ചായ ഉണ്ടാക്കുന്ന വിധം

അടുക്കളച്ചുമരിൽ ഉറപ്പിച്ച തട്ടിലെ ചെറിയ തകരപ്പാട്ടകളിൽ തേയിലയും പഞ്ചസാരയുമാണ്. ക്രമം തെറ്റിപ്പോയി. ആദ്യത്തേത് പഞ്ചസാര; പിന്നെയാണ് തേയില. പഞ്ചസാരയോ പഞ്ചാരയോ? രണ്ടിലേതായാലും മധുരിക്കാതിരിക്കരുത്.

ആവി പൊന്തുന്ന തിളച്ച പാല് സ്റ്റൗവിൽനിന്ന് ഇറക്കിവെച്ചിട്ടില്ല. കറുത്ത പാല് എന്നൊന്ന് ഇല്ലാത്തതിനാൽ വെളുത്ത പാല് എന്നു പ്രത്യേകം പറയേണ്ടതില്ല. വിശേഷണങ്ങൾ കാക്കയ്ക്കും കൊക്കിനും കൊള്ളാം. കറുത്ത കാക്ക. കാക്കയെ കറുപ്പിച്ചത് ആരാണ്? അരുന്ധതി റോയി (The river shrinks and black crows gorge on bright mangoes in still, dustgreen trees. കരിങ്കാക്ക എന്ന് പ്രിയ എ.എസ്). പാൽ കൊണ്ടുവന്ന പയ്യനോട് പറഞ്ഞു (ആവശ്യപ്പെട്ടു) അത് പാത്രത്തിലേക്ക് പകർത്തി തിളപ്പിച്ചുവെക്കാൻ. അവൻ വല്ലായ്മയോടെ മുഖം വക്രിപ്പിച്ചുകാട്ടി ആദ്യം. കാഴ്ചക്ക് ഭംഗിയുള്ള നീണ്ട മൂക്ക് ചുളിഞ്ഞ് കാണാൻ വർക്കത്തില്ലാത്തതായി. ആവശ്യപ്പെട്ടില്ലെങ്കിൽ പാൽക്കുപ്പി അത് പതിവായി നിക്ഷേപിക്കുന്നിടത്തുവെച്ച് അവൻ എന്നത്തേയുംപോലെ തിടുക്കത്തിൽ സൈക്കിളിൽ കയറി പറന്നുപോകുമായിരുന്നു. വിമാനമില്ല അവന്. സൈക്കിൾ വിമാനംമാതിരി പറപ്പിക്കുന്നു.

പാല് ചീത്തയാണെങ്കിൽ തിളപ്പിക്കുമ്പോൾ അവന് സ്വയം അതറിയാൻ കഴിയും. മാസബില്ലിൽനിന്ന് കേടായ പാലിന്റെ വില കുറച്ചുകൊടുക്കാം. തർക്കിക്കാൻ അവനവിടെ പഴുതില്ല. ഇല്ലെങ്കിൽ കടുത്ത വേനൽ വറവിലെ ചരൽകൊണ്ടുള്ള ഏറുപോലെ അവന്റെ വായിലെ തെറി. അനുഭവമില്ല. പക്ഷേ, അവനത് പറയുമെന്ന് തീർച്ച.

ചായ ഉണ്ടാക്കാൻ അറിയില്ലെന്നത് പഠിക്കാത്ത നിരവധി വിദ്യകളിലൊന്ന്. ഷർട്ടിന്റെ കുടുക്ക് നഷ്ടമായാൽ പകരം ഒന്ന് വെച്ചുപിടിപ്പിക്കാൻ അറിയില്ല എന്നതുപോലെ. കാറോടിക്കാൻ അറിയില്ല എന്നതുപോലെ. കോടാലികൊണ്ട് മരം വെട്ടിമുറിക്കാനോ തോണി തുഴയാനോ അറിയില്ല എന്നതുപോലെ. നിരവധി കാര്യങ്ങൾ അറിയില്ല എന്നതുപോലെ.

എങ്ങനെ ഉണ്ടാക്കാം ചായ? വെള്ളം ആദ്യം തിളപ്പിക്കണോ, പാല് ചൂടാക്കിക്കഴിഞ്ഞ് അതിൽ വെള്ളമൊഴിച്ചാൽ മതിയോ? രണ്ടും കൂട്ടിക്കലർത്തി തിളപ്പിക്കുകയാണോ വേണ്ടത്? വെള്ളത്തിൽ പാലോ പാലിൽ വെള്ളമോ; ഏതാദ്യം ഒഴിക്കും?

വെള്ളം, പാല്, നിറം കൽപിക്കാത്ത വെള്ളവും നിറമുള്ള പാലും; രണ്ടും ദ്രവരൂപത്തിലുള്ളതാകയാൽ കൂട്ടിയോജിപ്പിക്കുന്നത് പ്രയാസകരമാകില്ല. എന്തായിരിക്കണം അനുപാതം? ഒന്ന് കൂടുതൽ അല്ലെങ്കിൽ കുറവ്. അല്ലെങ്കിൽ സമാസമം. തിളച്ചു മറിയുമ്പോഴാണോ ശേഷമാണോ തേയിലപ്പൊടി ഇട്ടുകൊടുക്കേണ്ടത്?

ചായ സ്റ്റീലിന്റെ കോപ്പയിലാക്കി അൽപാൽപമായിട്ടു കുടിക്കാമെന്നു വിധിയുണ്ട്. ചരുവത്തിൽ തിളപ്പിച്ച് പിടിയിൽ ചിത്രപ്പണികളുള്ള കോപ്പയിലേക്കു പകരാതെ കോപ്പ സ്റ്റൗവിനുമീതെ വെച്ചും തയാറാക്കാം. എളുപ്പം പ്രവചിക്കാനാവും ബുദ്ധിശൂന്യതയാണെന്ന്. വരട്ടെ, ഭരണത്തലവന്മാരുടെ തലയിൽനിന്ന് ചുരണ്ടി എടുക്കാനാവാത്ത ബുദ്ധി പ്രജക്ക് വേണമെന്ന വാശി അരുത്.

വിലക്കയറ്റം എല്ലാറ്റിനും തീപോലെ എരിഞ്ഞു പടരുന്നത് ഞാനും നിങ്ങളും കാണുന്നു. അവരും കാണുന്നു. ബുദ്ധിത്തല അവർ ചൊറിയുന്നു. തല ചൊറിയുന്നത് പ്രതിവിധിയല്ല. ഇന്നലത്തെ വിലയല്ല ഇന്ന്. ഇന്നത്തെ വിലയാവില്ല നാളെ. കാളയെപ്പോലെ വിറളിപൂണ്ട് പായുന്നു വില നാലു കാലിൽ (ചെറിയ ഞൊണ്ടലുണ്ട്. ആക്ഷേപിച്ച് അതിന്റെ ഒരു കാലിന് പരിക്കേൽപിച്ചിരിക്കുന്നു). മതവിദ്വേഷംപോലെ വില കൂടിക്കൂടി അങ്ങനെ. കസേരകളിൽ ഒട്ടിപ്പിടിച്ചിരുന്ന് ജനാധിപത്യത്തിന്റെ കാവലാളുകൾ അതിന്റെ തൂവലുകൾ പറിച്ചുകളയുന്നു. കാറ്റിൽ ചോര. മതേതര സംസ്കാരമഹിമയുടെ മണം. (സം–സ്–കാ–രം) ഉലക്കേടെ മൂട് !

അരിപ്പ മറന്നു. അരിപ്പയുടെ ഉപയോഗം ചായ തയാറാക്കിക്കഴിഞ്ഞേ വരുന്നുള്ളു. പഞ്ചാര പിന്നീടിളക്കിച്ചേർക്കണോ ആദ്യമേ വെള്ളം തിളക്കുമ്പോൾ ഇട്ടു കൊടുക്കണോ? പഞ്ചാരയുടെ നിറമെന്താണ്? തേയിലപ്പൊടിക്കല്ലേ വെളുത്ത നിറം? ഉപ്പിന്റെ നിറത്തിൽ തേയിലപ്പൊടി. ഉപ്പു തിന്നവൻ ഗ്ലുംഗ്ലും എന്ന് വെള്ളം കുടിക്കുമത്രേ. എവിടെ വെള്ളം? ചായ തിളപ്പിക്കാനുള്ള വെള്ളം? കുടിക്കാൻ കുറച്ചു വെള്ളം? കരിമേഘവും വെണ്മേഘവും ഇണചേർന്നുണ്ടായ ചാരമേഘം അതിന്റെ വീർത്ത വയറിൽ വെള്ളം ചുമന്ന് മുടന്തി സഞ്ചരിക്കുന്നു. അത് പെയ്യുമെങ്കിൽ മുറ്റത്തേക്ക് ഒരു ചെമ്പുപാത്രം ഇറക്കിവെക്കാം. വന്നാലും കൂട്ടരേ. ഒരു ചായ കുടിച്ചിട്ട് (തിന്നിട്ട്) (കഴിച്ചിട്ട്) പോകാം. 


മേഘനാഥൻ

ചിത്രീകരണം: രതീഷ് പൂനൂർ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.