മാണി വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും രണ്ടുതട്ടില്‍; അനുനയനീക്കം സജീവം

കോട്ടയം: കെ.എം. മാണിയെച്ചൊല്ലി കോണ്‍ഗ്രസിലും ഭിന്നത രൂക്ഷം. മാണിയെ അനുകൂലിച്ചും എതിര്‍ത്തും എ, ഐ ഗ്രൂപ്പുകള്‍ രംഗത്തത്തെിയതോടെ കോണ്‍ഗ്രസുമായി ഭിന്നിച്ചു നില്‍ക്കുന്ന കേരള കോണ്‍ഗ്രസുമായി അനുരഞ്ജന നീക്കങ്ങള്‍ പോലും പാളുകയാണെന്നാണ് സൂചന. മാണിയെയും കേരള കോണ്‍ഗ്രസിനെയും അനുകൂലിച്ചു മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ രംഗത്തത്തെിയതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭിന്നത മറനീക്കിയത്.
ബാര്‍ കോഴക്കേസ് ആരോപണം മാണിയെ മാനസികമായി തകര്‍ത്തുവെന്നും ഇത്തരം നീക്കം ഒഴിവാക്കാമായിരുന്നുവെന്നും മാണിയെ മറയാക്കി മുന്‍ ആഭ്യന്തരമന്ത്രി രമേശിനെ ലക്ഷ്യമിട്ടു തിരുവഞ്ചൂര്‍ നടത്തിയ പ്രസ്താവനയാണ് ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. ഇതിനെതിരെ ഐ ഗ്രൂപ്പിന്‍െറ ജോസഫ് വാഴക്കനും രംഗത്തത്തെി.
മാണി വിഷയത്തില്‍ തിരുവഞ്ചൂരിനു പ്രത്യേക അജണ്ടയുണ്ടെന്നായിരുന്നു മറുപടി. മാണിക്കെതിരെ കോണ്‍ഗ്രസിലെ ആരും പ്രവര്‍ത്തിച്ചിട്ടില്ളെന്നും വാഴക്കന്‍ പ്രതികരിച്ചു.
മാണിക്കെതിരെ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയിട്ടില്ളെന്ന് പ്രതികരിച്ച വാഴക്കന്‍ സോളാര്‍ കേസ് കുളമാക്കിയത് മന്ത്രിയായിരുന്ന തിരുവഞ്ചൂരിന്‍െറ വീഴ്ചയായിരുന്നുവെന്നും കുറ്റപ്പെടുത്തി.
‘മാണിയുടെ വേദന അദ്ദേഹത്തിന്‍െറ ഹൃദയത്തില്‍നിന്ന് വരുന്നതാണ്, അതാരും കാണാതെ പോകരുതെന്നായിരുന്നു’ തിരുവഞ്ചൂരിന്‍െറ പ്രസ്താവന. അതേസമയം, മാണി ടാര്‍ഗറ്റ് ചെയ്യുന്നത് രമേശ് ചെന്നിത്തലയെയാണെന്ന് കരുതുന്ന ഐ വിഭാഗം മാണിക്കെതിരെ ശക്തമായ നിലപാടെടുക്കാനും തീരുമാനിച്ചു.
 രമേശുമായി ചര്‍ച്ചക്കുപോലും തയാറാകാത്ത മാണി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ചക്കു തയാറാകുന്നതും ഐ ഗ്രൂപ് ഗൗരവമായി കാണുന്നു.
തന്‍െറ ഫോണ്‍ പോലും എടുക്കാത്ത മാണിയുടെ നടപടിയില്‍ രമേശ് കടുത്ത അതൃപ്തിയിലാണ്. മാണി വിഷയത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ ഉത്തരവാദിത്തം തന്‍െറ തലയില്‍ കെട്ടിവെക്കാനുള്ള നീക്കം നടക്കുന്നതായും അദ്ദേഹം സംശയിക്കുന്നു. ഇതു മറികടക്കാനുള്ള തന്ത്രങ്ങളും ഐ വിഭാഗം മെനയുന്നുണ്ട്. അതിനിടെ ഇടഞ്ഞു നില്‍ക്കുന്ന മാണിയെ അനുനയിപ്പിക്കാന്‍ സഭാ-സമുദായ നേതാക്കളെവരെ രംഗത്തിറക്കിയുള്ള നീക്കങ്ങളും അണിയറയില്‍ സജീവമാണ്. എന്നാല്‍, മാണി ആര്‍ക്കും പിടികൊടുക്കാതെ ധ്യാനത്തില്‍ തുടരുന്നു. ആരുമായും ഫോണില്‍ സംസാരിക്കാന്‍പോലും അദ്ദേഹം തയാറാകാത്ത സാഹചര്യത്തില്‍ പലരും മകന്‍ ജോസ് കെ. മാണി എം.പിയെ ബന്ധപ്പെട്ടാണ് അനുനയനീക്കങ്ങള്‍ നടത്തുന്നത്. ഡല്‍ഹിയിലുള്ള ജോസ് കെ. മാണി ശനിയാഴ്ച രാവിലെ ചരല്‍കുന്നില്‍ എത്തും.
പി.ജെ. ജോസഫ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്കൊന്നും മുന്നോട്ടു വന്നിട്ടില്ല. ധ്യാനത്തിനുശേഷം വെള്ളിയാഴ്ച രാത്രി പുറത്തിറങ്ങുന്ന മാണി ശനിയാഴ്ച രാവിലെ ചരല്‍കുന്നിലേക്ക് പോകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതിനിടെ ഉമ്മന്‍ ചാണ്ടി കോട്ടയത്തത്തെി മാണിയുമായി സംസാരിക്കും.
ആറിനു രാവിലെ ആരംഭിക്കുന്ന ക്യാമ്പില്‍ സംഘടനാ വിഷയങ്ങളും പ്രധാന ചര്‍ച്ചകളുമാകും നടക്കുക. പാര്‍ട്ടിയുടെ പുതിയ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് ഒരിക്കല്‍കൂടി അഭിപ്രായം പറയാന്‍ പ്രധാന നേതാക്കള്‍ക്കും ജില്ലാ ഭാരവാഹികള്‍ക്കും അവസരം നല്‍കും. ഞായറാഴ്ച ഉച്ചഭക്ഷണത്തോടെ പിരിയുന്ന ക്യാമ്പിനു മുമ്പായി പാര്‍ട്ടി നിലപാട് വ്യക്തമാക്കി കെ.എം. മാണിയും പി.ജെ. ജോസഫും വാര്‍ത്താസമ്മേളനം നടത്തും. പാര്‍ട്ടി എടുക്കുന്ന ഏതുതീരുമാനവും ഐകകണ്ഠ്യേനയാകുമെന്നും ഇക്കാര്യത്തില്‍ വിഭാഗീയതയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും നേതാക്കള്‍ ‘മാധ്യമ’ത്തോടു പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.