ബോര്‍ഡ്-കോര്‍പറേഷനുകള്‍ സി.പി.ഐക്ക് കുറയില്ല

തിരുവനന്തപുരം: സി.പി.ഐക്ക് ലഭിക്കേണ്ട ബോര്‍ഡ്, കോര്‍പറേഷനുകളുടെ എണ്ണം 2006നെക്കാള്‍ കുറയില്ല. സി.പി.എമ്മുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഏകദേശ ധാരണയായതെന്ന് നേതൃത്വം സംസ്ഥാന നിര്‍വാഹക സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി നേതൃത്വത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഖേദം പ്രകടിപ്പിച്ച് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ വിശദീകരണം നല്‍കി.

ബോര്‍ഡ്, കോര്‍പറേഷനുകളില്‍ മറ്റു കക്ഷികളുമായി വെച്ചുമാറേണ്ടവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇനി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയിലാവും ധാരണയാവുക. താന്‍ മന്ത്രിയാകാത്തത് ഗോഡ്ഫാദര്‍ ഇല്ലാത്തതിനാലാണെന്ന് ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിനാണ് ബിജിമോളോട് വിശദീകരണം ആവശ്യപ്പെട്ടത്. എന്നാല്‍, താന്‍ അനൗപചാരികമായി പറഞ്ഞ കാര്യങ്ങള്‍ തന്‍െറ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി ഖേദം പ്രകടിപ്പിക്കുന്ന വിശദീകരണമാണ് അവര്‍ നല്‍കിയതെന്നാണ് സൂചന.

ഈ വിഷയം വെള്ളിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. റവന്യൂ വകുപ്പിന്‍െറ കേസുകള്‍ വാദിക്കുന്നതില്‍നിന്ന് സുശീലാ ഭട്ടിനെ മാറ്റിയത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഭരണപരമായ സാധാരണ കാര്യമാണെന്ന് നേതൃത്വം അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.