ഐസക്കിന്‍െറ പൊടിക്കൈകള്‍

ധനമന്ത്രിയായിരുന്നപ്പോള്‍ സ്വന്തം മണ്ഡലത്തെ പൊന്നുപോലെ നോക്കിയ തോമസ് ഐസക്കിന് ഇപ്പോള്‍ ചെറിയ നിരാശ. പ്രതിപക്ഷ അംഗത്തിന്‍െറ മണ്ഡലത്തെ എത്രമാത്രം ദ്രോഹിക്കാന്‍ ഭരണക്കാര്‍ക്ക് കഴിയുമെന്നതിന്‍െറ ദൃഷ്ടാന്തമാണ് ആലപ്പുഴയില്‍ കാണുക. എങ്കിലും, തന്‍േറതായ പദ്ധതികള്‍കൊണ്ട് പൊതുവെ മണ്ഡലത്തിന് തിളക്കമുണ്ടാക്കാന്‍ കഴിഞ്ഞുവെന്ന ആശ്വാസം. പഴയ മാരാരിക്കുളം മണ്ഡലമാണ് ഇപ്പോള്‍ ആലപ്പുഴ നഗരസഭയിലെ 25 വാര്‍ഡുകള്‍കൂടി ഉള്‍പ്പെടുത്തി ആലപ്പുഴ മണ്ഡലമാക്കിയത്. രണ്ടുതവണ മാരാരിക്കുളത്തുനിന്നും ഒരുതവണ ആലപ്പുഴയില്‍നിന്നും വിജയിച്ച ഡോ. ടി.എം. തോമസ് ഐസക്കിന് മണ്ഡലം നോക്കാത്ത എം.എല്‍.എ എന്ന ദുഷ്പ്പേരൊന്നും പൊതുവെയില്ല. എന്നാല്‍, അപാകതകള്‍ തീരെയില്ളെന്നും പറയാന്‍ കഴിയില്ല.

വന്‍കിടപദ്ധതികളോ സുസ്ഥിരവികസനമോ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ എടുത്തുകാണിക്കാന്‍ കഴിയില്ല. താന്‍ മന്ത്രിയായിരുന്നപ്പോള്‍ മണ്ഡലത്തില്‍ നന്നായി പ്രവര്‍ത്തിച്ചിരുന്ന വ്യവസായശാലകളെല്ലാം തകര്‍ച്ചയുടെ വക്കിലായി എന്ന് ഐസക് തന്നെ തുറന്നുസമ്മതിക്കുന്നു. പൊതുമേഖലയിലെ മരുന്നുനിര്‍മാണ ശാലയായ കെ.എസ്.ഡി.പി അവഗണനയുടെ നെല്ലിപ്പലക കാണുകയാണ്. ഹോമിയോ മരുന്നുനിര്‍മാണ ശാലയായ ഹോംകോയുടെ വിപുലീകരണത്തിന് സ്ഥലം ഏറ്റെടുത്തെങ്കിലും അനുബന്ധനിര്‍മാണം തുടങ്ങിയില്ല. സ്വകാര്യമേഖലയിലെ എക്സല്‍ ഗ്ളാസ് ഫാക്ടറി പൂട്ടിത്തന്നെ കിടക്കുന്നു. കോമളപുരം സ്പിന്നിങ് മില്‍ ഭരണാന്ത്യത്തിലാണ് തുറക്കാനുള്ള നടപടികളിലേക്ക് നീങ്ങിയത്. ആലപ്പുഴ കനാലിന് ഇന്നും ദുരവസ്ഥതന്നെ. മണ്ഡലത്തിന്‍െറ കൂടുതല്‍ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന കയര്‍മേഖലയുടെ സ്ഥിതിയും ആശാവഹമല്ല. ഇതെല്ലാം രാഷ്ട്രീയപരമായ ദ്രോഹമാണ്. കോടികളുടെ പദ്ധതികള്‍ ഫാക്ടറികള്‍ക്കുവേണ്ടി താന്‍ മന്ത്രിയായിരുന്നപ്പോള്‍ ആവിഷ്കരിച്ചു. പിന്നീട് അത് എവിടെപ്പോയെന്ന് അറിയില്ല.

ആലപ്പുഴയുടെ വ്യവസായമേഖലയുടെ പരിച്ഛേദമാണ് ഈ മണ്ഡലം. മാരാരിക്കുളം തെക്ക്, വടക്ക്, ആര്യാട്, മണ്ണഞ്ചേരി തുടങ്ങിയ ഇടത് അടിത്തറയുള്ള പഞ്ചായത്തുകള്‍കൂടി മണ്ഡലത്തിലുണ്ട്. തന്നെ അങ്ങനെയങ്ങ് ഒതുക്കാന്‍ നോക്കേണ്ടെന്ന് കാണിച്ചുകൊടുക്കാന്‍ ഐസക്കിന് ഒരു പരിധിവരെ കഴിഞ്ഞുവെന്ന് പറയാം. മികച്ച ആസൂത്രകന്‍െറയും ധനതത്ത്വ ചിന്തകന്‍െറയും ഗവേഷകന്‍െറയും മനസ്സുള്ള, കയര്‍ വിഷയത്തില്‍ ജെ.എന്‍.യുവില്‍നിന്ന് ഡോക്ടറേറ്റ് നേടിയ 64കാരനായ ഐസക്കിന് സ്വന്തമായ പദ്ധതികളിലൂടെ മണ്ഡലത്തിന്‍െറ അടിസ്ഥാനപ്രശ്നങ്ങളിലേക്ക് കടക്കാന്‍ കഴിഞ്ഞുവെന്ന് വിലയിരുത്താം. 20 കോടിയുടെ ആസ്തിവികസന ഫണ്ടും അഞ്ചുകോടിയുടെ എം.എല്‍.എ ഫണ്ടും പൂര്‍ണമായും ചെലവഴിച്ചു. മാരാരിക്കുളം വടക്ക്, തെക്ക് പഞ്ചായത്തുകളില്‍ ജൈവപച്ചക്കറി കൃഷി വ്യാപകമാക്കി. കുടുംബശ്രീപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് സൂക്ഷ്മ തൊഴില്‍സംരംഭങ്ങള്‍ തുടങ്ങി. മാരാരി മാര്‍ക്കറ്റിങ് കമ്പനിയുടെ പേരില്‍ ഒരു കോടിയിലധികം രൂപയുടെ കുടനിര്‍മാണ പദ്ധതി തുടങ്ങി. നൂറിലധികം സ്ത്രീതൊഴിലാളികള്‍ ഇതില്‍ പണിയെടുക്കുന്നു. നീര ഉല്‍പാദന വിപണനവും ഈ മണ്ഡലത്തില്‍ നിരവധിപേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്.

മാലിന്യസംസ്കരണം തോമസ് ഐസക്കിന്‍െറ വ്യക്തിപരമായ നേട്ടമായി വിശേഷിപ്പിക്കുന്നുണ്ട്. തന്‍െറ മണ്ഡലത്തിലെ സര്‍വോദയപുരത്തേക്ക് ആലപ്പുഴ നഗരത്തില്‍നിന്ന് ദിനംപ്രതി കൊണ്ടുവന്നിരുന്ന 60 ലോഡ് മാലിന്യം ഇന്ന് ഉറവിടമാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കിയതോടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഊര്‍ജസംരക്ഷണ രംഗത്തും ഉറവിടമാലിന്യ സംസ്കരണം ഗുണകരമായ പദ്ധതിയായി. ഈ പദ്ധതികള്‍ പാരിസില്‍ നടന്ന ഭൗമ ഉച്ചകോടിയില്‍വരെ ചര്‍ച്ചചെയ്യപ്പെട്ടു. തീരദേശത്തെ കുട്ടികള്‍ക്കായി പ്രതിഭാതീരം ലൈബ്രറി സംവിധാനം ഏര്‍പ്പെടുത്തി. 200 കുട്ടികള്‍ ഇവിടെ ആധുനിക സാങ്കേതികവിദ്യ ഉള്‍പ്പെടെ പഠിക്കുന്നു. 70 ലക്ഷം പുറമെനിന്ന് കണ്ടത്തെിയാണ് പദ്ധതി നടപ്പാക്കിയത്.

വിപുലമായ ഫേസ്ബുക് കൂട്ടായ്മ തോമസ് ഐസക്കിന്‍െറ പ്രവര്‍ത്തനത്തെ ഏറെ സഹായിക്കുന്നുണ്ട്. പാവപ്പെട്ട രണ്ടു കുട്ടികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാനും 11 കുട്ടികള്‍ക്ക് തുടര്‍പഠനം നടത്താനും എട്ടു കുട്ടികള്‍ക്ക് മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശം സാധ്യമാക്കാനും ഇതുവഴി കഴിഞ്ഞിട്ടുണ്ട്. കുറെ ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ തൃപ്തിയുണ്ടെന്ന് തോമസ് ഐസക് പറയുന്നു. സര്‍ക്കാറിന്‍െറ പിന്തുണ കൂടുതല്‍ കിട്ടിയിരുന്നെങ്കില്‍ വ്യവസായമേഖല ഇത്രമേല്‍ തകരില്ലായിരുന്നുവെന്ന് കുറ്റപ്പെടുത്തല്‍. സമാന്തരവും രാഷ്ട്രീയാതീതമായ വികസനപ്രവര്‍ത്തനത്തിലൂടെ മണ്ഡലത്തില്‍ കൂട്ടായ്മകളിലൂടെ മാലിന്യനിര്‍മാര്‍ജന-ജൈവകൃഷി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി എന്നതിന്‍െറ ക്രെഡിറ്റ് ഡോ. തോമസ് ഐസക്കിന് അവകാശപ്പെടാം.

ഇതിന് ഒരു മറുകുറികൂടി ഉണ്ട്. അത് ഡി.സി.സി പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായ എ.എ. ഷുക്കൂറിന്‍േറതാണ്. ഉപരിപ്ളവവും പൊള്ളയുമായ ചില നടപടികളുടെ പേരിലല്ലാതെ മണ്ഡലത്തില്‍ തോമസ് ഐസക് ഒന്നും ചെയ്തിട്ടില്ളെന്ന് ഷുക്കൂര്‍ പറയുന്നു. ജനപ്രതിധികള്‍ പങ്കെടുക്കേണ്ട ഒരു യോഗങ്ങളിലും ഐസക്കിനെ കാണാന്‍ കഴിഞ്ഞിട്ടില്ല. എല്ലായിടത്തും നോമിനികളെയാണ് വിടുന്നത്. വ്യവസായശാലകള്‍ പരമാവധി വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ അത് എം.എല്‍.എയുടെ കഴിവുകേടാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം ആലപ്പുഴയുടെ എം.എല്‍.എ എന്നനിലയില്‍ തോമസ് ഐസക് തികഞ്ഞ പരാജയമാണെന്നും ഷുക്കൂര്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.