1991 ജൂലൈ 24ന് കന്നി ബജറ്റ് അവതരണത്തിനായി ഡോ.മൻമോഹൻ സിങ് പാർലമെന്റിലെത്തിയപ്പോൾ
മൻമോഹൻ സിങ് ധനമന്ത്രിയായതിന് പിന്നിലെ അപ്രതീക്ഷിത കഥ
ഒരു രാത്രിയിൽ അപ്രതീക്ഷിതമായി എത്തിയ ഫോൺ കോൾ. അതിനുപിന്നാലെ നടന്ന ചില സംഭവങ്ങൾ ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തെ തന്നെ മാറ്റിമറിച്ചു. 1991ൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്നതിനിടെയാണ് സാമ്പത്തിക വിദഗ്ധനായ മൻമോഹൻ സിങ്ങിന്റെ ജീവിതത്തിൽ നിർണായക വഴിത്തിരിവുണ്ടായത്. രാഷ്ട്രീയരംഗത്ത് മുൻപരിചയമില്ലാതിരുന്ന അദ്ദേഹം രാജ്യത്തിന്റെ ധനമന്ത്രിയായി ചുമതലയേറ്റതിനു പിന്നിൽ അധികമാരും അറിയാത്ത ഒരു കഥയുണ്ട്.
1991 ജൂൺ. മൻമോഹൻ സിങ് അന്ന് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) ചെയർമാനായിരുന്നു. നെതർലൻഡ്സിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തശേഷം ഡൽഹിയിൽ തിരിച്ചെത്തി വീട്ടിൽവിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ തേടി രാത്രിയിൽ ഒരു ഫോൺകാൾ എത്തി. പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ വിശ്വസ്തനായ പി.സി. അലക്സാണ്ടറായിരുന്നു മറുതലക്കൽ. മൻമോഹൻ സിങ്ങിന്റെ മരുമകൻ വിജയ് തൻഖയാണ് ഫോൺ എടുത്തത്. മൻമോഹൻ സിങ്ങുമായി അടിയന്തരമായി സംസാരിക്കണമെന്നായിരുന്നു അലക്സാണ്ടറുടെ ആവശ്യം. പിന്നാലെ ഇരുവരും കൂടിക്കാഴ്ച നടത്തി. പുതിയ സർക്കാറിൽ മൻമോഹൻ സിങ്ങിനെ ധനമന്ത്രിയാക്കാൻ നരസിംഹറാവു ആഗ്രഹിക്കുന്നുവെന്ന സന്ദേശമാണ് അലക്സാണ്ടർ കൈമാറിയത്. എന്നാൽ, രാഷ്ട്രീയവുമായി നേരിട്ട് ബന്ധമില്ലാത്ത തനിക്ക് ഇത്തരമൊരു സുപ്രധാന പദവി ലഭിക്കുമെന്ന കാര്യം മൻമോഹൻ സിങ് ആദ്യം വിശ്വസിച്ചില്ല. അലക്സാണ്ടറുടെ വാക്കുകളെ അദ്ദേഹം അത്ര ഗൗരവത്തോടെയും എടുത്തിരുന്നില്ല. പക്ഷേ, ജൂൺ 21ന് കാര്യങ്ങൾ മാറിമറിഞ്ഞു. യു.ജി.സി ഓഫിസിലായിരുന്ന മൻമോഹൻ സിങ്ങിന് വീട്ടിലെത്തി തയാറായി രാഷ്ട്രപതി ഭവനിലെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ നിർദേശം ലഭിച്ചു. അങ്ങനെ തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം രാജ്യത്തിന്റെ ധനമന്ത്രിയായി അധികാരമേറ്റു.
മകൾ ദമൻ സിങ് രചിച്ച ‘സ്ട്രിക്റ്റ്ലി പേഴ്സനൽ: മൻമോഹൻ ആൻഡ് ഗുർശരൺ’ എന്ന പുസ്തകത്തിൽ ആ സംഭവത്തെക്കുറിച്ചുള്ള മൻമോഹൻ സിങ്ങിന്റെ ഓർമകൾ വിവരിക്കുന്നുണ്ട്. സത്യപ്രതിജ്ഞക്കായി അണിനിരന്ന മന്ത്രിമാർക്കിടയിൽ തന്നെ കണ്ടപ്പോൾ എല്ലാവരും അമ്പരന്നുവെന്നും വകുപ്പുകൾ ഔദ്യോഗികമായി അനുവദിക്കുന്നതിന് മുമ്പുതന്നെ ധനമന്ത്രിയാകുമെന്ന് നരസിംഹറാവു അറിയിച്ചിരുന്നു.
മൻമോഹൻ സിങ് ധനമന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഗുരുതര പ്രതിസന്ധിയിലായിരുന്നു. രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം ഏകദേശം 2,500 കോടി രൂപയായി കുറഞ്ഞിരുന്നു. രണ്ടാഴ്ചത്തെ ഇറക്കുമതിക്കുപോലും തികയാത്ത അവസ്ഥയായിരുന്നു ഇത്. പണപ്പെരുപ്പം രണ്ടക്കത്തിലെത്തി. വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യക്ക് വായ്പ നൽകാൻ മടിച്ചു. സാമ്പത്തിക ബാധ്യതകൾ നിറവേറ്റാനാകാത്ത സ്ഥിതിയിലേക്ക് രാജ്യം നീങ്ങുകയായിരുന്നു. വ്യവസായങ്ങൾ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും നിരവധി സർക്കാർ അനുമതികൾ ആവശ്യമായിരുന്ന ‘ലൈസൻസ് രാജ്’ സമ്പ്രദായവും സാമ്പത്തിക വളർച്ചക്ക് തടസ്സമായി നിലനിന്നു. ഈ സാഹചര്യത്തിലാണ് മൻമോഹൻ സിങ് ധനമന്ത്രിയുടെ ചുമതല ഏറ്റെടുത്തത്.
1991 ജൂലൈ 24ന് മൻമോഹൻ സിങ് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിലെ നിർണായക അധ്യായമായി മാറി. പ്രധാനമന്ത്രി നരസിംഹറാവുവിന്റെ പിന്തുണയോടെ സാമ്പത്തിക ഉദാരവത്കരണത്തിനും സ്വകാര്യവത്കരണത്തിനും ആഗോളവത്കരണത്തിനും വഴിയൊരുക്കുന്ന പരിഷ്കാരങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. വ്യവസായ മേഖലകളിലെ സർക്കാർ നിയന്ത്രണങ്ങൾ ഗണ്യമായി കുറച്ചു. 18 മേഖലകളിലൊഴികെ വ്യവസായ ലൈസൻസിങ് ഒഴിവാക്കി. വിദേശനിക്ഷേപത്തിന് കൂടുതൽ അവസരങ്ങൾ തുറന്നു. ഇറക്കുമതി തീരുവകൾ കുറയ്ക്കുകയും വ്യാപാരനിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ചെയ്തു.
രൂപയുടെ മൂല്യം കുറച്ചതിലൂടെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ മത്സരക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടു. പൊതുമേഖല സ്ഥാപനങ്ങളിലെ സർക്കാർ ഓഹരികൾ വിറ്റഴിക്കുന്നതിനും ധനക്കമ്മി നിയന്ത്രിക്കുന്നതിനും നടപടികൾ സ്വീകരിച്ചു. ഓഹരി വിപണിയിലെ നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്തുന്നതിലും ബാങ്കിങ് മേഖലയുടെ പരിഷ്കരണത്തിലും മൻമോഹൻ സിങ് നിർണായക പങ്കുവഹിച്ചു. എന്നാൽ, സാമ്പത്തിക പരിഷ്കാരങ്ങൾ എല്ലാവരും ഒരുപോലെ സ്വീകരിച്ചില്ല. കോൺഗ്രസിനകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങളുയർന്നു. വിദേശ കമ്പനികൾക്ക് ഇന്ത്യൻ വിപണി തുറന്നുകൊടുക്കുന്നത് ആഭ്യന്തര വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക വ്യവസായികളിൽ ഒരു വിഭാഗം പങ്കുവെച്ചു. ‘ബോംബെ ക്ലബ്’ എന്നറിയപ്പെട്ടിരുന്ന പ്രമുഖ വ്യവസായികളുടെ കൂട്ടായ്മയും പരിഷ്കാരങ്ങൾക്കെതിരെ രംഗത്തെത്തി. വിദേശ കമ്പനികളുമായുള്ള മത്സരം ഇന്ത്യൻ കമ്പനികൾക്ക് വലിയ വെല്ലുവിളിയാകുമെന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ, നരസിംഹറാവുവും മൻമോഹൻ സിങ്ങും പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.