പ്ലീനം തീരുമാനം നടപ്പാക്കലടക്കം ചര്‍ച്ചചെയ്യാന്‍ സി.പി.എം നേതൃയോഗം

തിരുവനന്തപുരം: കൊല്‍ക്കത്തപ്ളീനം തീരുമാനം സംസ്ഥാനത്ത് നടപ്പാക്കുന്നത് ആലോചിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നു. ഇതാണ് മുഖ്യ അജണ്ടയെങ്കിലും ബോര്‍ഡ്, കോര്‍പറേഷനുകളിലെ ചെയര്‍മാന്‍മാരെ നിയമിക്കുന്നതും ശബരിമലയിലെ സ്ത്രീപ്രവേശം മുന്‍നിര്‍ത്തി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റുമായി ഉണ്ടായ തര്‍ക്കവും യോഗത്തിന്‍െറ പരിഗണനക്കത്തെും.

ആഗസ്റ്റ് 24 മുതല്‍ 26 വരെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ്. അതേസമയം, തങ്ങള്‍ക്ക് ലഭിച്ച ബോര്‍ഡ്, കോര്‍പറേഷനുകളിലെ ചെയര്‍മാന്‍മാരെ തീരുമാനിക്കുന്നതിന്‍െറ പ്രാഥമികചര്‍ച്ചക്കായി സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതിയും ബുധനാഴ്ച ചേരും. സംഘടനാരൂപം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള തീരുമാനങ്ങളാണ് കൊല്‍ക്കത്ത പ്ളീനം കൈക്കൊണ്ടത്.  ഇത് ചര്‍ച്ചചെയ്യാന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക പ്ളീനമോ വിപുലീകൃത സംസ്ഥാനസമിതിയോ വിളിച്ചുചേര്‍ക്കണമെന്നാണ് നിര്‍ദേശിച്ചത്. കേരളത്തില്‍ വിപുലീകൃത സംസ്ഥാനസമിതി ചേര്‍ന്നാല്‍മതിയെന്ന ധാരണയാണ് നിലവിലുള്ളതെന്നാണ് സൂചന. വിപുലീകൃത സമിതിയില്‍ സംസ്ഥാനസമിതിഅംഗങ്ങള്‍ക്കുപുറമേ പങ്കെടുക്കേണ്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ സംസ്ഥാനസമിതി ചേര്‍ന്ന് തീരുമാനിക്കും.

കൊല്‍ക്കത്തപ്ളീനം സംബന്ധിച്ച പി.ബി തീരുമാനം റിപ്പോര്‍ട്ട് ചെയ്യുകയാണ് ആദ്യപടി. പ്ളീനംതീരുമാനം സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നെന്ന് വിശദീകരിക്കുന്ന കരട് രേഖയും സംസ്ഥാനനേതൃത്വം തുടര്‍ന്ന് തയാറാക്കണം. ഇത് തയാറാക്കുന്നത് മൂന്നുദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാവും.

ഭരണപരിഷ്കരണ കമീഷന്‍ ചെയര്‍മാനായി നിയമിച്ചിട്ടും വി.എസ്. അച്യുതാനന്ദന്‍ പദവി ഏറ്റെടുക്കാതിരിക്കുന്ന സാഹചര്യവും പാര്‍ട്ടിനേതൃത്വത്തിന് മുന്നിലുണ്ട്. എന്നാല്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം എന്ന ആവശ്യത്തില്‍ ഊന്നിയാണ് വി.എസിന്‍െറ മെല്ളെപ്പോക്കെന്ന ധാരണ കേന്ദ്ര, സംസ്ഥാന നേതൃത്വത്തിനുണ്ട്. പക്ഷേ, വി.എസിന്‍െറ ആവശ്യം പരിഗണിക്കുന്നതിനുമുമ്പ് പി.ബി കമീഷന്‍ നടപടികളില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടതുണ്ട്.

മാത്രമല്ല, സംസ്ഥാനനേതൃത്വം പ്രായപരിധിയില്‍ ഉടക്കി ഈ നീക്കത്തെ എതിര്‍ക്കുമെന്നതും ഉറപ്പാണ്. നിലവിലെ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച സംസ്ഥാന ഘടകത്തില്‍ ഉണ്ടാവാനിടയില്ല. ബോര്‍ഡ്, കോര്‍പറേഷന്‍ പങ്കുവെക്കുന്നതില്‍ സി.പി.ഐയുമായുള്ള ഉഭയകക്ഷിചര്‍ച്ച പൂര്‍ത്തിയായതോടെ തങ്ങളുടെ പക്കലുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് യോഗ്യതയുള്ളവരെ നിയമിക്കാന്‍ സി.പി.എമ്മും നടപടികള്‍ ആരംഭിക്കും. ഇടതുമുന്നണിയുമായി സഹകരിക്കുന്ന കക്ഷികള്‍ക്ക് നല്‍കേണ്ട സ്ഥാനങ്ങളിലും വരുംദിവസങ്ങളില്‍ ധാരണയാവും.

തങ്ങള്‍ക്ക് ലഭിച്ച 19 ഓളം ബോര്‍ഡ്, കോര്‍പറേഷനുകളിലെ ചെയര്‍മാന്‍മാരെ തീരുമാനിക്കുന്നതിലെ പ്രാഥമികചര്‍ച്ചയാവും ഇന്നത്തെ സി.പി.ഐ നിര്‍വാഹകസമിതിയുടെ മുഖ്യഅജണ്ട. കഴിഞ്ഞദിവസങ്ങളിലെ രാഷ്ട്രീയസംഭവവികാസവും ചര്‍ച്ച ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.