സി.പി.എം പ്ലീനം രേഖ: വിഭാഗീയത പരിഹരിക്കുന്നതില്‍ കേരളം വിജയി; പി.ബി കമീഷനെക്കുറിച്ച് മൗനം

തിരുവനന്തപുരം: ദീര്‍ഘകാലം നിലനിന്ന വിഭാഗീയത പരിഹരിക്കുന്നതില്‍ കേരള ഘടകം വന്‍വിജയം കൈവരിച്ചുവെന്ന് സി.പി.എം കരട് സംഘടനാ പ്ളീനം രേഖ. അതേസമയം, സംഘടനയെ പൊട്ടിത്തെറിയുടെ വക്കിലത്തെിച്ച വി.എസ്. അച്യുതാനന്ദനും സംസ്ഥാന നേതൃത്വവും തമ്മിലെ പ്രശ്നം പഠിക്കാന്‍ നിയോഗിച്ച പി.ബി കമീഷനെക്കുറിച്ച് രേഖ പ്രതിപാദിക്കുന്നില്ല. ഈമാസം 26 മുതല്‍ 31 വരെ കൊല്‍ക്കത്തയിലാണ് പ്ളീനം.

പാര്‍ട്ടിയിലെ വിഭാഗീയത പരിഹരിക്കുന്നതില്‍ കേരളത്തിലെ പാര്‍ട്ടിക്ക് വലിയ വിജയമുണ്ടായി. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനുമുമ്പ് നടന്ന സംഘടനാ പ്ളീനം വഴി പാര്‍ട്ടിക്കുള്ളിലെ വിവിധ തലങ്ങളിലെ ചില കാഡര്‍മാരുടെ ആഡംബര ജീവിത ശൈലി ഉള്‍പ്പെടെയുള്ള തെറ്റുകളും ദൗര്‍ബല്യങ്ങളും ശരിയായി തിരിച്ചറിയാന്‍ കഴിഞ്ഞു. ഇതു തിരുത്താനുള്ള നടപടി തുടരണം. കേരളം തെറ്റുതിരുത്തല്‍ രേഖ കൊണ്ടുവന്നു. സംസ്ഥാനങ്ങളിലെ സംഘടനകള്‍ക്കുള്ള നിര്‍ദേശത്തെക്കുറിച്ച് പറയുന്ന ഭാഗത്താണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, ദീര്‍ഘകാലം നിലനിന്ന വിഭാഗീയ പ്രവണത പാര്‍ട്ടി അംഗത്വത്തിന്‍െറ ഗുണപരതയെ പ്രതികൂലമായി ബാധിച്ചു. കാഡര്‍മാരുടെ പ്രോത്സാഹനം, കര്‍ശനമായ അച്ചടക്കം പാലിക്കല്‍, ജനാധിപത്യ കേന്ദ്രീകരണം എന്നിവയെയും വിഭാഗീയത പ്രതികൂലമായി ബാധിച്ചു. വിഭാഗീയത കാരണം ഫെഡറിലസം വളര്‍ന്നു. വിഭാഗീയ പ്രവണതയുടെ അവശിഷ്ടങ്ങള്‍ക്ക് എതിരായ പോരാട്ടം തുടരണം. തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനും കൂട്ടായ പ്രവര്‍ത്തനവും ഐക്യവും ശക്തിപ്പെടുത്താനും സംസ്ഥാന കമ്മിറ്റി ക്ഷമാപൂര്‍വം നടപടി എടുക്കണം. ജനാധിപത്യ കേന്ദ്രീകരണ തത്ത്വത്തിന്‍െറ അടിസ്ഥാനത്തില്‍ വിഭാഗീയ പ്രവണതകളെ അമര്‍ച്ച ചെയ്യാന്‍ പി.ബിയും സംസ്ഥാന കമ്മിറ്റിയും കൂട്ടായി പ്രവര്‍ത്തിക്കണം.

മിക്ക ജില്ലകളിലും അയഞ്ഞ നിലയില്‍ അംഗത്വം നല്‍കുന്നത് കാന്‍ഡിഡേറ്റ് അംഗങ്ങളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കുന്നു. പാര്‍ട്ടിയുടെ സഹസംഘടനകളുടെ പ്രവര്‍ത്തനം ദുര്‍ബലമാണ്. ഇതു സജീവമാക്കുകയും അംഗങ്ങള്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കുകയും വേണം. രാഷ്ട്രീയ- പ്രത്യയശാസ്ത്ര വിദ്യാഭ്യാസം നല്‍കണം. സ്ത്രീകളെ കൂടുതലായി റിക്രൂട്ട് ചെയ്യുന്നത് മൂലം ചില ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ‘ദേശാഭിമാനി’ക്ക് 3.25 ലക്ഷം കോപ്പികളുടെ പ്രചാരം ഉണ്ടെന്നും പാര്‍ട്ടിക്ക് നാല് ചാനലുകള്‍ ഉള്ള ടി.വി കമ്പനിയുണ്ടെന്നും രേഖ പറയുന്നു. സംസ്ഥാനത്ത് സ്വാധീനം വര്‍ധിപ്പിക്കാന്‍ ബി.ജെ.പി സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.