സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷ തകര്‍ത്തു –യു.ഡി.എഫ്

തിരുവനന്തപുരം:  രണ്ടുമാസംകൊണ്ട് ഇടതുസര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷ തകര്‍ത്തെന്ന് യു.ഡി.എഫ്. ഭാഗപത്രാധാരങ്ങള്‍ക്കുള്ള ഫീസ് വര്‍ധനയില്‍നിന്ന് സാധാരണക്കാരെ മാത്രം ഒഴിവാക്കാമെന്ന ധനമന്ത്രിയുടെ നിലപാട് അംഗീകരിക്കേണ്ടതില്ളെന്നും മുന്നണി നേതൃയോഗം തീരുമാനിച്ചു. ഇടതുസര്‍ക്കാറിന്‍െറ പ്രതിച്ഛായ തുടക്കത്തില്‍തന്നെ നഷ്ടപ്പെട്ടുവെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എന്നാല്‍, ഇടതുമുന്നണി ചെയ്തതുപോലെ സര്‍ക്കാറിന്‍െറ രാജി ഈ ഘട്ടത്തില്‍  ആവശ്യപ്പെടുന്നില്ല. സര്‍ക്കാര്‍ തെറ്റുതിരുത്താന്‍ തയാറാകണം. ബജറ്റ് നിര്‍ദേശങ്ങള്‍ മൂലം നിത്യോപയോഗസാധനങ്ങള്‍ക്കുണ്ടായ വിലക്കയറ്റവും ഭാഗപത്രാധാര രജിസ്ട്രേഷന്‍ നിരക്കില്‍ വരുത്തിയ വര്‍ധനയും ജനങ്ങളെ ദോഷകരമായി ബാധിക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ കാര്യത്തിലെ മുഖ്യമന്ത്രിയുടെ നിലപാട്, മന്ത്രിസഭാ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നത് ഒഴിവാക്കിയത്,  ജീവനക്കാരുടെ കൂട്ടസ്ഥലംമാറ്റം തുടങ്ങിയവ സര്‍ക്കാറിനെതിരെ വികാരം ഉയര്‍ത്തിയിരിക്കുകയാണ്. സാമ്പത്തിക അച്ചടക്കം പാലിക്കുമെന്ന് പറഞ്ഞവര്‍ വി.എസ്. അച്യുതാനന്ദനുവേണ്ടി പദവിയുണ്ടാക്കി കോടികള്‍ ചെലവഴിക്കാനൊരുങ്ങുന്നു. ഗതാഗത വകുപ്പില്‍ മന്ത്രിയും കമീഷണറും തമ്മിലുള്ള തര്‍ക്കമാണ്.

സപൈ്ളകോ വിതരണകേന്ദ്രങ്ങളില്‍ സാധനങ്ങള്‍ ഇല്ല. ഉന്നത പദവിയില്‍ ഇരിക്കുന്ന പൊതുപ്രവര്‍ത്തകര്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞത്. അക്രമത്തിന് ആഹ്വാനം നല്‍കുന്ന പ്രസംഗം നടത്തിയ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണം. ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടിനോട് സി.പി.ഐയും യോജിച്ചത് നല്ല കാര്യമാണ്. സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്ന് ആവശ്യപ്പെട്ട് ആദ്യഘട്ടമെന്നനിലയില്‍ ആഗസ്റ്റ് നാലിന് എം.എല്‍.എ മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും.

കൊല്ലം ജില്ലയില്‍ കശുവണ്ടി വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കും. അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ പ്രതിപക്ഷനേതാവ് സ്ഥലം സന്ദര്‍ശിച്ച് തയാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടും അടുത്ത നേതൃയോഗത്തില്‍ പരിഗണിക്കും. പദ്ധതിവേണ്ടെന്ന പൊതുഅഭിപ്രായമാണ് പ്രതിപക്ഷനേതാവ് അറിയിച്ചിരിക്കുന്നതെന്നും കണ്‍വീനര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.