‘കുറ്റിക്കോലില്‍ ആരാണ് പാര്‍ട്ടി ഉണ്ടാക്കിയതെന്ന് ജനം തീരുമാനിക്കും’- ഗോപാലന്‍ മാസ്റ്റര്‍

കുറ്റിക്കോല്‍: കുറ്റിക്കോലില്‍ ആരാണ് പാര്‍ട്ടിയുണ്ടാക്കിയതെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് പി. ഗോപാലന്‍ മാസ്റ്റര്‍. ബേഡകത്തെ കൊഴിഞ്ഞുപോക്കിന് തടയിടാന്‍ സി.പി.എം ഏരിയാകമ്മറി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഗോപാലന്‍ മാസ്റ്ററെ ‘കുഴിയാന’ എന്നും ഏരിയാ  സെക്രട്ടറി സി. ബാലന്‍ ‘വിഡ്ഢി’ എന്നും ആരോപിച്ചതിന് മറുപടിപറയുകയായിരുന്നു അദ്ദേഹം. കുറ്റിക്കോലില്‍ പാര്‍ട്ടിയുണ്ടാക്കിയെന്ന് ചില വിഡ്ഢികള്‍ പറഞ്ഞുനടക്കുന്നുവെന്നാണ് ഏരിയാ സെക്രട്ടറി സി. ബാലന്‍ പറഞ്ഞത്. ഇത് കേട്ടവര്‍ എന്നെ വിളിച്ച് തങ്ങളും വരുന്നു സി.പി.ഐയിലേക്ക് എന്നാണ് അറിയിച്ചിരിക്കുന്നത്. ജനങ്ങള്‍ തീരുമാനിക്കും ആരാണ് കുറ്റിക്കോലില്‍ പാര്‍ട്ടിയുണ്ടാക്കിയതെന്ന്. താന്‍ സി.പി.ഐയില്‍ ചേര്‍ന്നപ്പോള്‍ ഒപ്പംചേരാന്‍ ആരെയും ക്ഷണിച്ചിട്ടില്ല. കുറ്റിക്കോലിലെ കമ്യൂണിസ്റ്റുകാര്‍ കമ്യൂണിസ്റ്റുകാരായി ജീവിക്കാന്‍ ഇനിയും സി.പി.ഐയിലത്തൊതിരിക്കില്ല.
കോട്ടാത്തല സുരേന്ദ്രനെ ജയിലില്‍ കൊലപ്പെടുത്തിയപ്പോള്‍ നാട് പ്രതിഷേധംകൊണ്ട് അലറിവിളിക്കുകയായിരുന്നു. അതില്‍  ഒരു കണ്ണിയായാണ് താന്‍ കമ്യൂണിസ്റ്റായത്. അന്നത്തെ കമ്യൂണിസ്റ്റ് മനസ്സുതന്നെ കളങ്കമൊന്നും പറ്റാതെ സൂക്ഷിക്കാന്‍ തനിക്കിന്നും കഴിയുന്നു. അത്രമാത്രം -ഗോപാലന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ ഏറ്റവും വലിയ നേതാവ് ഇന്നലെ കുറ്റിക്കോലില്‍ പറഞ്ഞതിന് മറുപടിപറയാന്‍ താനാളല്ളെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ എന്നെ ആ പാര്‍ട്ടിയിലേക്കു ക്ഷണിച്ചിട്ടില്ല. 11ാം വയസ്സില്‍ കമ്യൂണിസ്റ്റുകാരനായ ഞാന്‍ മരിക്കുമ്പോള്‍ എന്‍െറ മൃതദേഹത്തില്‍ ചെങ്കൊടി ഇടാന്‍ ഒരാള്‍ വേണം, ഒരു പാര്‍ട്ടി വേണം എന്നാഗ്രഹിക്കുന്നുവെന്ന് ഞാനാണ് സി.പി.ഐ നേതാക്കളെ കണ്ടു പറഞ്ഞത്. ഇതിനു കഴിയുമോ എന്നാരാഞ്ഞപ്പോള്‍ അവരതു ചെയ്യുമെന്ന് മറുപടി തന്നു. -ഗോപാലന്‍ മാസ്റ്റര്‍ പറഞ്ഞു.  
സി.പി.എം നേതാവായിരുന്ന പി. ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് സി.പി.ഐയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് കുറ്റിക്കോലില്‍ വിശദീകരണയോഗം സംഘടിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.