കരുണാനിധിയെ പാട്ടിലാക്കാന്‍ ആസാദും മുകുള്‍ വാസ്നിക്കും ചെന്നൈയില്‍

ചെന്നൈ: രാഷ്ട്രീയ കൂട്ടുകെട്ടിന് മടികാണിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം അധ്യക്ഷന്‍ കരുണാനിധിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യ നേതാക്കളായ ഗുലാം നബി ആസാദും മുകുള്‍ വാസ്നിക്കും ചെന്നൈയിലത്തെി. കരുണാനിധിയും മകന്‍ സ്റ്റാലിനുമായും ഇരുവരും ശനിയാഴ്ച കൂടിക്കാഴ്ച നടത്തും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് കരുണാനിധി താല്‍പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്‍െറ താല്‍പര്യപ്രകാരമാണ് ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാക്കളെ അയച്ചത്. തമ്മിലടിയും സംഘടനാ സംവിധാനങ്ങളുടെ ഏകോപനവുമില്ലാതെ തമിഴക രാഷ്ട്രീയത്തില്‍ അടിത്തറ നഷ്ടപ്പെട്ട കോണ്‍ഗ്രസിന് ഡി.എം.കെയുമായി മാത്രമേ സഖ്യത്തിലത്തൊനാകൂ. തമിഴ്നാട്ടിലെ വിശ്വസ്ത സഖ്യകക്ഷിയായി കോണ്‍ഗ്രസ് കാണുന്നത് ഡി.എം.കെയെ തന്നെയാണ്. ഡി.എം.കെയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം അവസാനിപ്പിച്ചിട്ട് മൂന്ന് വര്‍ഷത്തിലേറെയായി.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന്  ആകെയുള്ള 39 സീറ്റിലും കെട്ടിവെച്ച പണം പോയി. വേണമെങ്കില്‍ ഇനിയും ഒറ്റക്ക് മത്സരിക്കുമെന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍െറ നിലപാട് ഹൈകമാന്‍ഡ് ആത്മഹത്യാപരമായാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് സഖ്യ ചര്‍ച്ചകള്‍ക്ക് കേന്ദ്ര നേതൃത്വം തന്നെ നേരിട്ടത്തെിയത്. കരുണാനിധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചുരുക്കം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ഗുലാം നബി ആസാദ്.  2004ല്‍ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 ലോക്സഭാ സീറ്റുകളിലും 2009ല്‍ 28 സീറ്റുകളിലും ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യം വിജയിച്ചിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം വിജയം നേടി. പക്ഷേ, 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സഖ്യത്തെ തൂത്തെറിഞ്ഞ് ജയലളിത നേതൃത്വം നല്‍കുന്ന അണ്ണാ ഡി.എം.കെ അധികാരം പിടിച്ചു. കരുണാനിധിക്ക് മുഖ്യമന്ത്രി കസേര നഷ്ടപ്പെട്ടതോടെ സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും അകന്ന് സഖ്യത്തില്‍ വിള്ളല്‍ വീണു.

കേന്ദ്രമന്ത്രിസഭയില്‍ 2ജി അഴിമതിക്കേസുകള്‍ ഡി.എം.കെ മന്ത്രിയായ എ. രാജയുടെ മേല്‍ കെട്ടിവെച്ച് കോണ്‍ഗ്രസ് തടിതപ്പിയതോടെ അകല്‍ച്ച സമ്പൂര്‍ണമായി. കഴിഞ്ഞവര്‍ഷം കരുണാനിധിയുടെ ജന്മദിനത്തില്‍ ആശംസ അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ടത്തെിയത് സഖ്യത്തിനായുള്ള ഒരുമുഴം മുന്നേ ഉള്ള ഏറായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.