തദ്ദേശം: കോൺഗ്രസ്​ ചതിച്ചു –ഘടകകക്ഷികൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഗ്രൂപ്പിസം തിരിച്ചടിക്ക് കാരണമായെന്നും അവർ  ചതിച്ചെന്നും യു.ഡി.എഫ് യോഗത്തിൽ ഘടകകക്ഷികളുടെ  വിമർശം. മാനദണ്ഡം  നിശ്ചയിച്ചെങ്കിലും കോൺഗ്രസ് കാലുവാരിയെന്നായിരുന്നു ആക്ഷേപം. കോൺഗ്രസിന് ചില പാളിച്ചകൾ പറ്റിയെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ   യോഗത്തിൽ സമ്മതിച്ചു. കെ.എം. മാണിക്കെതിരായ നീക്കമുണ്ടാക്കിയ  മുറിവ് വേഗത്തിൽ ഉണങ്ങില്ലെന്ന് മാണിഗ്രൂപ്പും മുന്നറിയിപ്പ് നൽകി. അതേസമയം ഭരണത്തുടർച്ചയിൽ പ്രതീക്ഷ നശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യക്തമാക്കി. തദ്ദേശ ഫല  അവലോകനത്തിനു ചേർന്ന  യോഗത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശമാണ് ഉയർന്നത്.

ഇതിനെത്തുടർന്ന് അടുത്തമാസം ഏഴ്, എട്ട് തീയതികളിൽ ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്താനും  തീരുമാനിച്ചു.മുന്നണിയുടെ ഒത്തൊരുമയില്ലായ്മയാണ്  പരാജയ കാരണമെന്ന് ഘടകകക്ഷികളെല്ലാം പറഞ്ഞു. ഇതിന് കാരണക്കാർ  കോൺഗ്രസും. മത്സരിച്ച സീറ്റുകൾ അതത് പാർട്ടികൾക്കെന്ന  മാനദണ്ഡം  പാലിക്കാൻ  പ്രാദേശിക കോൺഗ്രസ് നേതൃത്വം തയാറായില്ല. ഇതൊക്കെ കോൺഗ്രസിെൻറ ഗൂഢനീക്കമായിരുന്നെന്നും  പ്രാദേശികമായി ഇഷ്ടം പോലെ ചെയ്യാനുള്ള ധാരണ കോൺഗ്രസ് എടുത്തിരുന്നെന്ന് സംശയിക്കുന്നതായും  മാണിഗ്രൂപ് നേതാവ് ജോയി എബ്രഹാം എം.പി ആരോപിച്ചു.  ഗ്രൂപ് അടിസ്ഥാനത്തിൽ സീറ്റുകൾ പങ്കിട്ട് ഇഷ്ടക്കാരെ നിർത്തി പരാജയം വിലയ്ക്ക് വാങ്ങുകയായിരുന്നു.

മലപ്പുറത്ത് ലീഗിനെ പരാജയപ്പെടുത്താൻ സി.പി.എമ്മുമായി പോലും കോൺഗ്രസ് കൈകോർത്തെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. തങ്ങൾ ഒറ്റക്ക് മത്സരിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല.  കോൺഗ്രസ്, സി.പി.എം, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി തുടങ്ങി എല്ലാവരും ഒന്നിച്ചുനിന്നു. ഇനിയെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ  തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തങ്ങളെയും  കോൺഗ്രസ് തോൽപിച്ചെന്ന്  ജെ.ഡി.യു നേതാവ് ഡോ. വർഗീസ് ജോർജും കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ വെക്കണമെങ്കിൽ  പ്രശ്നങ്ങൾ പരിഹരിച്ച് ഡിസംബറോടെ സീറ്റ് വിഭജനം പൂർത്തിയാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ നിർദേശിച്ചു. ജോണിനെല്ലൂരും അതിനോട് യോജിച്ചു.  ഘടകകക്ഷികളുടെ സീറ്റ് എടുക്കുമെന്ന തരത്തിൽ ജില്ലാ കോൺഗ്രസ് നേതാക്കൾ പ്രസ്താവനകൾ നടത്തുന്നത്  ശരിയല്ലെന്നും നെല്ലൂർ പറഞ്ഞു.മാണിയുടെ രാജിയിലേക്ക് നയിച്ച സംഭവങ്ങൾക്കെതിരെ  ജോയി എബ്രഹാം ആഞ്ഞടിച്ചു. ഹൈകോടതി വിധി വന്ന് അഞ്ചുമിനിറ്റിനകം കോൺഗ്രസ് നേതാക്കൾ അതിനോട് പ്രതികരിച്ചു.അത് രാഷ്ട്രീയമര്യാദ ആയിരുന്നില്ല.  ഇങ്ങനെയൊക്കെ പ്രതികരിക്കാൻ തങ്ങൾക്കും അറിയാം. എന്നാൽ  ഇപ്പോൾ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ   പ്രചാരണം തിരിച്ചടിയുണ്ടാക്കിയത് യു.ഡി.എഫിനാണെന്ന് സി.എം.പി നേതാവ് സി.പി. ജോൺ, എൻ.കെ. പ്രേമചന്ദ്രൻ, ജോണിനെല്ലൂർ എന്നിവർ  പറഞ്ഞു. ഇടതുമുന്നണിക്ക് ഒരു വോട്ട് നഷ്ടപ്പെട്ടപ്പോൾ യു.ഡി.എഫിന് മൂന്നെണ്ണം നഷ്ടമായി. എസ്.എൻ.ഡി.പി യോഗത്തിന് ഏറ്റവും കൂടുതൽ സഹായം ചെയ്തത് യു.ഡി.എഫാണെന്ന് ചൂണ്ടിക്കാട്ടി  പ്രചാരണം  നടത്തണമെന്ന് അഡ്വ. രാജൻബാബു ആവശ്യപ്പെട്ടു.തദ്ദേശ തെരഞ്ഞെടുപ്പിൽ  പൊതുമാനദണ്ഡങ്ങൾ  പലയിടങ്ങളിലും പാലിക്കപ്പെട്ടില്ലെന്ന് സുധീരൻ അംഗീകരിച്ചു. പാളിച്ചകൾ തിരുത്തി ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. തദ്ദേശത്തിൽ  തിരിച്ചടിയുണ്ടായി പിന്നീട് തിരിച്ചുവന്ന ചരിത്രമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  പറഞ്ഞു.

 ഇനിയുള്ള ഭരണകാലയളവിനിടെ വിവാദ ഉത്തരവുകൾ ഇറക്കുകയോ വിവാദ പ്രസ്താവനകൾ നടത്തുകയോ ചെയ്യരുതെന്ന് യോഗത്തിൽ ധാരണയായി. പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിന് മുൻഗണന നൽകണമെന്നും ഇനി പുതിയ പദ്ധതികൾ പ്രഖ്യാപിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.