക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.