സര്‍ക്കാറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍.ഡി.എഫ്

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍.ഡി.എഫ് ഒരുങ്ങുന്നു. ബാര്‍കോഴയില്‍ രണ്ട് മന്ത്രിമാരുടെ രാജിക്ക് പിന്നാലെ സര്‍ക്കാറിന്‍െറ നിലനില്‍പ് ചോദ്യം ചെയ്യുന്ന സരിതയുടെ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കാനാണ് എല്‍.ഡി.എഫ് നീക്കം. വിഷയം ചര്‍ച്ച ചെയ്യാന്‍ ജനുവരി 29ന് എല്‍.ഡി.എഫ് ചേരും. നിയമസഭയിലും പുറത്തുമുള്ള പ്രക്ഷോഭപ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ മാസം മാത്രം ശേഷിക്കേ യു.ഡി.എഫ് സര്‍ക്കാറിന്‍െറ രാജിയും ഭരണമാറ്റവുമല്ല എല്‍.ഡി.എഫ് ലക്ഷ്യം. സര്‍ക്കാറിന്‍െറ രാജി തെരഞ്ഞെടുപ്പ് വരെ ഗവര്‍ണര്‍ ഭരണത്തിലേക്കാവും നയിക്കുക. ഇത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഗുണം ചെയ്തേക്കുമെന്നും ഇവര്‍ തിരിച്ചറിയുന്നു. യു.ഡി.എഫിലെയും കോണ്‍ഗ്രസിലെയും പോര് മൂര്‍ച്ഛിക്കണമെന്നാണ് എല്‍.ഡി.എഫും സി.പി.എമ്മും ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് ഗ്രൂപ് സമവാക്യത്തില്‍ മേല്‍ക്കൈ നിലനിര്‍ത്താനും അധികാരത്തില്‍ തുടരാനും മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളിലാണ് പ്രതീക്ഷ മുഴുവനും. മാണിയുടെയും ബാബുവിന്‍െറയും രാജിക്കുശഷം ധാര്‍മികതാപ്രശ്നം ഉയര്‍ത്തി ലാവലിനില്‍ സി.പി.എമ്മിനെ ആക്രമിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. പുതിയ നേതൃത്വവുമായി കോണ്‍ഗ്രസും യു.ഡി.എഫും രംഗത്തുവരുന്നതിനേക്കാള്‍ രാഷ്ട്രീയനേട്ടം സര്‍ക്കാര്‍ ഭരണത്തില്‍ കടിച്ചു തൂങ്ങുന്നതാണെന്നും വിലയിരുത്തുന്നു. അതിനാല്‍ ജനകീയ കോടതിയിലേക്ക് വിഷയം എത്തിക്കലാണ് മുഖ്യലക്ഷ്യം. മുഖ്യമന്ത്രിയടക്കം ആരോപണവിധേയരായിട്ടും സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതിലെ അധാര്‍മികത ഉയര്‍ത്തും.
കൂടാതെ രാജിവെക്കാന്‍ തയാറാകാത്ത രാഷ്ട്രീയസംവിധാനത്തെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടത് ഉള്‍പ്പെടുത്തിയുള്ള ശക്തമായ പ്രചാരണമാണ് എല്‍.ഡി.എഫ് ആലോചിക്കുന്നത്. തദ്ദേശതലത്തിലടക്കം കേന്ദ്രീകരിച്ചാവും ഇത്.അടുത്തയാഴ്ച ആരംഭിക്കുന്ന നിയമസഭാസമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദന്‍െറ നേതൃത്വത്തില്‍ വിഷയം രാഷ്ട്രീയ ആയുധമാക്കും. സോളാര്‍വിഷയത്തില്‍ മുന്‍ സഭാസമ്മേളനത്തില്‍ പ്രതിപക്ഷത്തിന്‍െറയും സോളാര്‍ തട്ടിപ്പിനിരയായ ശ്രീധരന്‍ നായരുടെയും ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഉപയോഗിച്ചാവും പ്രതിപക്ഷം നേരിടുക. സരിതക്കൊപ്പമാണ് താന്‍ മുഖ്യമന്ത്രിയെ കണ്ടതെന്ന ശ്രീധരന്‍ നായരുടെ മൊഴി മുഖ്യമന്ത്രി തള്ളിയിരുന്നു. ശ്രീധരന്‍ നായരുടെ മൊഴി സരിത ഇന്നലെ സോളാര്‍ കമീഷനില്‍ സാധൂകരിച്ചു. ഇതുകൂടാതെയാണ് സരിതയെ സ്വാധീനിക്കാന്‍ കെ.പി.സി.സി ഭാരവാഹി നടത്തിയ ശ്രമമെന്ന ആക്ഷേപം. ഇവക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയും ഭരണപക്ഷവും ഏറെ വിയര്‍ക്കുമെന്ന് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നു.
വി.എം. സുധീരനും പുതിയ വെളിപ്പെടുത്തല്‍ തിരിച്ചടിയാണ്. സുധീരന്‍െറ ജനരക്ഷായാത്ര ആരോപണത്തിനുള്ള മറുപടിയായി ചുരുങ്ങുമ്പോള്‍ നവകേരള മാര്‍ച്ചില്‍ പിണറായിക്ക് പുതിയ വിഷയങ്ങളാണ് കൈവരുന്നത്. ലാവലിന്‍, കതിരൂര്‍ മനോജ് വധക്കേസ് എന്നിവയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സി.പി.എമ്മിന് ആശ്വാസമാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.