രാഗേഷിനെ പുറത്താക്കല്‍: രണ്ട് സിറ്റിങ് സീറ്റുകളില്‍ യു.ഡി.എഫിന് ആശങ്ക

കണ്ണൂര്‍: പി.കെ. രാഗേഷിനെ പുറത്താക്കിയതിലൂടെ കോണ്‍ഗ്രസ് നേതൃത്വം രണ്ട് സിറ്റിങ് സീറ്റുകളില്‍ മുന്നണിയെ ആശങ്കയിലാക്കി. കെ.എം. ഷാജി, എം.വി. നികേഷ് കുമാറിനെ നേരിടുന്ന അഴീക്കോട്ടും രാമചന്ദ്രന്‍ കടന്നപ്പള്ളിയോട് സതീശന്‍ പാച്ചേനി ഏറ്റുമുട്ടുന്ന കണ്ണൂരിലുമാണ് യു.ഡി.എഫിന് ഭഗീരഥ പ്രയത്നത്തിന്‍െറ വഴിതുറന്നിട്ടത്.  

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ പി.കെ. രാഗേഷിനെയും പിന്തുണക്കുന്നവരെയും പിണക്കിയത് അപക്വ നടപടിയായെന്ന് പാര്‍ട്ടിയില്‍ വിമര്‍ശമുയര്‍ന്നു. സമാനമായ സാഹചര്യത്തിലാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും രാഗേഷിനെ കോണ്‍ഗ്രസ് നേതൃത്വം പുറത്താക്കിയത്. പള്ളിക്കുന്ന്, പുഴാതി പഞ്ചായത്തുകള്‍ മാത്രം കേന്ദ്രീകരിച്ച്  പ്രവര്‍ത്തിക്കുന്നയാള്‍ എന്തു ഭീഷണി ഉയര്‍ത്തുമെന്ന ലാഘവത്തോടെ അന്ന് നടപടിയെടുത്തതിന് കണ്ണൂര്‍ കോര്‍പറേഷനില്‍ കനത്ത വില നല്‍കേണ്ടിവന്നു. രാഗേഷിന്‍െറ പിന്തുണയിലൂടെ പ്രഥമ കോര്‍പറേഷനില്‍ ഇടതുപക്ഷം അധികാരത്തിലേറി.

ഒരിക്കല്‍പോലും ഭരണത്തിലേറാന്‍ സാധിച്ചിട്ടില്ലാത്ത കണ്ണൂര്‍ നഗരസഭയുള്‍പ്പെടെയുള്ള മേഖലകളില്‍ അടിയൊഴുക്കുകള്‍ക്ക് ചുക്കാന്‍ പിടിക്കാനും രാഗേഷിന് സാധിച്ചു. കോര്‍പറേഷന്‍ ഭരണം കൈവിട്ടതോടെ സ്ഥിരം സമിതി സ്ഥാനങ്ങള്‍ ലഭിക്കാന്‍ രാഗേഷിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. അദ്ദേഹത്തിന്‍െറ ഒമ്പത് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഡി.സി.സി നേതൃമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് രാഗേഷ് ആവശ്യപ്പെട്ടത്. എന്നാല്‍, പാര്‍ട്ടിയില്‍ പ്രാഥമികാംഗത്വം നല്‍കി തിരിച്ചെടുക്കുന്നതിലപ്പുറം ഒരു നടപടിയുമുണ്ടായില്ല. ഇതോടെയാണ് രാഗേഷും ഐക്യജനാധിപത്യ സംരക്ഷണ സമിതിയും നിയമസഭ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തത്.

പള്ളിക്കുന്ന്, പുഴാതി പഞ്ചായത്തുകളുടെ ഭാഗമായിരുന്ന വാര്‍ഡുകളില്‍ കോര്‍പറേഷനിലേക്ക് രാഗേഷ് ഉള്‍പ്പെടെ എട്ടു വിമത സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. രാഗേഷ് മാത്രമാണ് ജയിച്ചതെങ്കിലും യു.ഡി.എഫിന്‍െറ ഉറച്ച സീറ്റുകള്‍ പലതും ഇടതുപക്ഷത്തിന്‍െറ കൈയിലത്തൊന്‍ ഇത് കാരണമായി. കോര്‍പറേഷനിലെ മിന്നും ജയത്തോടെ രാഗേഷ് കൂടുതല്‍ ശക്തനാവുകയായിരുന്നു. പള്ളിക്കുന്ന്, പുഴാതി മേഖലകളിലെ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തുവരുകയും ചെയ്തു. ഈ പിന്തുണ ഉറച്ച വോട്ടുകളാണെന്നതാണ് ഇപ്പോഴും രാഗേഷിനെ  വിലപേശുന്നവനാക്കി നിലനിര്‍ത്തുന്നത്.

കെ. സുധാകരന്‍ മണ്ഡലം മാറിയതും ഈ ഭീഷണി കണക്കിലെടുത്താണ്. രാഗേഷിനെ പുറത്താക്കിയതിന്‍െറ പ്രത്യാഘാതങ്ങള്‍ ഏറെ ബാധിക്കുക ലീഗിനെയാണ്. അഴീക്കോട് മണ്ഡലത്തില്‍ കെ.എം. ഷാജിയുടെ വിജയം അഭിമാനപ്രശ്നമായാണ് ലീഗ് കാണുന്നത്. രാഗേഷ് വിഭാഗം ഇവിടെ മത്സരിച്ച് നിര്‍ണായക വോട്ടുകള്‍ നേടുകയോ, അല്ളെങ്കില്‍ വോട്ട് മറിക്കുകയോ ചെയ്താല്‍ ഷാജി കനത്ത പരാജയത്തിലേക്ക് കൂപ്പുകുത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.